കഥകള്‍ - കുറിപ്പുകള്‍
Loading...

   മുപ്പത്തഞ്ചു  വര്‍ഷം മുമ്പ് ദല്‍ഹിയില്‍ ഉണ്ടായിരുന്ന തരക്കേടില്ലാത്ത ജോലിയും  കളഞ്ഞു ഒരു ടാക്സി കാറു വാങ്ങി, മമ്മതിനും സുകുമാരനും  ഉണ്ണിക്കുമൊപ്പം നാട്ടിലെ ടാക്സി സ്റ്റാന്‍ഡില്‍ വന്നു പെട്ട തന്‍റെ "കുട്ടിക്കാലം"  കൃഷ്ണനാരായണനെന്ന ഒരാള്‍  ഓടുന്ന  ബസ്സിലിരുന്നുകൊണ്ട്  ഓര്‍ത്തു.

അതേ ബസ്സില്‍ നിന്നും കൂട്ടുപാതയില്‍ ഇറങ്ങിയ ശേഷം  അടുത്ത  ബസ്സും കാത്തു പീടികത്തിണ്ണയില്‍ നില്‍ക്കുമ്പോള്‍ ഉണ്ണിയെന്നയാള്‍ തന്‍റെ "കുട്ടിക്കാലത്തെ" കൃഷ്ണനാരായണനെ തിരിച്ചും  ഓര്‍ത്തു.

നല്ല  നായര്‍ തറവാട്ടിലെ മൂത്ത സന്തതിയായിരുന്നു കൃഷ്ണനാരായണന്‍ . വേണ്ടുവോളം  വിദ്യാഭ്യാസം. പോരെങ്കില്‍  സമ്പന്ന കുടുംബാംഗം. വണ്ടിയോടിച്ചു ജീവിക്കേണ്ട ഗതികേടൊന്നും ഇല്ല. എന്തിന്‍റെ കേടുകൊണ്ടാണാവോ ജോലി കളഞ്ഞു  ചക്കടാ വണ്ടിയുമായി ഇവിടെ വന്നു കൂടിയതെന്നു ഒരു നാടു മുഴുവന്‍ ചോദിച്ചു നടന്നിരുന്ന കാലം.

എല്ലാം  ദൈവഹിതം എന്നു മുതിര്‍ന്നവരെല്ലാം പറഞ്ഞു. അതിലിടക്ക്  താഴ്ന്ന ജാതിയിലുള്ള ഒരു പാവപ്പെട്ട പെണ്‍കുട്ടിയുമായി അടുപ്പം.. ഒടുവില്‍ കുടുംബക്കാരെയെല്ലാം  വെല്ലുവിളിച്ചു  വിവാഹം. പിന്നെ  അധികം കഴിയാതെ  വിവാഹമോചനം.
  
അന്നത്തെ ആ കാലം..! താന്‍ തന്നെ പെട്ടെന്നെടുത്ത ഒരു പൊട്ടത്തരം.  രായ്ക്കുരാമാനം  നഗരത്തിലുള്ള  ശ്രീനാരായണഗുരുമന്ദിരത്തിലെ വിവാഹ മണ്ഡപത്തിലേക്ക്   ഉണ്ണിയേയും കൂട്ടി പോയതു കൃഷ്ണനാരായണനും ഓര്‍ത്തു.

അങ്ങിനെ എന്തൊക്കെയോ കഴിഞ്ഞു എന്നുമാത്രം ഇന്നു സമാധാനിക്കാം. എല്ലാം ദൈവഹിതമായിരിക്കും. പിന്നീട് അതേ നഗരത്തിലെ  മനോരോഗാശുപത്രിയിലേക്കും ആരൊക്കെയോ കൂടി  ഈ ഉണ്ണിയുടെ വണ്ടിയിലിട്ടാണ്  തന്നെ കൊണ്ടുപോയത്. ഒരു സ്വപ്നം പോലെ അങ്ങിനെ എന്തെല്ലാം  മനസ്സില്‍ കിടക്കുന്നു ? 

വളരെക്കാലത്തിനു ശേഷം ആ   ഉച്ചക്കു പട്ടാമ്പിയില്‍ നിന്നും കറുകപുത്തൂരിലെക്കുള്ള ബസ്സില്‍ വച്ചു തങ്ങള്‍ കണ്ടുമുട്ടിയതു ഉണ്ണിയും   കൃഷ്ണനാരായണനും അപ്പോള്‍ മറന്നു.

ഇരുപതു  വര്‍ഷത്തെ മാറ്റം രണ്ടു  മുഖത്തും ഉണ്ടായിരുന്നു. എങ്കിലും ഇരുവര്‍ക്കും  ഇതില്‍ കൂടുതല്‍ തോന്നിയിരിക്കണം, കൃഷ്ണനാരായണന്‍ ചോദിച്ചു:

"ഒരു പത്തു മുപ്പതു കൊല്ലായിട്ടുണ്ടാവും നമ്മള്‍ കണ്ടിട്ട്.. അല്ലെടോ..?"

"ഏയ്‌.. അതൊന്നും ല്ല്യ.."

ഉണ്ണി   തിരുത്തി:

"ഒരു ഇരുപതു  കൊല്ലം കഴിഞ്ഞിട്ടുണ്ടാകും. ഇതുപോലെ പട്ടാമ്പീന്നു വരും വഴി താനും കുട്ട്യോളും ഒക്കെക്കൂടി ഇതുപോലെത്തന്നെ ഒരു ബസ്സിലുണ്ടായിരുന്നു. താനന്നു ഭാര്യ വീട്ടീന്നു വരണ വഴ്യായിരുന്നു."

"ശര്യാവും.. തൊട്ടേനും പിടിച്ചേനും ഒക്കെ ഈ പട്ടാമ്പിയല്ല്യെ നമ്മക്കൊക്കെ  ശരണം.."

കൃഷണ നാരായണന്‍റെ പഴയ ചിരി.

"താനിപ്പോ നാട്ടിലുണ്ടോ ..അതോ.."

"ഒന്നോന്നരക്കൊല്ലായി വന്നിട്ട്.. ഇനി നാട്ടിത്തന്നെ കൂടാന്നു വച്ചു.."
ഉണ്ണി ഉള്ളില്‍ ചുട്ടെടുത്ത ശ്വാസം കൃഷ്ണനാരായണന്‍റെ മുഖത്തും തട്ടി. അയാള്‍ പറഞ്ഞു:

"അതന്നെ നല്ലത്..മ്മക്കൊക്കെ വയസ്സായില്ലേടോ.. കൊറേ കഷ്ട്ടപ്പെട്ടതല്ലേ.. ഇനി മ്മടെ നാട്ടിലൊക്കെ എങ്ങനെങ്കിലും അങ്ങട്ടു കഴിയന്ന്യേ...ല്ലേ "

"അതെ,അല്ല.. പിന്നെ എന്താപ്പവിടത്തെ ഒരു ചൂട് സഹിക്കാന്‍  പറ്റില്ല്യടോ..അതല്ല..താനിപ്പോ..?"

"ഞാനെടോ അഞ്ചുപത്തു കൊല്ലായില്യെ ഇവട്യായിട്ടു.. കൊഴപ്പോന്നും ല്ല്യ. മൂത്തോന്‍ എഞ്ചിനീയറാ, ദുബായില്. ഒരു ഒന്നിന്‍റെ മേലെ ഒക്കെ കിട്ടും. ഇപ്പൊ വന്നു കല്യാണൊക്കെ കഴിഞ്ഞു പോയി. പിന്നെ താഴെള്ള കുട്ടി എംബിയെക്കു പഠിക്കുണു.. കൊഴപ്പോന്നുല്ല്യ. ഒക്കെ ദൈവസഹായം.."

"പിന്നെ.. തന്‍റെ  കുട്ട്യോളൊക്കെ ഒരു നെലേലായില്ലേടോ..? സ്വസ്ഥായോ..?

"കുട്ട്യോള്."

ഉണ്ണി  ഞാങ്ങാട്ടിരി കയറ്റം കയറുന്ന ബസ്സിനൊപ്പം ഒന്നുലഞ്ഞു.

"കൊറേ ഡോക്ടര്‍മാരെയൊക്കെ കണ്ടു.. ഒരു കാര്യോം ണ്ടായീല.."

"ആ  അങ്ങന്യാണോ.. എന്താ ചെയ്യ്വാ.. ഒക്കെ ദൈവം തന്നെ തരണം.. അപ്പൊ രണ്ടാളുംകൂടി വീട്ടില് ഒറ്റക്കങ്ങിനെ കഴ്യാല്ലേ.."

"വീടോ..! അതും ണ്ടായില്ല്യ.. അല്ല ഇനിപ്പം എന്തിനാ..?"

"അപ്പൊ കുടുംബം..?"

"ഇപ്പൊ ഒറ്റക്കായടോ.. അനിയന്‍റെ കൂടെ ഇങ്ങന്യൊക്കെ കഴീണു.."

ഉണ്ണി വീണ്ടും ചുട്ടെടുത്ത  കുറെ നിശ്വാസം മാത്രം പുറത്തു വിട്ടു.

കൃഷ്ണനാരായണന്‍  കഥയറിയാതെ  മുഖത്തേക്കു നോക്കിയപ്പോള്‍  ഉണ്ണിയുടെ മുന്നില്‍ കൂ ട്ടുപാത.
  
"ശരി.. ഞാനിവിടെ ഇറങ്ങട്ടെ.. എടക്കെടക്ക്  ഇങ്ങിനെ കാണാല്ലോ..?"

" കാണാം"

ബസ്സിറങ്ങിയ ഉണ്ണിയെ  കൃഷ്ണനാരായണന്‍ വീടെത്തുവോളം മനസ്സിലിട്ടുരുട്ടി. ഉണ്ണി.. ഒരു.. പാവം..

ഉണ്ണിയും  ഓര്‍ത്തു:

കൃഷ്ണനാരായണന്‍... ഭാഗ്യവാന്‍ ..

വീട്.. ഭാര്യ.. കുട്ടികള്‍ ..
 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Thank you for your comments

Google+ Badge

Powered by Blogger.

Facebook

Recent in Sports

Home Ads

Travel

flickr photos

Featured Posts

Pages

Recent Posts

Recent in Sports

Video Of Day

Send Quick Message

Name

Email *

Message *

Facebook

Laman

Ads

Followers

Latest in Sports

Recent

Flickr

ജാലകം