കഥകള്‍ - കുറിപ്പുകള്‍
Loading...


        ഭൂതകാലസ്മരണകളില്‍ മുങ്ങിപ്പോവുകയാണ് ഈ റംസാനിലെ പുണ്യദിനരാത്രങ്ങള്‍ .

പുറം കാഴ്ചകളിലാവട്ടെ ഇതുവരെ മഴയില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു ഭൂമിയും ആകാശവും.  വിശപ്പും ദാഹവും മറന്ന് മഴയിലേക്കും മരങ്ങളിലേക്കും നോക്കിയിരിക്കുമ്പോള്‍ ശാരീരികമായ ക്ലേശങ്ങള്‍ സമ്മാനിക്കാതെ സൌമ്യതയോടെ  ഉദിച്ചസ്തമിച്ചു കൊണ്ടിരുന്നു വ്രതവിശുദ്ധിയുടെ പകലുകള്‍ .

കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ ഇത്തരം സവിശേഷതകള്‍ ഒന്നും ഉണ്ടായിരുന്നില്ല. മരുഭൂമിയുടെ ചൂടും തണുപ്പും കാറ്റും വിയര്‍പ്പും ഒക്കെ ആവാഹിച്ചു മുന്നിലെത്തിക്കുന്ന ഒമാനിലെ രാപ്പകലുകള്‍ . അതാവോളം സഹിച്ച മനസ്സിന്റെ മുഷിപ്പും മരവിപ്പും. പ്രവാസമെന്ന ഓമനപ്പേരില്‍ അനുഭവിച്ചുകൊണ്ടിരുന്നതെല്ലാം അപ്പോള്‍ വെറും ജീവിതപ്രാരാബ്ധങ്ങള്‍ മാത്രമായി കരുതാനും കഴിയില്ല. ജീവിത പാഠങ്ങള്‍ അല്ലെങ്കില്‍ പരീക്ഷണങ്ങള്‍ അതുമല്ലെങ്കില്‍ സൌഭാഗ്യങ്ങള്‍ എന്നൊക്കെ   അതിന്   മറ്റു  പല നിര്‍വ്വചനങ്ങളും ഉണ്ടായെന്നു വരും.

രണ്ടു പതീറ്റാണ്ടിലധികമായി എല്ലാ അറബിനാടുകളിലുമെന്ന പോലെ ഒമാനിലും റമളാന്‍ ‍ ആഗതമാകുന്നത് കൊടുംചൂടില്‍ത്തന്നെയാണ്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി റംസാന്റെ ഏതാണ്ട് അവസാനത്തോടെ തണുപ്പ് കടന്നു വരാറുണ്ടായിരുന്നു. ഇക്കുറി അതെങ്ങിനെയായിരിക്കുമെന്ന് അറിയില്ല.

വിയര്‍പ്പിലും പൊടിക്കാറ്റിലും ദൂരക്കാഴ്ചകള്‍ മങ്ങിപ്പോകുന്ന സന്ധ്യകള്‍ . വരണ്ട ചുണ്ടുകള്‍ നനക്കാന്‍ ഉമിനീരുപോലും ഇല്ലാതെ മഗരിബിന്റെ ബാങ്ക് വിളിക്ക് കാതോര്‍ത്തിരിക്കുന്ന ഭാഷവേഷഭൂഷാദികള്‍ കൊണ്ട് വ്യത്യസ്തരായ സഹോദരങ്ങള്‍ . നഗരമെന്നൊ നാട്ടിന്‍പുറമെന്നൊ വകഭേദമില്ലാതെ എവിടെയും ഒരു പ്രവാസിക്ക്  കാണാന്‍ കഴിയുന്നവയാണല്ലോ ഈ വക കാഴ്ച്ചകള്‍ .

ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. പ്രകൃതിപോലും  ഒരു സുകൃതമായി മുന്നില്‍ നില്‍ക്കുന്ന ഈ ദൈവത്തിന്‍റെ സ്വന്തം നാട്. പക്ഷെ, ഇവിടെ ബഹുഭൂരിപക്ഷത്തിനും കടലിനപ്പുറത്തുള്ളത് സ്വര്‍ണം കൊയ്യുന്ന അക്കരപ്പച്ച. മരുഭൂമിയിലെ തീക്കാറ്റും പൊടിയും കൊണ്ട് വിശപ്പടക്കിയവര്‍ ഒരുക്കൂട്ടിവച്ച്  അയച്ചുകൊടുക്കുന്ന പിടക്കുന്ന നോട്ടുകളും പോക്കറ്റിലിട്ട് നഗരത്തിലേക്ക് കുതിക്കുന്ന ബന്ധുമിത്രാദികള്‍.  അപ്പോള്‍ മിക്കവരുടെയുള്ളിലും ദഹിപ്പിക്കുന്ന  മരുഭൂമിയില്ല. അതുകൊണ്ടു തന്നെ അവിടെ  ചൂടും, വിയര്‍പ്പും, പൊടിക്കാറ്റും, തീക്കാറ്റുമില്ല. അതില്‍പ്പെട്ടു പമ്പരം കറങ്ങുന്ന മക്കളും ഭര്‍ത്താവും സഹോദരനുമില്ല.

അതൊക്കെ മറ്റൊരു കഥ! അതവിടെ നില്‍ക്കട്ടെ.

പറഞ്ഞുവന്നത് ഒമാനിലെ നോമ്പുതുറയെക്കുറിച്ചാണ്. പ്രാദേശികമായി ചില ഏറ്റക്കുറച്ചില്‍ ഒക്കെ കാണുമെങ്കിലും മിക്കവാറും പള്ളിമുറ്റങ്ങളെല്ലാം സന്ധ്യകളില്‍ ജനങ്ങളാല്‍ സജീവമായിരിക്കും.  നോമ്പുതുറയില്‍  വിളമ്പുന്നവയില്‍ അധികവും പരമ്പരാഗതമായ  ഒമാനിവിഭവങ്ങള്‍ . എങ്കിലും അതില്‍ പങ്കുകൊള്ളുന്ന വിദേശീയരുടെ എണ്ണം എന്നും വളരെയധികം കൂടുതല്‍ തന്നെ.

ബിരിയാണി, കുബ്ബൂസ്, കാവ, ഖജൂര്‍, ഹല്‍വ, അലിസ, ലൂബിയ, കസ്ടാര്‍ഡ്, മോര്, സര്‍ബത്ത്, പഴവര്‍ഗങ്ങള്‍, മധുരപലഹാരങ്ങള്‍ , ലഭ്യതക്കനുസരിച്ച്  ഇനിയും നീളാം പേരറിയാത്ത ഭക്ഷണപദാര്‍ത്ഥങ്ങളുടെ നിര.

വലിയ കുറച്ചു പള്ളികളില്‍ അവ വിതരണം നടത്തുന്നത് ഭരണാധികാരികളുടെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലായിരിക്കും. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ എന്നും അതെല്ലാം സ്വകാര്യവ്യക്തികളുടെ സംഭാവനകള്‍ തന്നെ. പാരമ്പര്യമായി  അവര്‍ മുടക്കമൊന്നും വരുത്താതെ അത് ഭംഗിയായിതുടര്‍ന്ന് കൊണ്ടിരിക്കുന്നുമുണ്ട്.

പള്ളിമുറ്റങ്ങളില്‍ അരങ്ങേറുന്ന ഈ നോമ്പുതുറയില്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത എത്രയാളുകള്‍ വന്നെത്തിയാലും ഉള്ളത് പങ്കിട്ടുകൊണ്ട് സംതൃപ്തിയോടെ  നോമ്പ്തുറന്നു  പോകാം എന്നത് തന്നെയാണ്. അമിതാഹാരം എന്ന അപകടകരമായ പ്രവണത അവിടെ കാണപ്പെടാറില്ലെന്നു തന്നെ പറയാം. മറ്റെല്ലാ കാര്യത്തിലും നബിചര്യകള്‍ പിന്തുടരുന്ന ഒട്ടു മിക്കപേരും ഭക്ഷണകാര്യത്തില്‍ മാത്രം അതിനു മടിക്കുന്നുണ്ടെന്നത്  സര്‍വ്വസാധാരണമായ ഒരു സത്യം മാത്രം. 

ചില കൊച്ചുപള്ളികളില്‍ ചെന്നു കയറുമ്പോള്‍ നാം ആശയക്കുഴപ്പത്തില്‍ പെട്ടുപോയെന്നു വരും. അത്രയും ഹൃദ്യമാണ് അവിടെ കാണുന്ന കാഴ്ച്ചകള്‍ . നിറഞ്ഞ ചിരിയുടെ  നിഷ്കളങ്കതയോടെ വന്നെത്തുന്നവരെയെല്ലാം സ്വീകരിച്ചിരുത്തുന്ന ആഥിത്യമര്യാദകള്‍ ചിലപ്പോള്‍ നമുക്കപരിചിതമായതാവാം അതിന്റെ പ്രധാനകാരണം. ഒമാനികളുടെ ഹൃദയവിശാലതയിലേക്കിറങ്ങിച്ചെല്ലാന്‍ അപ്പോള്‍ ഒരു നോമ്പുകാരന് മടിയൊന്നും  തോന്നുകയില്ല.

ആര്‍ഭാടവും പൊങ്ങച്ചവും വിളമ്പി പ്രദര്‍ശിപ്പിക്കുന്ന വെറും ചടങ്ങുകളായിത്തീരുന്നില്ല ഇവയൊന്നും തന്നെയെന്നുള്ളത് അതിലേറെ ആശ്വാസപ്രദമാണ്. പ്രാഥമികമായ ചില പരിചയപ്പെടലുകള്‍ കഴിഞ്ഞാല്‍പ്പിന്നെ അവിടെക്കൂടിയ ആളുകള്‍ക്കിടയില്‍ ആര്‍ക്കിടയിലും അതിഥികളെന്നൊ ആതിഥേയരെന്നൊ എന്ന വേര്‍തിരിവും കാണില്ല. വ്രതചാരികള്‍ എന്ന ഒരൊറ്റ വിഭാഗം മാത്രം.

മനസ്സില്‍ മായാതെ കിടക്കുന്ന അതില്‍ ചില കാഴ്ച്ചകള്‍ .    

മസ്കറ്റ് സോഹാര്‍ ദേശീയപാതയില്‍ നസീം ഗാര്‍ഡനടുത്തുള്ള ഒരു പള്ളിയില്‍ വിപുലമായ നോമ്പ് തുറക്ക് ശേഷം പ്രാര്‍ത്ഥന കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ ഒരു മലയാളി പുഞ്ചിരിയോടെ കാത്ത് നില്‍ക്കുന്നുണ്ടാകും. പ്ലാസ്റ്റിക് ട്രേയില്‍ അലുമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ട് ഭംഗിയായി പാക്ക് ചെയ്ത ഒരു പാര്‍സല്‍ അയാള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. പക്ഷെ,അതിനു മുമ്പൊരു ചോദ്യമുണ്ട്. ഒമാനി.. ഹിന്ദി..?

ഹിന്ദിയെന്നു നിങ്ങള്‍ പറയുമ്പോള്‍ പാര്‍സലില്‍ മാറ്റം വരും. അതിനകത്ത് പപ്പടവും അച്ചാറും അധികം കാണും!

റസ്താക്കിനടുത്തുള്ള അവാബിയെന്ന ഗ്രാമത്തില്‍   ഒരു കണ്ണൂര്‍ക്കാരന്‍ ഹാജിയുടെ ഹോട്ടലുണ്ട്. മൂന്നു പതീറ്റാണ്ടിലധികമായി അവിടെ ഈ പതിവ്  തുടര്‍ന്നുവരുന്നുണ്ട്. എല്ലാദിവസവും അവിടെയെത്തുന്നവര്‍ക്കെല്ലാം വിഭവസമൃദ്ധമായ നോമ്പുതുറ. മറ്റെവിടെയും കിട്ടാത്ത കണ്ണൂരിലെ ഒട്ടുമിക്ക ഐറ്റങ്ങളും അവിടെ കാണും.

ബര്‍ക്കക്കടുത്തുള്ള ഒരു ചെറിയപള്ളിയില്‍ കാവ പകര്‍ന്നു നല്‍കാനിരിക്കുന്നത് ജില്ലാകലക്ടറുടെ പദവി വഹിക്കുന്ന ഒരു വിശിഷ്ടവ്യക്തിത്വമാണെങ്കില്‍ നിസ്വയിലെ ഒരുള്‍ഗ്രാമത്തില്‍  ഉന്നതനായൊരു പോലീസ്‌ ഉദ്യോഗസ്തനായിരിക്കും നമ്മെ സന്തോഷത്തോടെ സല്‍ക്കരിക്കാനിരിക്കുന്നത്. എവിടെനിന്നോക്കെയോ എത്തിപ്പെടുന്നവര്‍. എവിടേക്കൊ വന്നുപോകുന്നവര്‍. ആര്‍ക്ക് ആരെ തിരിച്ചറിയാന്‍?

റസ്താക്കിലെ ഒരു കൊച്ചുഗ്രാമത്തില്‍ കൊട്ടാരസമാനമായ തന്റെ വീടിനു മുന്നിലെ വേപ്പുമരച്ചുവട്ടില്‍ ഗവര്‍മെന്റ് സര്‍വ്വീസില്‍ ഉന്നതപദവി വഹിക്കുന്ന ഒരുദ്യോഗസ്ഥന്‍ വൈകുന്നേരങ്ങളില്‍ കാവയും രുചിച്ചുകൊണ്ട് ഇരിക്കുന്നത് കാണാം. ചിരിച്ചും തമാശകള്‍ പങ്കുവച്ചും  മിക്കപ്പോഴും  അടുത്തിരിക്കുന്നുണ്ടാവും മുനിസിപ്പാലിറ്റിയില്‍ സ്വീപ്പര്‍ ആയി ജോലിനോക്കുന്ന അദ്ദേഹത്തിന്‍റെ അയല്‍ക്കാരന്‍. മുന്‍പരിചയം ഒന്നും ഉണ്ടാവണമെന്നില്ല, ആ വഴി കടന്നുപോകുന്ന നമ്മെയും  ഒരിറക്ക് കാവയുടേയും ഒരീത്തപ്പഴത്തിന്റെയും രുചിയനുഭവിപ്പിച്ചിട്ടെ വിട്ടയക്കൂ. പിന്നീട് ഒരിക്കലും മനസ്സില്‍ നിന്നും മാഞ്ഞുപോവില്ല ആ മധുരം.

അല്‍ഹാസത്തെ സൈഫ്‌, നക്കലിലെ അബ്ദുള്ള, റസ്താകിലെ സൌദ്‌, ബില്ലയിലെ ഖാലിദ്‌ …

ആദരിക്കാനും അനുകരിക്കാനും അര്‍ഹതയുള്ള എത്രയെത്ര മനുഷ്യജന്മങ്ങള്‍ ..!


*ചിത്രം ഗൂഗിളില്‍ നിന്ന് 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Thank you for your comments

Google+ Badge

Powered by Blogger.

Facebook

Recent in Sports

Home Ads

Travel

flickr photos

Featured Posts

Pages

Recent Posts

Recent in Sports

Video Of Day

Send Quick Message

Name

Email *

Message *

Facebook

Laman

Ads

Followers

Latest in Sports

Recent

Flickr

ജാലകം