കഥകള്‍ - കുറിപ്പുകള്‍
Loading...


ഴ വന്നും  പോയും  ഇരുന്നു.

ചിലപ്പോള്‍   കുന്നോളം  കാണാന്‍  പാകത്തില്‍. കാറ്റിനൊപ്പം  മരങ്ങളില്‍   ആടിത്തിമര്‍ത്തു.

 ഉമ്മറത്തിണ്ണയിലിരുന്നു അതു  കാണുമ്പോള്‍ പലകുറി  പാത്തുട്ടിയുടെ    ഉള്ളു   പിടഞ്ഞു. പൈക്കളെ  ആട്ടിത്തെളിച്ച്  വരാറുള്ള ഉമ്മയുടെ ഓര്‍മ്മകളില്‍  പലകുറി  നനഞ്ഞു.  തട്ടം   പറത്തി  മുഖം ‌ തുടച്ചു  കരയണ്ടാ..കരയണ്ടാ എന്ന  മട്ടില്‍ തൊട്ടു   തലോടി  കാറ്റും   കാറും   പോകുന്നതു കണ്ണുനട്ടിരുന്നു.

 ഇടയ്ക്കിടെ  മുറ്റത്തെത്തുന്ന  ഇറവെള്ളം വര്‍ഷ പരിചയം   പുതുക്കി.  കയ്യിലിരുന്ന  നോട്ടീസുകള്‍ കൊണ്ടു കടലാസ്സു തോണികള്‍ ഉണ്ടാക്കി എറിഞ്ഞു കളഞ്ഞു കളിച്ചു,  മനസ്സ്.

  എങ്ങിനെയൊക്കെ  ഇരുന്നിട്ടും  പാത്തുട്ടിക്ക് ഒരു  ഇരിക്കപ്പൊറുതിയില്ല.

പുറത്തിറങ്ങണമെങ്കില്‍  മഴയൊന്നു തോരണം. പിന്നെ പാടം നീന്തിക്കടക്കണം.എന്തിനാണാവോ ഇത്ര ദൂരെ ഒരു  പോളിംഗ് ബൂത്തു കൊണ്ടു പോയി വച്ചത്?

അതുവരെ ഒന്നു  എത്തിപ്പെടണമെങ്കില്‍ ചില്ലറയൊന്നുമല്ല പാട്.
നേരെ ചിരിയുമ്മറത്തുള്ളവര്‍ക്കെല്ലാം രണ്ടടി  മാത്രം  വച്ചാല്‍ മതി. അത്ര അടുത്താണ്കിട്ടിയത്.  ഇത് വല്ലാത്തൊരു  മറിമായം  തന്നെ!

"പാത്ത്വാത്താ ..മറക്കല്ലേ ട്ടോന്നും"

പാവം  ആ കാര്‍ത്ത്യായനി  ഇന്നലെയും  വന്നു പറഞ്ഞു പോയി.

അത് ഒരോര്‍മ്മപ്പെടുത്തലായിരുന്നു.  

താത്താ  ഇതു നമ്മടെ  പാര്‍ട്ടിയാണെന്നും    ഈ വോട്ട്  ആ പാര്‍ട്ടിക്കു  തന്നെ   കുത്തണമെന്നും   പറഞ്ഞു ; പിന്നെയും  വന്നു പലരും.

ഏതോ  ഒരു  ദേവയാനി.

കണ്ടുപരിചയം    ഒക്കെയുണ്ട്. 

അവള്‍ക്കു കുത്തിയാല്‍ നാട് ഇതിലും നന്നാവുമത്രേ! പിന്നെ വന്നത് കാപ്പാട്ടെ സുഹറ.

വല്ല കല്യാണ വീട്ടിലും ചെന്നാലാണ് ഓളെ ഒന്ന് കാണാന്‍ കിട്ടുന്നതു തന്നെ.
കുറ്റം പറയാന്‍ പാടില്ലല്ലോ.

ഓള്‍ടെ വീട്ടുകാരും കുടുംബക്കാരുമെല്ലാം വലിയ സഹായങ്ങള്‍ ചെയ്തു തരുന്നുണ്ട്.  എല്ലാ പെരുന്നാളിനും ഉടുക്കാനുള്ളതടക്കം ഇവിടെ എത്തിക്കും .  അവള്‍   ജയിച്ചാല്‍  പുതിയൊരു വീടുണ്ടാക്കാന്‍ ലോണ്‍ ശരിയാക്കാമെന്നു ഒരുറപ്പും തന്നിട്ടാണ് പോയിരിക്കുന്നത്.

മഴക്കൊരു തോര്‍ച്ച കിട്ടണം.  എന്തൊക്കെയായാലും  കാര്‍ത്യായനിക്കു  കുത്തിക്കൊടുക്കണം   ഒരോട്ട്.

ഒന്നുമില്ലെങ്കിലും അവള്‍  തന്‍റെ  കൂട്ടത്തില്‍   പണിയെടുക്കുന്ന കുട്ടി .  എന്തെങ്കിലും  ഒരാവശ്യം വന്നാല്‍ ഓടിച്ചെന്നു വിളിക്കാനും  പറ്റും . നേരവും കാലവും ഒന്നും നോക്കില്ല. ഒരു കൈസഹായത്തിനു കൂടെത്തന്നെ കാണും .
ഉമ്മ കിടപ്പിലായിപ്പോയ  കാലത്തും ഓള്‍ വന്നു സഹായിച്ചതിനു കയ്യും കണക്കുമില്ല. 
കുടുംബശ്രീയില്‍ പേരു ചേര്‍ത്തതും, കക്കൂസിനുള്ള അപേക്ഷ കൊണ്ടു കൊടുത്തതും ഒന്നും  ആരും നിര്‍ബ്ബന്ധിച്ചിട്ടല്ല. കൂലിപ്പണിയായാലും അതൊരു കിട്ടലായിരുന്നു.  ഒന്നും മറക്കാന്‍  പറ്റില്ല. 

ജീപ്പും  ഓട്ടോയും  ഒക്കെ  തലങ്ങും  വിലങ്ങും ഓടുന്നുണ്ട്.  ഇടക്കിടക്കുള്ള   മഴയൊഴിച്ചലില്‍ പടിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നു.  മഴക്കിടയില്‍  ഒന്നു  രണ്ടു  കുറി  ആരൊക്കെയോ  പേരു വിളിക്കുന്നതും കേട്ടു.

അയല്‍ക്കാരെല്ലാം  എപ്പോഴോ  പോയിട്ടുണ്ടാകും.  പറഞ്ഞിട്ടെന്താ കാര്യം ?  ഒന്നു   പുറത്തിറങ്ങാന്‍ സമ്മതിക്കണ്ടേ ഈ കാല്.
                              
മഴയുടെ   ഈ   മൂടിപ്പിടിത്തത്തിനൊപ്പം  കൂടെ  കൂടിയതാണ്.  ഇടത്തെ  മുട്ടില്‍  നീരും  വേദനയും. കുഴമ്പു  തേച്ചും ചൂടു  പിടിപ്പിച്ചും  ഒന്നു  രണ്ടു ദിവസമായി ഈ  കുത്തിയിരിപ്പു തന്നെ. അതൊന്നുമല്ല  കുന്തം!  ഈ  വണ്ടിപ്പുക  തട്ടിയാല്‍ മതി. ഓക്കാനവും പിന്നെ ചര്‍ദ്ദിയുംവരും.  പറഞ്ഞിട്ടു കാര്യമില്ല. പണ്ടു പണ്ട് ഉമ്മ  പെറ്റിട്ടപ്പം ഒപ്പം  കൂടി  ഈ സുഖക്കേടും .

പക്ഷെ  ഇങ്ങിനെ ചിന്തിച്ചു കൊണ്ടിരുന്നാല്‍ കാര്യങ്ങള്‍  ഒന്നും  നടക്കില്ലല്ലോ.  വയ്യ   വയ്യാന്നു വിചാരിച്ചു  കൊണ്ടിരുന്നാല്‍  ആരും  ഒന്നും വായിലേക്കു  വച്ചു  തരാനും  പോകുന്നില്ല.

കുത്തിച്ചാടിയാണെങ്കിലും നാളെ മുതല്‍  പണിക്കു പോകേണ്ടതാണ്. പിന്നെ ഇന്നു  ഒന്നു രണ്ടു  മണിക്കൂര്‍ ഒന്നു നടന്നു പോയെന്നു കരുതി കാലു തേഞ്ഞു പോവുകയൊന്നുമില്ല.

പണിക്കിടാറുള്ള   ഒരു  മഴക്കുപ്പായം  അകത്തു കിടക്കുന്നുണ്ട്.  രണ്ടു  മൂന്നു  വോട്ടുള്ളത് എന്തിനു വെറുതെ  കളയണം ? മഴയെങ്കില്‍ മഴ. വെയിലെങ്കില്‍ വെയില്‍. അല്ലെങ്കിലും ഈ മഴയും വെയിലും ഇന്നും ഇന്നലേയുമൊന്നും കൊള്ളാന്‍ തുടങ്ങിയതല്ല.

പാത്തുട്ടി  അടുക്കളയില്‍  കയറി ഇത്തിരി പഴഞ്ചോറുള്ളതു  വാരിത്തിന്നു.                                         
അലക്കിത്തേച്ച  കുപ്പായത്തിനുള്ളില്‍  നിന്നു കൊണ്ട്  പൊട്ടിയ  കണ്ണാടിയില്‍  നോക്കിയപ്പോള്‍ പാത്തുട്ടിക്കു  പതിവുള്ള പഴയ ചിരി വന്നു . 
വീട് പേരിനൊന്നു പൂട്ടിയെന്നു വരുത്തി.
പിന്നെ, മഴയെ തോല്‍പ്പിക്കാനൊന്നും അല്ലെന്നു മനസ്സില്‍ പറഞ്ഞു  മെല്ലെ മെല്ലെ പണിക്കുപ്പായത്തില്‍ കയറിപ്പറ്റി.

ഉപ്പിണിപ്പാടം അടുത്ത കാലത്തൊന്നും ഇങ്ങിനെ നിറഞ്ഞു  കിടക്കുന്നത്  കണ്ടിട്ടില്ല.  തോട്ടിലൂടെ കലങ്ങിയോഴുകി വരുന്നുണ്ട്  തെക്ക്   പെയ്ത മലവെള്ളം മുഴുവന്‍. പൊളിഞ്ഞ പാലം മുക്കാലും  അതില്‍ മുങ്ങിക്കിടക്കുന്നു. പാടത്ത് പേരിനുള്ളതു പോലെയാണ്  വരമ്പിന്‍റെ   വരികള്‍.  അതിന്‍റെ നടുക്കും തലക്കുമുള്ള പൊത്തുകളിലെല്ലാം ഉള്ളത്  പാമ്പും  ചേമ്പും  മാത്രം.

വെറും  വയറ്റില്‍  കിടക്കുന്ന    പാടത്തിന്‍റെ നടുക്കെത്തിയപ്പോള്‍  മാത്രം പഴയ  പതിനേഴുകള്‍  സ്വപ്നം കണ്ടു  ഒന്നു  കലങ്ങിയൊലിച്ചു.

ആകാശം  മുഖക്കറുപ്പില്‍  നിന്നതു   കണ്ടു പിടിച്ചിരിക്കണം, പകലിനെ നാണം കേടുത്തിയ ഒരു മിന്നല്‍  കൊണ്ട്  അതു  പാത്തുട്ടിയെ  പരീക്ഷിച്ചു. പാത്തുട്ടി  അപ്പോഴും പുല്ലാണെന്ന മട്ടില്‍ ചിരിച്ചു.

ഒടുവില്‍   കുറുക്കന്‍റെ   കല്യാണത്തിനെന്ന പോലെ  ഇടയ്ക്കു  വന്ന  ഒരു  വെയില്‍ക്കുടയില്‍ കയറി നിന്നു.

വരമ്പിനപ്പുറം,  നിറഞ്ഞ   തോടും   വെള്ളം കയറിയ കല്ലിട്ട  വഴിയും കടന്നു പോളിംഗ് ബൂത്ത് പാത്തുട്ടിയുടെ   അടുത്തേക്ക്  അരിച്ചരിച്ചും മെല്ലെ കിതച്ചും  വന്നു കൊണ്ടിരുന്നു.
Next
Newer Post
Previous
This is the last post.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Thank you for your comments

Google+ Badge

Powered by Blogger.

Facebook

Recent in Sports

Home Ads

Travel

flickr photos

Featured Posts

Pages

Recent Posts

Recent in Sports

Video Of Day

Send Quick Message

Name

Email *

Message *

Facebook

Laman

Ads

Followers

Latest in Sports

Recent

Flickr

ജാലകം