കഥകള്‍ - കുറിപ്പുകള്‍
Loading...

     ഖലിലെ മലനിരകളിലേക്ക് നോക്കിയിരുന്നാല്‍ തന്നാബിന്‍റെ മനസ്സില്‍ ഇരമ്പുന്നത് ഒരു കൊതിക്കടല്‍ .ഒരിക്കലെങ്കിലും ആ മലനിര കയറിച്ചെല്ലാന്‍ അയാളുടെ മനസ്സ് അത്രയധികം കൊതിച്ചു. മഞ്ഞുമേഘങ്ങള്‍ ചുമന്ന ആ മലനിരകളില്‍ നിന്നാണ് അയമോദകത്തിന്റെ ഔഷധസുഗന്ധമുള്ള ഈറന്‍ കാറ്റ് വിദൂരസമതലങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നത്. അതിന്റെ പാറക്കൂട്ടങ്ങള്‍ക്കിടയിലുള്ള അറബിത്തേന്‍ കൂടുകളുടെ കഥകളാണ് ആ കാറ്റ് കാതിലെത്തിക്കുന്നത്. ‍ഉടുമ്പും മുയലും കലമാനും ഒക്കെ മേയുന്ന അതിന്റെ താഴ്വാരം അയാളെന്നും സ്വപ്നം കാണുന്നുണ്ട്.

      അര്‍ബാബുമായി ചിരിച്ചുകളിച്ചിരിക്കുന്ന നേരത്തായിരിക്കും ചിലപ്പോള്‍ ഒരാത്മഗതം പോലെ തന്നാബ് പറയുക:

     "വാഹദ് യൌം അന ഫീ റാഹ് മിന്നാക് "   (ഒരു ദിവസം ഞാനവിടെ പോകും)
     "അന്ത മജ്നൂന്‍ "  (നീ പ്രാന്തനാണ് )
     "ലാ..ലാ.. അര്‍ബാബ് ശുഫ് ..അന കലാം സ്വഹി..വാഹദ് യൌം അന ലാസിം റാഹ്" (അല്ല..അര്‍ബാബ് നോക്കിക്കൊ.. ഞാന്‍ പറയുന്നത് സത്യമാണ്.ഒരു ദിവസം ഞാന്‍ തീര്‍ച്ചയായും പോകും)
ലാ..ഹൌല ഹൌല ഒലാ കുവ്വത്ത....

      അവിശ്വസനീയമായതെന്തൊ കേള്‍ക്കുന്ന പോലെ അര്‍ബാബ് തലയാട്ടുകയും നരച്ച താടിതടവുകയും ചെയ്യും.പിന്നെ മറ്റുള്ളവരെ നോക്കി ചെറുപുഞ്ചിരിയോടെ തന്നാബിന്‍റെ ആവേശത്തെ അഭിനന്ദിക്കും.

     "ഹ..ഹ..ഹാദ ശൈത്താന്‍ " (ഇത് ചെകുത്താനാണ് )

     അങ്ങിനെയൊരു ചെറുചിരി മുഹമ്മദ്‌ ബിന്‍ അലി ബിന്‍ സൈദിന്റെ ചുവന്ന വട്ടമുഖത്തിന് ഇടയ്ക്കും തലക്കുമൊക്കെ ഒരലങ്കാരമായിത്തീരുന്നു. സ്നേഹവും  ദയയും അപൂര്‍വ്വമായും വെറുപ്പും കോപവും നിര്‍ല്ലോഭവും ആ  ചിരിയിലൂടെയാണ് മിക്കപ്പോഴും ഞങ്ങള്‍ക്ക് മുമ്പില്‍ പ്രകടിക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെയായിരിക്കണം, ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതൊരു കൊലച്ചിരി മാത്രമായാണ് എന്നും തോന്നിയിരുന്നത്.

     പക്ഷേ, തന്നാബിന്‍റെ കാര്യം ഇതില്‍നിന്നെല്ലാം തീരെ വിത്യസ്തമായിരുന്നു.തന്നാബിന് അര്‍ബാബിനോടും അര്‍ബാബിന് തന്നാബിനോടും ഉണ്ടായിരുന്ന പ്രത്യേക മമത വാക്കുകള്‍ക്കതീതമായിരുന്നു.എപ്പോഴും എന്തിനും ഏതിനും അര്‍ബാബിന്റെ നിഴലായി തന്നാബ് കൂടെയുണ്ടാകും. ദൈനം ദിനകാര്യങ്ങളായാലും മറ്റുള്ളവരുടെ സ്വകാര്യമായ ആവശ്യങ്ങളായാലും എന്തും അര്‍ബാബിന്റെ മുന്നില്‍ നിര്‍ഭയം അവതരിപ്പിക്കാനുള്ള അവകാശവും സാമര്‍ഥ്യവും എല്ലാം തന്നാബിന് മാത്രം സ്വന്തം.

     ആ അറബിഗ്രാമത്തിലേക്ക് ആദ്യം വന്നുപെട്ട വിദേശി ചിലപ്പോള്‍ അയാളായിരിക്കണം. താന്നിപ്പറമ്പില്‍ മജീദെന്ന തന്റെ പാസ്പോര്‍ട്ടിലെ വീട്ടുപേര് ഒടിച്ചു മടക്കി തന്നാബ് എന്ന് അര്‍ബാബ് അഭിസംബോധന ചേയ്തപ്പോള്‍ തിരുത്താനറിയാതെ നിസ്സഹായനായി ചിരിച്ചു നില്‍ക്കേണ്ടിവന്നു.പക്ഷേ അത് മജീദിന്റെ ദിവസമായിരുന്നു.കിണഞ്ഞുശ്രമിച്ചിട്ടും തന്റെ കൈപ്പടത്തില്‍ നിന്നും പിടിവിടാതെയുള്ള ആ മിസ്കീന്‍റെ തെളിഞ്ഞ ചിരി അര്‍ബാബിനേറെ പ്രിയങ്കരമായി തോന്നിയിരിക്കണം. ഹാദ..ഹിലു.. ഹാദ..ഹിലു..വെന്ന് പറഞ്ഞ് അര്‍ബാബ് സന്തോഷത്തോടെ അയാളെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.  പിന്നെ സുഹൃത്തുക്കളുടെയെല്ലാം അടുത്തുകൊണ്ടുപോയി തന്റെ നെഫറിനെ പരിചയപ്പെടുത്തി. അങ്ങിനെയാണ് അയാള്‍ അവര്‍ക്കിടയില്‍ ആദ്യത്തെ വിശേഷജീവിയായത്. പിന്നെപ്പിന്നെ അതുപോലെയുള്ള ഒരു ഹിന്ദിയെക്കിട്ടിയെങ്കിലെന്ന് ബാക്കിയുള്ളവരും ആഗ്രഹിച്ചു തുടങ്ങി. അങ്ങിനെയാണ് നാട്ടിലുള്ള ഓരോരുത്തരെയായി അയാള്‍ അവിടെക്കു കൊണ്ടുവരുന്നത്. അങ്ങിനെ അയാളുടെ സുഹൃത്തുക്കളേയും നാട്ടുകാരേയും കൊണ്ട് ഗ്രാമം നിറഞ്ഞു.

     അയല്‍ ഗ്രാമങ്ങളിലുള്ള കുറെ അറബികളുമായും അയാള്‍ക്ക് നല്ല അടുപ്പമുണ്ടായിരുന്നു. പുതിയ വിസകളെല്ലാം അങ്ങിനെ അയാളുടെ കയ്യിലൂടെയാണ് പുറംലോകത്തെത്തിയത്. അത് തന്നാബിന് സാമ്പത്തികമായി നല്ലൊരു വരുമാനമാര്‍ഗ്ഗവുമായി. അര്‍ബാക്കന്മാരും നെഫറുകളും തമ്മിലുള്ള ചെറിയ തൊഴില്‍ തര്‍ക്കങ്ങളും പിണക്കങ്ങളും ഒക്കെ അയാളുടെ സാമീപ്യത്തിലാണ് എല്ലായ്പ്പോഴും പറഞ്ഞു തീര്‍ക്കുക. ഗ്രാമമുഖ്യനായ അറബിയുടെ വിശ്വസ്തനായ ഒരാളാണെന്ന പ്രത്യേക പരിഗണന തന്നാബിനെ ഏറെ സഹായിച്ചു.

     തന്നാബാണ് യഥാര്‍ത്ഥത്തില്‍ തങ്ങളുടെ അര്‍ബാബ് എന്ന് കരിബാവയാണ് ഒരിക്കല്‍ തമാശയായി പറഞ്ഞത്.പിന്നെ മറ്റുള്ളവരും അങ്ങിനെ പറയാന്‍ തുടങ്ങി.തന്നാബിന്റെ പുഞ്ചിരിക്ക് അപ്പോഴും പ്രത്യേകിച്ച് കോട്ടമൊന്നും സംഭവിച്ചില്ല.അപ്പോള്‍ അയാള്‍  കേള്‍ക്കെയും അല്ലാതെയും അങ്ങിനെ പറയുന്നതില്‍ എല്ലാവര്‍ക്കും ഉല്‍സാഹവും കൂടി. തന്നാബാകട്ടെ അത് കേട്ടാല്‍ വളരെ നിഷ്കളങ്കമായി ചിരിക്കുക മാത്രം ചെയ്തു.

     ബര്‍ക്കയുടെ കടപ്പുറവും സമതലങ്ങളും തന്നാബിന് സുപരിചിതമായിരുന്നു.ഇടക്കിടക്ക് അതിന്റെ വിശാലതയിലേക്ക് മാഞ്ഞുപോകുന്നതാണ് തന്നാബിന്റെ ഏക വിനോദം. ചിലപ്പോള്‍ അയാളുടെ ലക്ഷ്യം കടപ്പുറമായിരിക്കും. അപ്പോള്‍ വലിയ ഏട്ടയോ സ്രാവോ ഒക്കെയായാണ് തിരിച്ചു വരിക.സമതലങ്ങള്‍ കറങ്ങിയെത്തുന്ന ദിവസങ്ങളില്‍ തേന്‍ കൂടുകളൊ ഉടുമ്പോ,മുയലോ, എന്തെങ്കിലും ആ കയ്യില്‍ കാണും.തന്നാബ് കൊണ്ടുവരുന്ന ശുദ്ധമായ തേനിന് അറബികള്‍ക്കിടയില്‍ ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. മറ്റുള്ളവരുടെ ഒരു മാസത്തെ ശമ്പളത്തിനപ്പുറം തന്നാബ് ആ ഒരു ദിവസം കൊണ്ട് സമ്പാദിച്ചിരുന്നു.

     മൊല്ലാക്ക,കരിബാവ,ആല്യേമുട്ടി,കടപ്പ ഇണ്ണി തുടങ്ങിയ മറ്റ് നാലുപേരാണ് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നത്.അവര്‍ തന്നാബിന്റെ ബന്ധുക്കളൊ കളിക്കൂട്ടുകാരൊ ഒക്കെ ആയിരുന്നു. തന്നാബ് ഓരോരുത്തരയേയും ഓരോ തോട്ടങ്ങളുടെ ചുമതലയേല്‍പ്പിച്ചു. ഈത്തപ്പനകളും ആടുമാടുകള്‍ക്കും കുതിരകള്‍ക്കുമുള്ള തീറ്റപ്പുല്ലും ആണ് അവിടത്തെ മുഖ്യ കൃഷി. സമയാസമയങ്ങളില്‍ തണ്ണിമത്തനും സമ്മാമും ഫിജിലും ഇടവിളയായി ഉണ്ടാകും. അതിനോടൊപ്പം ഒരുപാട് ആടുമാടുകളെയും വളര്‍ത്തി.എല്ലാ തോട്ടങ്ങളും പച്ചപിടിച്ച് വിശാലമായി കിടന്നു.അതില്‍ ജലസമൃദ്ധിയുള്ള ധാരാളം കിണറുകളുണ്ടായിരുന്നു. അതില്‍ നിന്നും വെള്ളം വലിച്ചു തുപ്പുന്ന വലിയ ഡീസല്‍ എഞ്ചിനുകളുടെ ഒച്ച മരുക്കാറ്റിനൊപ്പം പകല്‍ മുഴുവന്‍ മരുഭൂമിയെ ശബ്ദമുഖരിതമാക്കി. വരണ്ടതെങ്കിലും പ്രസരിപ്പുള്ള ആ മരുക്കാറ്റിനൊപ്പം നരച്ച  വെയില്‍മുഖത്തോടെ തന്നാബും അവിടെയെല്ലാം ചുറ്റിക്കറങ്ങി.

     ആണ്‍പനകളില്‍ നിന്നും നബാത്ത് എന്ന പൂങ്കുലകള്‍ മുറിച്ചടര്‍ത്തി പെണ്‍പനകളില്‍ വയ്ക്കുന്നതിന് പ്രത്യേക വൈദഗ്ദ്ധ്യവും കൈപ്പുണ്യവും വേണമെന്നാണ് പറയുക. പനകളിലെ പണിക്ക് തന്നാബിനെ വെല്ലാന്‍ മറ്റൊരാളില്ല.അവയില്‍ നിന്ന് പാകമാവുന്ന മുറയ്ക്ക് ഈത്തപ്പഴങ്ങള്‍ പറിച്ചെടുക്കുന്നതും തന്നാബ് തന്നെയാണ്. മണ്ണിടിഞ്ഞ കിണറുകളിലെ മണലും കക്കയും വാരിക്കയറ്റുന്നതും കേടുവന്ന എഞ്ചിന്‍ നന്നാക്കുന്നതും കയറുപൊട്ടിച്ച മൂരിക്കുട്ടനെ പിടിച്ച് കെട്ടുന്നതും ഒക്കെയായി തന്നാബിന്റെ പ്രിയപ്പെട്ട ജോലികള്‍ ഒരുപാടുണ്ട്. ഇടയ്ക്കിടക്ക് അര്‍ബാബിന്റെ അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ തന്നാബിന്റെ സേവനം വേണ്ടി വരാറുണ്ട്. അയാള്‍ സന്തോഷത്തോടെയാണ് ഏത് ജോലിയും ഏറ്റെടുക്കുക. വിശേഷാവസരങ്ങളില്‍ അറബിവീടുകളില്‍ പോയി ആടുമാടുകളെ അറുക്കും. അലീസയും അറബിബിരിയാണിയും വയ്ക്കും. വിവാഹ,മരണ വേദികളില്‍ ഖാവയും ഖജ്ജൂറും വിളമ്പും. എന്താവശ്യത്തിനും സമയാസമയം തന്നെ അയാള്‍ എല്ലായിടത്തും പറന്നെത്തിക്കൊണ്ടിരിക്കും. മറ്റൊരാളെക്കൊണ്ടും ഇത്ര അനായാസം അതിനൊന്നും കഴിയില്ലെന്ന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. തന്നാബ് കൂടെയില്ലാത്ത സമയത്തെല്ലാം അര്‍ബാബിന്‍റെ മൂക്കിന്‍ തുമ്പിനെ വിറപ്പിക്കുന്ന ഒരു ശുണ്ഠി ഒളിഞ്ഞും തെളിഞ്ഞും കണ്ടു.

     ഇത് തന്നാബിന്റെ മാത്രം ഭാഗ്യമെന്നാണ് ചെറിയൊരസൂയയോടെ  ഞങ്ങള്‍ സ്വയം  ആശ്വസിച്ചിരുന്നത്.കാരണം,രാത്രിയെന്നോ പകലെന്നോ ഇല്ലാതെയുള്ള അര്‍ബാബിന്റെ അലര്‍ച്ച എപ്പോഴും ഞങ്ങളുടെയെല്ലാം ഉറക്കം കെടുത്തിയിരുന്നു.തന്നാബ് ഇല്ലാത്ത ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ കഴുത്തില്‍ കുരുക്കിട്ട ഉരുക്കളെപ്പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ.മുഹമ്മദ്‌ ബിന്‍ അലി ബിന്‍ സൈദിന്റെ കൂടെ ജോലി ചെയ്തവര്‍ക്ക് ഈ ദുനിയാവില്‍ എവിടെപ്പോയാലും ജോലിചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് മറ്റുള്ളവരും പറഞ്ഞുപോന്നിരുന്നു. സത്യത്തില്‍ ഇത്ര പരുക്കനായ അര്‍ബാബിന്റെ  സാന്നിദ്ധ്യം രാപ്പകല്‍ ഭേദമില്ലാതെ അയാളെങ്ങനെയാണ് സഹിച്ചു കഴിയുന്നതെന്ന് എല്ലാവര്‍ക്കും  അത്ഭുതമായിരുന്നു. "ഹാദ ശൈത്താന്‍ " എന്ന അര്‍ബാബിന്റെ പുകഴ്ത്തല്‍ ചിലരെല്ലാം നേരംപോക്കായി അയാളില്‍ പ്രായോഗിച്ചു.അതുകൊണ്ടൊന്നും തന്നെ അയാള്‍ക്ക്  പരിഭവവും പിണക്കവുമുണ്ടായില്ല.ചിരിയുടെ തിളക്കം മങ്ങാത്ത കറുത്ത മുഖത്തപ്പോള്‍      ശാന്തഗംഭീരമായ ഒരിണക്കം മാത്രമാണ് കളിയാടുക.ആത്മാര്‍ഥമായ സൌഹൃദവും സന്മനസ്സും ഊട്ടിയുറപ്പിക്കുവാനായിരിക്കണം ഇടക്കിടക്കയാള്‍ നാടന്‍ ചോറിനൊപ്പം സ്രാവിനെ മുറിച്ച് വറുത്തും കറിവച്ചും വിളമ്പി. ഉടുമ്പിനെയും മുയലിനെയും ഒക്കെ അറുത്ത് വരട്ടി പൊറോട്ട ചുട്ടു നിഷ്കപടമായ സ്നേഹം മാത്രം ചേര്‍ത്തു നിര്‍ല്ലോഭം ഊട്ടി.

     നാട്ടീപ്പോക്കിനോടനുബന്ധിച്ച് മൌലൂദിനും പെട്ടികെട്ടുന്നതിനും ഒക്കെയായി എല്ലാവരും ആദ്യം ക്ഷണിക്കുന്നതും തന്നാബിനെ തന്നെയാണ്. വളരെപ്പണ്ട് പെട്ടികെട്ടുന്ന ചടങ്ങിന് മുമ്പ് ആദ്യമായി മൌലൂദു നടത്തിയതും നൈച്ചോറും ഇറച്ചിയും  വിളമ്പി അര്‍ബാക്കന്മാരെ അമ്പരപ്പിച്ചതും തന്നാബ് തന്നെയായിരുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Thank you for your comments

Google+ Badge

Powered by Blogger.

Facebook

Recent in Sports

Home Ads

Travel

flickr photos

Featured Posts

Pages

Recent Posts

Recent in Sports

Video Of Day

Send Quick Message

Name

Email *

Message *

Facebook

Laman

Ads

Followers

Latest in Sports

Recent

Flickr

ജാലകം