കഥകള്‍ - കുറിപ്പുകള്‍
Loading... 
മുഷിഞ്ഞ ഒരു കുബ്ബ (അറബിത്തൊപ്പി) കമഴ്ത്തി വച്ചതുപോലെ മുസന്നയിലൊരു വീടുണ്ട്. കടപ്പുറത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഒരു മണല്‍പ്പാത അതിന്റെ തണല്‍ മുറ്റം വരെ ചെന്നെത്തുന്നുണ്ട്. അതാണ് ഹിന്ദി ആയിഷയുടെ വീട്. 

അത്ര വലിയൊരു  വേപ്പുമരത്തിന്റെ വിശാലമായ തണലില്‍ തലചായ്ച്ച് നില്‍ക്കുവാന്‍ മാത്രം ചെറുതായിപ്പോയ മറ്റൊരു വീട് ആ കടപ്പുറത്ത് കാണാനാവില്ല. 

കടല്‍ക്കാക്കകള്‍ പോലെയാണ് എപ്പോഴും കൂട്ടം കൂടുന്ന കടപ്പുറത്തെ പെണ്ണുങ്ങളും. ചന്ദനം അരച്ചു പുരട്ടിയ മുഖപ്രസാദത്തോടെ അവര്‍ പ്രഭാതത്തിലെ വെയില്‍ കൊള്ളാനിരിക്കും. അബായ അലക്ഷ്യമായി ധരിച്ച് ഉപ്പുകാറ്റില്‍ ഇരുന്നും കിടന്നും കടല്‍സന്ധ്യകള്‍ ആസ്വദിക്കും. വിറളി പിടിച്ച കടല്‍ത്തിരകളെ ചില ബലൂചിപ്പെണ്ണുങ്ങള്‍ ഹുക്ക വലിച്ചു വിടര്‍ന്നു ചുവന്ന അലസനയനങ്ങളാല്‍ തങ്ങളുടെ കാല്‍ച്ചുവട്ടില്‍ അടക്കിക്കിടത്തും.

ആ പെണ്ണുങ്ങളുടെ രാക്കഥകളില്‍ ലയിച്ചു ചേരുമ്പോള്‍ ആയിഷയുടെ ദിവസങ്ങള്‍ക്കും തീരത്തു വന്നുപോകുന്ന തിരകളെപ്പോലെ  കയ്യും കണക്കുമില്ലാതാകുന്നു.

ആയിഷയുടെ വീടിനോട് ചേര്‍ന്ന് ഒരൊറ്റമുറിക്കടയുണ്ട്. കടപ്പുറത്തെ മടിപിടിച്ച പെണ്ണുങ്ങളെല്ലാം മദ്രസ്സയില്‍ വിടാന്‍ പ്രായമായിട്ടില്ലാത്ത കുട്ടികളെ ഹിന്ദി ആയിഷയുടെ ആ കടയിലേക്ക് അയച്ചു. കുബ്ബൂസും ചിപ്സും അസീറും കൊണ്ട് കുട്ടികള്‍ അവരുടെ വിശപ്പടക്കി. അവര്‍ പകല്‍ മുഴുവന്‍ വേപ്പിന്‍ തണലില്‍ ഓടിക്കളിച്ചു.അങ്ങിനെ വളര്‍ന്ന കുട്ടികളെ കണ്ടു കണ്ട് ആയിഷ മനസ്സിലെ കാറ്റും കോളും മറന്നു. 

പക്ഷേ, ആയിഷയുടെ മക്കള്‍ അങ്ങിനെയൊന്നുമായിരുന്നില്ല വളര്‍ന്നത്. ആയിഷയെന്നും മക്കളെ കുളിപ്പിച്ചു. അവരെയെന്നും നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു. അവര്‍ക്കിഷ്ടമുള്ളതെല്ലാം വച്ചു വിളമ്പിക്കൊടുത്തു. നീണ്ട മുടിചീകിയ, വാലിട്ടു കണ്ണെഴുതിയ ആയിഷയുടെ പെണ്‍കുട്ടികള്‍ തീരത്ത് വന്നെത്തുന്ന ദേശാടനപ്പക്ഷികള്‍പോലെ കടപ്പുറത്തുള്ളവര്‍ക്ക് കൌതുകകരമായ കാഴ്ചയായിരുന്നു. അതുകൊണ്ടായിരിക്കണം  എല്ലാവരും അവരെ ഹിന്ദി ആയിഷയുടെ മക്കള്‍ എന്നു വിളിച്ചു തുടങ്ങിയത്. 

ഹിന്ദി ആയിഷ എന്നു പറയുമായിരുന്നെങ്കിലും ആയിഷ അവര്‍ക്ക് അവരിലൊരാള്‍ തന്നെയായിരുന്നു. അല്ലെങ്കിലും മറ്റുള്ളവര്‍ തുന്നിയുണ്ടാക്കുന്നതിനേക്കാള്‍ മനോഹരമായിത്തന്നെ ആയിഷയും തൊപ്പികള്‍ തുന്നിയിരുന്നു. മറ്റുള്ളവരേപ്പോലെ മാറും തലയും മറച്ചുകൊണ്ടാണ് ആയിഷ അവര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കാവ കുടിച്ചതും കഥകള്‍ പറഞ്ഞതും മറ്റുള്ളവരെപ്പോലെത്തന്നെ. ആ പെണ്ണുങ്ങള്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ ആയിഷയെ തിരിച്ചറിയാന്‍ ആരും വിഷമിച്ചു പോകും.

ഏന്‍ ആയിഷാ..? എന്ന് അവര്‍ക്കിടയിലേക്ക് ഒരു ചോദ്യമെറിഞ്ഞാല്‍ അന മൌജൂദ്.. എന്ന മറുപടിയോടെ ആയിഷ തിരിഞ്ഞു നോക്കും. പരിചയക്കാരാണെങ്കില്‍  ദാ ബരുന്നേ.. എന്നും തുടരും. 

അല്‍ഹിന്‍ ഈജീ.. (ഇപ്പോള്‍ വരാം) എന്നു പറഞ്ഞ് ആയിഷ എഴുന്നേല്‍ക്കുമ്പോള്‍ ഹാദ ഹിന്ദി, റാഹ്..റാഹ്..ഗര്‍ഗര്‍ (അത് ഹിന്ദിയാണ് ചെന്ന്  ഗര്‍ഗര്‍ പറഞ്ഞോ) എന്നായിരിക്കും പെണ്ണുങ്ങളുടെ ചിരി.


ആയിഷക്ക് നാലു മക്കള്‍ 


മൂത്തത് മൂന്നും പെണ്‍കുട്ടികള്‍ . ഇളയവന്‍ പന്ത്രണ്ടാം ക്ലാസ്സുംകഴിഞ്ഞു നില്‍ക്കുന്ന ഖാലിദ്. അവന്‍ മരിച്ചുപോയ ഹംദാന്‍റെ തല്‍സ്വരൂപമാണെന്ന് പെണ്ണുങ്ങള്‍ പുകഴ്ത്തുമ്പോള്‍ അഭിമാനം കൊണ്ടും സങ്കടം കൊണ്ടും ആയിഷയും ഒരു കടലാകും.

മുതിര്‍ന്ന രണ്ടു പെണ്‍കുട്ടികള്‍ക്ക് ജോലികിട്ടും വരെ ആയിഷക്ക് മുസന്നയിലെ മദ്രസ്സയില്‍ ചെറിയ ജോലിയൊക്കെ ഉണ്ടായിരുന്നു. ഹംദാനു കിട്ടിയ നഷ്ടപരിഹാരം, അയാളുടെ പെന്‍ഷന്‍ . പിന്നെ ആ കൊച്ചുകട. അങ്ങിനെ സാമാന്യം ഭേദമായി ജീവിക്കുവാനുള്ള വരുമാനം ഒക്കെ ആയിഷക്കുണ്ടായി. ആണ്‍തുണ ഇല്ലെങ്കിലും ആയിഷക്ക് ആരേയും പേടിക്കാതെ കഴിയാന്‍ തക്ക വിധത്തിലുള്ള നിയമങ്ങളും നീതിയും ലഭിക്കുന്ന ഒരു രാജ്യത്തില്‍ത്തന്നെ തന്നെ എത്തിച്ചതിന് അവള്‍ എന്നും അല്ലാഹുവിനെ സ്തുതിച്ചു.

കോഴിക്കോട്ടെ ഒരു ചേരിയില്‍ നിന്നും നിന്നും ഹംദാന്‍ എന്ന അറബിയുടെ ഭാര്യയായി ആ രാജ്യത്ത് കാലുകുത്തുന്ന കാലത്ത് ആയിഷക്ക് സ്വന്തം ഭാവിയെക്കുറിച്ച് എന്തെങ്കിലും കണക്കു കൂട്ടാനുള്ള കെല്‍പ്പുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവള്‍  ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും ഉള്ളില്‍ സൂക്ഷിച്ചിരുന്നില്ല.

അവിടെ ആദ്യമായി വന്ന ദിവസം കടപ്പുറത്തെ അറബിപ്പെണ്ണുങ്ങള്‍ക്കിടയിലേക്കാണ് അവള്‍ ആനയിക്കപ്പെട്ടത്. അവര്‍ അവളെ കെട്ടിപ്പിടിച്ച് മൂക്കിലും നെറ്റിയിലും ഉമ്മവച്ച് തങ്ങളുടെ കൂട്ടത്തിലിരുത്തി. കലപിലയോടെ കാവ പകര്‍ന്നു കൊടുത്തു. പളുങ്കുപാത്രത്തില്‍ നിന്നും ഈത്തപ്പഴത്തിന്റെ ഒരു ചുള വായിലിട്ട് നുണഞ്ഞിറക്കിക്കൊണ്ട് ആയിഷ കടപ്പുറത്തെ പെണ്ണുങ്ങളിലൊരാളായി.

വാക്കുകള്‍ക്കൊണ്ട് മനസ്സിലാക്കാന്‍ കഴിയാത്തതെല്ലാം ഹംദാന്‍ തന്റെ ജീവിതം കൊണ്ടു അവളെ പഠിപ്പിച്ചു. കടലിലും കരയിലും കളിച്ചു വളര്‍ന്ന ഹംദാന്‍ മുനിസിപ്പാലിറ്റിയില്‍ ഡ്രൈവറായിരുന്നു. ജോലിയില്ലാത്ത ദിവസം അയാള്‍ കടലില്‍ പോയി മീന്‍ പിടിച്ചുകൊണ്ടുവന്നു വില്‍ക്കുകയും ചെയ്യും.അങ്ങിനെ ചിലപ്പോഴെല്ലാം അയാള്‍ ആയിഷയുമായി കടലിലേക്കും കരയിലേക്കും ഒക്കെ തുഴഞ്ഞു. മുസന്നക്കപ്പുറമുള്ള വലിയ വിലായത്തുകളെല്ലാം കാണിച്ചു കൊടുത്തു. മലയോരങ്ങളിലുള്ള അടുത്ത ബന്ധുക്കളെ പരിചയപ്പെടുത്തി. അങ്ങിനെയൊക്കെയാണ് അയാള്‍ ആയിഷയുടെ പേടിയും ശങ്കയും മാറ്റിയെടുത്തത്.

മുഖത്ത് ചന്ദനം തേച്ച്,കയ്യിലും കാലിലും മയിലാഞ്ചിയിട്ടു കറുപ്പിച്ച്, അത്തറില്‍ കുളിച്ച്, അടിമുടി ബുക്കൂറില്‍ പുകച്ച്, അങ്ങിനെയൊക്കെയാണ് അവള്‍ അയാളെ അധികാരത്തോടെ ഹംദാന്‍ എന്നു പെരുചൊല്ലി വിളിക്കാന്‍ തുടങ്ങിയത്.

ഹംദാന്‍ താല്‍ .. (ഹംദാന്‍ വരൂ ) എന്നാണ് ആയിഷ വിളിക്കുന്നതെങ്കില്‍ , നാം..നാം.. (ശരി..ശരി)എന്ന് ഭാവ്യതയോടെ അയാള്‍ സ്വയം ഒതുങ്ങിത്തുടങ്ങി.

സദര്‍ മരങ്ങള്‍ പൂത്ത പോലെയാണക്കാലമെന്ന് പറയുമ്പോള്‍ ഇപ്പോഴും ആയിഷയുടെ ചുണ്ടില്‍ പൂക്കാലം.

ഒരു വാഹനാപകടത്തിലാണ് ഹംദാന്‍ മരിക്കുന്നത്. ആ ഒരു ദിവസം മാത്രം ആയിഷ വീണ്ടും പഴയ കോഴിക്കോട്ടുകാരിയായി മാറി. മലബാറികളെപ്പോലെ വലിയ വായില്‍ നിലവിളിക്കുന്ന ആയിഷയെ കടപ്പുറത്തെ പെണ്ണുങ്ങള്‍ സഹതാപത്തോടെ ആശ്വസിപ്പിച്ചു. ഖാലിദ് അന്ന് രണ്ടാം ക്ലാസ്സിലായിരുന്നു. അവന്‍ മദ്രസ്സയില്‍ നിന്നും തന്റെ വീട്ടിലെത്തും മുമ്പേ ഹംദാന്‍റെ മയ്യത്ത് പള്ളിക്കാട്ടില്‍ എത്തിയിരുന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നലെ നടന്നെന്ന പോലെ ആയിഷയുടെ കണ്ണുകള്‍ ഇടക്കിടക്ക് നനയും.

ഹംദാന്‍ മരിച്ചതോടുകൂടിയാണ് കോഴിക്കോടുമായുള്ള തന്‍റെ എല്ലാ ബന്ധങ്ങളും മുറിഞ്ഞു പോയതെന്ന് ആയിഷ സങ്കടപ്പെട്ടു. ഉമ്മ, ബാപ്പ, സഹോദരി എന്നിങ്ങനെയുള്ള കണ്ണികള്‍ മണ്ണിന്നടിയില്‍ മറഞ്ഞുപോയ സങ്കടങ്ങള്‍ കടലിനോടു കരഞ്ഞു പറഞ്ഞാണ് ആയിഷ കടം വീട്ടിയത്.

ഖാലിദ് മാത്രമാണ് ഉമ്മയില്‍ നിന്നും ചില കഥകളെങ്കിലും    കേള്‍ക്കാന്‍ താല്‍പ്പര്യം കാട്ടിയിട്ടുള്ളത്. സങ്കടങ്ങള്‍ക്ക് പകരമാവില്ലെങ്കിലും തന്നെ കാതോര്‍ക്കുകയെങ്കിലും ചെയ്യുന്ന മകനോട് അതുകൊണ്ടു തന്നെ ആയിഷക്ക് ഏറെയിഷ്ടം. കുല്ലു ഹിനൂദ് മാ സൈന്‍ (ഈ വിദേശികളെല്ലാം ചീത്തയാണ് )  എന്നാണ്  പെണ്‍മക്കള്‍ ഉമ്മയെ തോല്‍പ്പിക്കാനുള്ള ആയുധമായി പ്രയോഗിക്കുന്നത്.

പെണ്‍മക്കള്‍ ഖാലിദിനെപ്പോലെയോ  ഹംദാനെപ്പോലെയോ ആയിരുന്നില്ല. അവര്‍ ആയിഷയെക്കാള്‍ വെളുക്കുകയോ ചുവക്കുകയോ ചെയ്ത സുന്ദരികളും തന്‍റെടികളുമായിരുന്നു. എളുപ്പം ദേഷ്യം വരുന്ന ആ പെണ്‍കുട്ടികളുടെ നാവില്‍ നിന്നും പലപ്പോഴും കുരുത്തം കെട്ടവാക്കുകളും പൊഴിയും. ആദ്യമൊക്കെ പിടഞ്ഞുപോയെങ്കിലും പിന്നെപ്പിന്നെ ആയിഷക്കതെല്ലാം ഭാവഭേദമില്ലാതെ സഹിക്കാമെന്നായി.

ആ കടയില്‍ പൂര്‍വ്വസ്മരണകള്‍ അയവിറക്കി ആയിഷ ഇരിക്കുന്നുണ്ടെങ്കില്‍ ഓ.. മാ... ഓ..മാ.. എന്ന് ഇടക്കെങ്കിലും അകത്തുനിന്നൊരാള്‍ നീട്ടി വിളിച്ചെന്നിരിക്കും. അപ്പോള്‍ ചിലപ്പോഴെങ്കിലും കാറ്റടിച്ച വേപ്പുമരം പോലെ ആയിഷ ഉലയുന്നതും കാണണം.

ഉമ്മ കടയും കച്ചവടവും ഒക്കെ നിര്‍ത്തണമെന്ന ഒരാവശ്യം മൂത്തവള്‍ മുന്നോട്ടു വച്ചതോടെയാണ് ആയിഷക്ക് ആധി തുടങ്ങിയത്. അവള്‍ക്ക് ജോലി കിട്ടി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് പറഞ്ഞു തുടങ്ങിയതാണ്. ആ കടയും കുട്ടികളും ഒക്കെയായി വീടും പരിസരവും എപ്പോഴും വൃത്തിഹീനമായി കിടക്കുന്നു എന്നാണ് അവളുടെ പരാതി.അന്ന് ആയിഷ അതിനു മറുപടിയൊന്നും പറഞ്ഞില്ല. ഇന്നും ആയിഷക്ക് അത് വെറും കടയല്ല. അവരുടെ ജീവിതത്തില്‍ നിന്നും ഹംദാന്‍ ഇല്ലാതായതോടെ ഉണ്ടായിത്തീര്‍ന്ന ഭീകരമായ ഏകാന്തതയെ അകറ്റിയ ഒരിടമാണ്. അതുകൊണ്ട് തന്നെ അവര്‍ ഉള്ളില്‍ ഒരാധിയോ ഭയമൊ ഒക്കെ അടക്കിവക്കുകയും ചെയ്തു.

കൊച്ചു കുട്ടികള്‍ വലിച്ചെറിയുന്ന എന്തെങ്കിലും കടയുടെ പരിസരത്തെങ്ങാനും കിടന്നാല്‍ ആയിഷക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. മക്കളുടെ കണ്ണില്‍പ്പെടും മുമ്പെ വൃത്തിയാക്കാനുള്ള വെപ്രാളം. എന്നിട്ടും നിസ്സാര കാര്യങ്ങള്‍ക്ക് ഭീഷണിപ്പെടുത്തിക്കളയും ആ പെണ്‍കുട്ടികള്‍

ലൈഷ് ഹാദാ..? ലൈഷ് ഇന മാഫി സഫായി? (ഇതെന്താണ്.. ?എന്തുകൊണ്ടിവിടെ വൃത്തിയാക്കിയില്ല..?)

അന്ത ഫീ മുഷ്ക്കില, അല്‍യൌം  ബന്നത്ത് ദുക്കാന്‍ .. (നിനക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഇന്നുതന്നെ കടപൂട്ടിക്കോളൂ) തുടങ്ങിയ ഭീഷണികള്‍ കേട്ടു മടുത്തപ്പോള്‍  അധികം നാളൊന്നും ഇതിങ്ങനെ നടത്തിക്കൊണ്ട് പോകാന്‍ കഴിയില്ലെന്ന് വരുന്നവരോടെല്ലാം ആയിഷയും പറയാന്‍ തുടങ്ങി.

ഈ കൊച്ചു കടയും ചെറിയ വീടും മാത്രമല്ല ഹിന്ദിയായ ഒരു ഉമ്മയും കുട്ടികള്‍ക്ക് നാണക്കേടായി തോന്നിത്തുടങ്ങിയിരിക്കുന്നു എന്ന് ചിലപ്പോള്‍ ആയിഷ സംശയിച്ചു. തന്നില്‍ ഉമ്മയേക്കാള്‍ ഒരായയുടെ മുഖച്ഛായയാണ് അവര്‍ കണ്ടെത്തിയിട്ടുണ്ടാവുക എന്നു പറഞ്ഞ് ചിരിക്കുന്ന ആയിഷയേയും ചിലപ്പോള്‍ കണ്ടു.

ഉമ്മയെ ഹിന്ദി ആയിഷയെന്ന്  പെണ്‍കുട്ടികളും പരസ്യമായി കളിയാക്കിയിരുന്നു. ആയിഷ മുഖത്തെ ചുളിവുകളില്‍ ഒരു മന്ദഹാസം മാത്രം വരുത്തി അത് മക്കളുടെ തമാശയായി അംഗീകരിക്കുകയോ നിസ്സാരമാക്കുകയോ ചെയ്തു. എങ്കിലും ആയിഷയുടെ ഉള്ളിലെ ഉമ്മ എന്നും നിശ്ശബ്ദം വെന്തു.

ഈ ഹിന്ദികളെ , അല്ലെങ്കില്‍ ഹിനൂദുകളെ (വിദേശി) ഉമ്മയുടെ നാട്ടുകാരായതുകൊണ്ടാണോ മക്കള്‍ വെറുക്കുന്നതെന്ന് ചോദിച്ചാല്‍ ആയിഷയ്ക്ക് ശരിയായ ഒരു ഉത്തരമൊന്നും പറയാന്‍ അറിയില്ല. പകരം അവര്‍ അടുത്ത കടപ്പുറത്തെ മറ്റുചിലരെ ചൂണ്ടിക്കാണിക്കും. കോഴിക്കോട്ടു നിന്നും ഹൈദ്രാബാദില്‍ നിന്നും കെട്ടിക്കൊണ്ടുവന്ന അനവധി പെണ്ണുങ്ങള്‍ അവിടെയൊക്കെ ഉണ്ട്. അതില്‍ ഒറ്റപ്പെട്ട ചിലര്‍ക്കൊക്കെ ഇങ്ങിനെയുള്ള സങ്കടങ്ങളുണ്ട്. ചില കുട്ടികള്‍ മാത്രമാണ് ഇങ്ങിനെയായിപ്പോയത്.

ആയിഷയുടെ ഒറ്റമുറിക്കടയില്‍ സന്ദര്‍ശകര്‍ക്കിരിക്കാന്‍ ഒന്നു രണ്ടു കസേരകളുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടയിലേക്കുള്ള സാധനങ്ങള്‍ ഇറക്കിയശേഷം കണക്കുകൂട്ടലുകള്‍ കഴിഞ്ഞാല്‍ ഒരു കസേരയിലിരുന്ന് ആയിഷയഴിക്കുന്ന പണപ്പൊതിയില്‍ നിന്നും ഈ സങ്കടങ്ങളുടെ കഥകളും ഞാന്‍ കേള്‍ക്കുന്നുണ്ട്.

ഒരിക്കല്‍ ഞാന്‍ ചോദിച്ചു.

പെങ്കുട്ടികളൊക്കെ കാണാന്‍ തെറ്റില്ലാത്തൊരല്ലേ.. ഇനി നല്ല മഹര്‍ വാങ്ങി അവരെയൊക്കെ കല്യാണം കഴിച്ചയച്ചൂടെ..?

അപ്പോഴത്തെ നാട്ടുനടപ്പനുസരിച്ച് പതിനായിരക്കണക്കിന് റിയാല്‍ മഹര്‍ ചോദിക്കാനുള്ള അവകാശമൊക്കെ ആയിഷക്കുമുണ്ട്. അതുകൊണ്ടു തന്നെ എന്റെ ചോദ്യം തികച്ചും ന്യായം. പക്ഷെ, ജബലിലെ ആകാശം പോലെ ആയിഷയുടെ മുഖം പെട്ടെന്നിരുണ്ടു.

പറഞ്ഞിട്ടെന്താ കാര്യം.ഇവിടത്തെ ചെക്കമ്മാരടെ കയ്യില്‍ അതിനുള്ള കാശെവിടെ..? ഉള്ളോരാണെങ്കില്‍  ഹിന്ദീടെ മക്കളാണെന്നു പറഞ്ഞൊഴിയും. പിന്നെ വരുന്നോരൊക്കെ ഉണ്ട്, ചില വയസ്സന്മാര്.. അതിനങ്ങട്ട് മനസ്സ് വരുന്നില്ല..

എന്നാല്‍ കാശൊന്നും നോക്കേണ്ട.. നല്ല ചെക്കന്മാരെ കണ്ടെത്തി കല്യാണം കഴിച്ചു കൊടുക്കണം.

അതിപ്പോ... എന്നു പറഞ്ഞു നിര്‍ത്തി മറുപടിക്ക് ഉചിതയായൊരു വാക്കു കണ്ടെത്താന്‍ കഴിയാത്ത നിസ്സഹായതയില്‍ ആയിഷയിലാരോ ഉരുകിയുറക്കുന്നു. മനപ്പൂര്‍വ്വം തന്നെ മുഖത്തെ ചുളിവുകളില്‍ മന്ദഹാസം വരുത്തി അര്‍ത്ഥവത്തായൊരു മൌനത്തെ ആയിഷ അംഗീകരിക്കുകയോ അല്ലെങ്കില്‍ നിസ്സാരമാക്കുകയോ ചെയ്യുന്നു.

ഹംദാനെപ്പോലൊരാള്‍ കോഴിക്കോട്ടെ ചേരിയില്‍ നിന്നും ആയിഷയേപ്പോലൊരുവളെ കെട്ടിക്കൊണ്ടു വന്നത് എന്തുകൊണ്ടായിരുന്നെന്ന് കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഊളിയിട്ടെത്തുന്ന കടല്‍ക്കാറ്റിനു പോലും അറിയാം.

പക്ഷെ, ആയിഷയുടെ മനസ്സിലും മൌനത്തിലും എന്തൊക്കെയാണ് അടക്കിപ്പിടിച്ചിരിക്കുന്നതെന്ന് ആര്‍ക്കറിയാം?

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Thank you for your comments

Google+ Badge

Powered by Blogger.

Facebook

Recent in Sports

Home Ads

Travel

flickr photos

Featured Posts

Pages

Recent Posts

Recent in Sports

Video Of Day

Send Quick Message

Name

Email *

Message *

Facebook

Laman

Ads

Followers

Latest in Sports

Recent

Flickr

ജാലകം