കഥകള്‍ - കുറിപ്പുകള്‍
Loading...

തിരക്കുണ്ടെന്നൊന്നും അവള്‍ പറഞ്ഞില്ല.പക്ഷെ  വല്യേട്ടന്  ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.

"പോയി അമ്മയോട്  പറ, കുറച്ചുകൂടി അവിടെത്തന്നെ നിക്കാന്‍.." ..

പകലിലും കറുത്തു പോയ മുഖത്തു നിന്ന് പതിവിലും കറുത്ത ഒരു മൌനം തന്‍റെ സമ്മതമാക്കി അവള്‍

"പിന്നെ  കാശിന്‍റെ കാര്യാച്ചാ ഇപ്പൊന്നും നടക്കില്ല."

അവളുടെ കാതില്‍ അതൊരു കൂടം പോലെ വന്നു വീഴുകയും ചെയ്തു.

"അതിനു  ആരും ഒന്നും ചോദിച്ചില്ലല്ലോ.. അമ്മ എല്ലാരുടേം കൂട്യാണെന്നു പറയാന്‍ അമ്മയാ എന്നെ പറഞ്ഞയച്ചത്.. അല്ലാതെ മനസ്സുണ്ടായിട്ടു വന്നതല്ല.."

അകത്തും പുറത്തും പകച്ചു പോയ  സന്ധ്യാവെയില്‍

ഒരു വഴിപോക്കന്‍റെ തുറിച്ച നോട്ടവുമായി അകത്തു നിന്നും വന്നു, വല്യേടത്തി.

പതിവുപോലെ മുരടനക്കി:

"ചായ വച്ചിട്ടുണ്ട്. കുടിച്ചിട്ടു പോയാ മതി.."

മറുപടിയൊന്നും പറഞ്ഞില്ല. മുഖം കുനിച്ചിറങ്ങി.

മുവ്വാണ്ടന്‍ മാവിന്‍റെ നിഴല്‍ , ഇറങ്ങുന്നേരം മുറ്റത്തു വിരിച്ച ഒരു പരവതാനി പോലെ നീണ്ടു നിവര്‍ന്നു കിടന്നു. ഓടിച്ചാടി വളര്‍ന്നുണ്ടാക്കിയ വലിപ്പമൊന്നും പാവം അത് കാണിച്ചില്ല.

വല്യേട്ടന്‍  കൂടുതല്‍ ഒന്നും സംസാരിച്ചില്ലല്ലോ എന്നാണ്  നടക്കുമ്പോള്‍ മുഴുവന്‍ അവള്‍ ആശ്വാസത്തോടെ ഓര്‍ത്തത്. അല്ലെങ്കില്‍ പ്രാരാബ്ധങ്ങളും പരാതികളും  മാത്രം ഒരു വഴിപാടു കണക്കില്‍ പറഞ്ഞു കൊണ്ടിരിക്കും. വല്യേടത്തി  അകത്തു നിന്നും അതെല്ലാം കേള്‍ക്കണം എന്നൊരു നിര്‍ബന്ധമുള്ളതു പോലെ ഇടയ്ക്കിടയ്ക്ക് ഒച്ച കൂട്ടി ശ്രദ്ധ ക്ഷണിക്കുകയും ചെയ്യും.

ചെറിയേട്ടന്‍ അങ്ങിനെയല്ല. ഉള്ളിലുള്ളതെല്ലാം അറുത്തു മുറിച്ചു പറയാന്‍ ഒരു മടിയുമില്ല.

"ബാക്കിയുള്ളവരെയെല്ലാം നാണം കെടുത്തി ഇറങ്ങിപ്പോയതല്ലേ.. ഇനി വീണ്ടും വിളിച്ചു കൊണ്ടുവന്നു നിര്‍ത്തിയാല്‍ രണ്ടു ദിവസത്തിനൊരു കുഴപ്പോന്നും ഉണ്ടാവില്ല. പിന്നെ വീണ്ടും തുടങ്ങും. വയസ്സായാല് അതിന്‍റെ ഒരു വകതിരിവൊക്കെ വേണം. അതില്ല്യാച്ചാ  എനിക്ക് വയ്യ വണ്ടീം വലേം!"

എന്തായാലും വല്യേട്ടന്‍ അത്രത്തോളം പോയില്ലല്ലോ.

വീടെത്തുവോളം അങ്ങിനെയൊരു ആശ്വാസം  മാത്രമായിരുന്നു മനസ്സില്‍

അമ്മ മുറ്റത്തു തന്നെ ഉണ്ടായിരുന്നു.

കാടോളം വളരാന്‍ വെമ്പിനിന്ന ചെടിയും പുല്ലുമായി അപ്പോഴും  മല്‍പ്പിടുത്തം തന്നെ. പക്ഷേ അതമ്മക്കു മാത്രം. കാണുന്നവര്‍ക്ക്  മുക്കുറ്റിയോടും തുമ്പയോടും കഥ പറയുകയാണെന്നു തോന്നും വിധം അത്രമേല്‍ ശുഷ്ക്കിച്ചിരുന്നു ആ രൂപം.

" പെട്ടെന്നു വന്നൂലോ "

സ്വരത്തില്‍ നിന്നറിയാം ഉല്‍ക്കണ്ഠ.ഒളിക്കാനാത്ത എന്തോ മുഖത്തു നിന്നും കണ്ടെത്തിയിരിക്കണം. തുടര്‍ന്ന് ആത്മഗതവും.

"ആരും സമ്മതിച്ചിട്ടുണ്ടാവില്ല്യ അല്ലെ..? സാരല്ല്യ.. മുമ്പേ അറ്യാര്‍ന്നൂലോ. ഇനി അതിനു ദണ്ണിക്കണ്ടാ"

അമ്മയുടെ കൈ പിടിച്ച് എഴുന്നെല്‍പ്പിക്കുമ്പോള്‍ അവള്‍ മനപ്പൂര്‍വ്വം ചിരിച്ചു.

എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ. കരഞ്ഞു കാലു പിടിച്ചു  എന്നു നാളെ ആരും ആരെയും കുറ്റപ്പെടുത്തില്ലല്ലോ.

"ഇനിയെന്താ  അടുത്ത വഴി..? എത്രയാച്ചിട്ടാ നീയെന്നെ സഹിക്ക്യാ?"

സമനിലയുള്ള ഒരു പുഴപോലെ ഒഴുക്ക് നന്നേ കുറഞ്ഞിരുന്നു അമ്മയുടെ ചങ്കു തുരന്നു വന്ന വാക്കുകളില്‍ . കിതപ്പില്‍ ബാക്കിയുള്ളതെല്ലാം ഉള്ളിലെ കയങ്ങളില്‍ തന്നെ  മുക്കിയിട്ടുണ്ടാകും.

"അനിയനോടും  സൂചിപ്പിചിട്ടുണ്ടല്ലോ.അല്ലെ..? എന്താ മറുപടിയെന്നറിയട്ടെ.. ഇനി ഒന്നും പറ്റിയില്ലെങ്കില് വല്ല അനാഥാലയത്തിലും പോകാം."

സങ്കടം ഒന്നൊതുങ്ങും വരെ ഇങ്ങിനെയൊക്കെ പിച്ചും പേയും പതിവാണ്. ചെവി കൊടുക്കാതിരുന്നാല്‍ മതി താനേ നിര്‍ത്തും.

"ആരോടും തെണ്ടാന്‍ ഇനി ഞാനും  പോവില്ല. ആള്‍ക്കാരെന്താ പറയ്യാ? എനിക്കും കൂടി അമ്മേനെ വേണ്ടാതായീന്നല്ലേ വിചാരിക്കൂ.. ഏട്ടന്‍ ഇതറിഞ്ഞാ അതിനും വഴക്ക് ഞാന്‍ തന്നെ കേള്‍ക്കണം. "

"അപ്പൊ എന്നും ഇവിടെത്തന്നെ..? ഒടുക്കം എവട്യാ എത്വാ ആവോ..?"

അമ്മ ശ്വാസം കിട്ടാതെ നെഞ്ചു തടവി നിലത്തിരുന്നു.

"ന്താ.. കുട്ട്യോളെ കാണാത്തെ..? നാലുമണിയൊക്കെ കഴിഞ്ഞൂലോ.."

കുറേക്കഴിഞ്ഞ് കിതപ്പും പിടപ്പും ഒതുങ്ങിയപ്പോള്‍ അമ്മ ഒന്നുഷാറായി.

"കൊറച്ചു വെള്ളം കൊണ്ടുതാ മോളെ.."

അവള്‍ പതിവുപോലെ ചുക്കുമല്ലി വെള്ളം തിളപ്പിച്ചതും കൊണ്ടു വന്നു അടുത്തിരുന്നു. അമ്മ രണ്ടുമൂന്നിറക്ക് അതു കുടിച്ചു. പിന്നെ മച്ചിലേക്ക് നോക്കി ഫാനിന്‍റെ ഇലകള്‍ക്കൊപ്പം കുറെ കറങ്ങി.

"ആയ കാലത്തു തോന്നിയില്ല. പിന്ന്യാ ഇപ്പൊ.."

"ഒന്നു മിണ്ടാണ്ടിരിക്കുണ്ടോ.. ഈ അമ്മ.."

ഒച്ച കനത്തപ്പോള്‍ അമ്മ ഉള്‍ഭാവം  ഒരു ചിരിയാക്കി മാറ്റി.

"ഹാവൂ കറണ്ടുണ്ടല്ലോ.. കുട്ടി ആ ടിവിയൊന്നു വക്ക്.."

അമ്മയുടെ ചിന്തകളില്‍ നിന്നും വല്യേട്ടനും ചെറിയേട്ടനും പതിവുപടി ഇറങ്ങിപ്പോയി. ഒടുവില്‍  ഏതോ കുടുംബ സീരിയലിലെ സ്നേഹക്കിടക്കയില്‍ കയറിക്കിടന്നു  മെല്ലെ മെല്ലെ  മയങ്ങി.

ഗൌളി ഇര തേടുന്ന പഴയ മച്ചിലേക്ക്നോക്കിക്കിടക്കുമ്പോള്‍ അവള്‍ക്കും തോന്നിയതും അങ്ങിനെ ചിലതൊക്കെത്തന്നെ.

ലോകം  മുഴുവന്‍ ഒരു  ഫാനിന്‍റെ ചുറ്റുമായി ഒറ്റക്കൊറ്റക്കു കറങ്ങിക്കൊണ്ടിരിക്കുന്നതും ഇരയെ കാത്തു ഗൌളിക്കണ്ണുകള്‍ മാത്രം പുറത്തേക്കു തുറിച്ചിരിക്കുന്നതും മറ്റും.
.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Thank you for your comments

Google+ Badge

Powered by Blogger.

Facebook

Recent in Sports

Home Ads

Travel

flickr photos

Featured Posts

Pages

Recent Posts

Recent in Sports

Video Of Day

Send Quick Message

Name

Email *

Message *

Facebook

Laman

Ads

Followers

Latest in Sports

Recent

Flickr

ജാലകം