കഥകള്‍ - കുറിപ്പുകള്‍
Loading...
പുതുമഴയില്‍ കുതിര്‍ന്ന വിജനമായ വഴികള്‍ .. വിസ്തൃതമായ കുന്നിന്‍ ചരിവുകള്‍ .. മുളങ്കാടുകള്‍ തളിരിട്ട് നില്‍ക്കുന്ന ഗ്രാമാതൃത്തികള്‍ ..

ഇത് ദിവാസ്വപ്നങ്ങളില്‍ കടന്നുവരാറുള്ള കാഴ്ച്ചകള്‍


കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആഹ്ലാദം. ഒപ്പം അതിന്‍റെ സങ്കടം. 

പുതുമണ്ണിന്‍റെ ഗന്ധം. അതില്‍ മുളച്ചുപൊന്തിയ പുല്‍നാമ്പുകള്‍ ഇളംവെയിലില്‍ തുമ്പികളും പൂമ്പാറ്റകളും മനോഹരമാക്കിയ ഒരു ലോകം.

അത് കാഴ്ച്ചകളുടെ ഒരുല്‍സവപ്പറമ്പായിരുന്നു. പൂട്ടുകഴിഞ്ഞ് കട്ടയുടച്ച പാടങ്ങളും പള്ള്യാലുകളും ഗ്രാമീണജീവിതത്തെ മുന്നോട്ട് നയിക്കുന്ന പാതകളായിരുന്നു. അതാണ്‌ പച്ചപിടിച്ച ഭൂതകാലത്തെയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാവിയേയും അദൃശ്യമായ ഒരാത്മസ്പര്‍ശത്താല്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നുന്നത്.

പള്ള്യാലുകള്‍ ആദ്യം നാടുനീങ്ങിപ്പോയി. അതിന്‍റെ പിന്നാലെ പുഞ്ചപ്പാടങ്ങളും കൈത്തോടുകളും. പിന്നെ പുഴകളും കുന്നുകളും.. ഒടുവില്‍ വിളിപ്പേരുകളിലുള്ള ഗുണപാഠങ്ങള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ സ്വത്വവും സ്വസ്ഥതയും നഷ്ടപ്പെട്ട പാടങ്ങള്‍ കണ്ടുകണ്ട് മണ്ണും മനസ്സും തരിശ്ശായി.

അതുകൊണ്ടായിരിക്കണം ഭൂതകാലത്തിന്‍റെ പച്ചപ്പിലേക്ക് മനസ്സിനെ പറിച്ചുനടുമ്പോഴെല്ലാം ചില പുല്‍നാമ്പുകള്‍ ചിന്തകളില്‍ മുളപൊട്ടുന്നത്. വളക്കൂറില്ലാത്ത മണ്ണില്‍ നട്ട ഒരു വിത്ത്പോലെ അത് മുളയിലേ മുരടിക്കുന്നു. എന്നിട്ടും അതൊരു ചെടിയായി പൂവായി കായായി മരമായി തണലായി മാറുന്നത് സ്വപ്നം കാണുന്നു.


ഉമ്മയായിരിക്കണം പച്ചപ്പിനെ സ്വപ്നം കാണാന്‍ എന്നെ ആദ്യം പഠിപ്പിച്ചത്. ഓട്ടുകിണ്ണത്തിലെ കഞ്ഞി പ്ലാവിലക്കുമ്പിള്‍ ഉണ്ടാക്കി കുടിക്കാന്‍ പഠിപ്പിച്ചത് ഉമ്മയാണ്. ഒരു നുള്ള് ചമ്മന്തിയോ കനലില്‍ ചുട്ടെടുത്ത ഒരു ഉണക്കമത്തിയോ മറ്റൊരു പ്ലാവിലയിലും കാണും. അതേ പ്ലാവിലകള്‍ കൊണ്ടുതന്നെ ഉമ്മ കാളകളെയും കുതിരകളെയും ഉണ്ടാക്കിത്തന്നു.


മുറ്റത്ത് അല്ലെങ്കില്‍ കണ്ണോ കാലോ എത്തുന്ന ദൂരത്ത് പഴുത്തുവീണ മാവിലകളുടെയും പ്ലാവിലകളുടെയും ഒരു കാട്. അതിന്‍റെ ആകാശത്ത്‌ കാക്കകളും കിളികളും കൂടുകൂട്ടിയ ഒരു നാട്. കളിക്കാന്‍ കൂട്ടുകൂടുന്ന എല്ലാ വീട്ടുമുറ്റവും അന്നൊരുപോലെയാണ്.


ഇന്നുമുണ്ട് അതേ ഇലകള്‍ . കാളകളും കുതിരകളും ഒന്നും ആവാന്‍ കഴിയാതെ പഴുത്ത കണ്ണുകള്‍കൊണ്ട് ചില അമ്മമാരെ നോക്കി ദാഹിച്ചു കിടക്കുന്നുണ്ട്. ഒടുവില്‍ ഈ മണ്ണില്‍ത്തന്നെ ദഹിച്ചു ചേരുന്നുണ്ട്.


മരക്കൂട്ടങ്ങളാല്‍ മറയപ്പെട്ട ഒരു പാട് വീടുകള്‍ ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. മാവും പ്ലാവും തെങ്ങും കമുകും ഒക്കെയായി നിഴലും തണലും കൈകോര്‍ത്ത്‌ നില്‍ക്കുന്ന പച്ചമനുഷ്യരുടെ വീടുകള്‍ .


അങ്ങിനെയൊരു വീട് എല്ലാ മണ്ണിലും ഒളിച്ചു കഴിയുന്നുണ്ടായിരിക്കണം.


ചെമ്മണ്ണ് തേച്ച് വൈക്കോലും ഓലയും മേഞ്ഞ ഒരു വീടായിരുന്നു. മുക്കുറ്റിയും തുമ്പയും പൂവിട്ടുനില്‍ക്കുന്ന മുറ്റത്തിന്‍റെ അതിരില്‍ നിറയെ കായ്ച്ചുനില്‍ക്കുന്ന വലിയൊരു നാരകമരമുണ്ടായിരുന്നു. ചേമ്പും ചേനയും തവിഴാമയും ചീരയും നിറഞ്ഞ തൊടിയില്‍ മാവും പ്ലാവും കാക്കകളും കിളികളും. അയല്‍പ്പക്കത്തെ അമ്മുട്ട്യമ്മയുടെ വീടിനപ്പുറം ഉപ്പിണിപ്പാടം. പാടത്തിന് നടുവിലൂടൊഴുകുന്ന വറ്റാത്ത കാക്കാത്തോട്. കുടിവെള്ളം നിറഞ്ഞ കുളങ്ങള്‍ . തോട്ടിലും കുളക്കടവിലും അലക്കും കുളിയും. അപ്പുറം തച്ചുകുന്നും കുന്നക്കാടന്‍ പാലയും.


ആ പാടവരമ്പത്ത് കൂടെ, തച്ചുകുന്നിന്‍റെ താഴ്വാരത്തുകൂടെ കുന്നക്കാടന്‍ പാല കയറി പതിനഞ്ചു നാഴിക നടന്നാല്‍ പെരിങ്ങോടെന്ന നാടായി. സ്കൂള്‍ അടച്ചാല്‍ ഉമ്മ ഞങ്ങളില്‍ ഇളയവനെ ഒക്കത്തിരുത്തി ബാക്കിയുള്ളവരെ ആട്ടിത്തെളിച്ച് പെരിങ്ങോട്ടേക്ക് കൊണ്ടുപോകും.


ആമക്കാവിലുള്ള അമ്മാമന്‍റെ വീട്ടിലേക്കാണ് ഞങ്ങളുടെ യാത്ര. ആര്‍ക്കും ചെരുപ്പൊന്നും ഉണ്ടാവില്ല. എന്നാലും അത്രയും ദൂരം താണ്ടുന്നതൊന്നും ഉത്സാഹത്തിന്‍റെ ആധിക്യം കൊണ്ട് ഞങ്ങള്‍ അറിയാറില്ല. കറുകപുത്തൂര്‍ കഴിഞ്ഞ് മതുപ്പുള്ളി എത്തുന്നതിനിടക്ക് ഒരു നായരുടെ ചായക്കടയുണ്ട്. അവിടെയെത്തിയാല്‍ ഉമ്മ ഞങ്ങള്‍ക്ക് ഇഡ്ഡലിയും പാല്‍ചായയും വാങ്ങിത്തരും. അത് കുടിച്ച് ഇതാന്ന് പറയുമ്പോഴേക്കും ഞങ്ങള്‍ ആമക്കാവില്‍ എത്തും.


കളിച്ചുനടക്കാന്‍ പറ്റിയ ധാരാളം സ്ഥലം അവിടെയുണ്ടായിരുന്നു. പോരെങ്കില്‍ സുഭിക്ഷമായ ആഹാരവും കൂട്ടുകാരായി ധാരാളം കുട്ടികളും. കണ്ണെത്താദൂരത്തോളം കിടക്കുന്ന വളപ്പില്‍ കമുകിന്‍ തോട്ടവും പച്ചക്കറിക്കണ്ടവും ഫലവൃക്ഷങ്ങളുടെ നിരയും. താഴെയുള്ള വിശാലമായ പാടവും മുകളിലുള്ള പറങ്കിമാവിന്‍ കാടും ഞാവല്‍പ്പഴങ്ങള്‍ വീണുകിടക്കുന്ന കുന്നും പാറക്കൂട്ടങ്ങളും ഒക്കെയാകുമ്പോള്‍ അതൊരു സ്വര്‍ഗ്ഗമായി മാറും.


മണ്ണും മരങ്ങളും ചെടികളും അണ്ണാനും ആകാശവും കിളികളുമില്ലാത്ത ഒരു ദിവസം പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്തത് ആ ഒരു കാലത്തിന്‍റെയോ അല്ലെങ്കില്‍ അന്നത്തെ പ്രായത്തിന്‍റെയോ പ്രത്യേകതയായിരിക്കണം. ദിവസങ്ങള്‍ക്ക് ശേഷം സങ്കടത്തോടെ തിരിച്ചുപോരുമ്പോള്‍ മനസ്സില്‍ അടുത്ത അവധിക്കാലം മാത്രം.


അതേ മരങ്ങളും അണ്ണാനും കിളികളും ആകാശവുമെല്ലാം തങ്ങളുടെ മുറ്റത്തേക്ക് കടന്നുവരാത്ത കുട്ടികളെ നോക്കി നെടുവീര്‍പ്പിടുന്ന ഒരു കാലം ഇപ്പോഴും ഏതെങ്കിലും വൃദ്ധസദനങ്ങളില്‍ ഒളിച്ചു കഴിയുന്നുണ്ടായിരിക്കണം.


ആദ്യമൊക്കെ ഞങ്ങളുടെ മടക്കയാത്ര കാളവണ്ടിയിലായിരുന്നു. പിന്നെപ്പിന്നെയാണ് കാറിലും ബസ്സിലുമായത്. അരിയും നെല്ലും ചേമ്പും കായയും ചക്കയും മാങ്ങയും ഒക്കെയായി കുറെയധികം ചാക്കുകെട്ടുകള്‍ അമ്മാമന്‍ വണ്ടിയില്‍ കയറ്റിവച്ചിട്ടുണ്ടാവും. വീട്ടിലെത്തിയാല്‍ അതില്‍ പലതും കുടുംബക്കാര്‍ക്കും അയല്‍ക്കാര്‍ക്കും ഒക്കെ ഉമ്മ പങ്കുവച്ച് കൊടുക്കും. കുട്ട്യോള്‍ടെ മോത്ത് ഒര് ചോരോട്ടം വച്ചിട്ടുണ്ടെന്ന് മൂത്താപ്പയും മൂത്തമ്മയും ഒക്കെ പറയും. രാത്രി വാപ്പ വന്നാല്‍ ഞങ്ങളുടെ കൈപിടിച്ചുയര്‍ത്തിയശേഷം വണ്ണം വച്ചിട്ടുണ്ടല്ലോ എന്ന് കളിയാക്കും.


ഇതുപോലൊരു ആങ്ങളയെ കിട്ടിയത് നിങ്ങടെ മഹാഭാഗ്യാണ് കുഞ്ഞിമ്മേയെന്ന് അമ്മുട്ടിയമ്മയും നെടുവീര്‍പ്പോടെ പറയാറുണ്ട്‌.


ആ അമ്മാമന്‍ പിന്നീട് ഓര്‍മ്മകളെല്ലാം നഷ്ടപ്പെട്ട് വെറുമൊരു മനുഷ്യരൂപത്തില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉമ്മ സങ്കടങ്ങളെല്ലാം തിമിരക്കണ്ണുകളില്‍ ഒളിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഒരുദിവസം ആങ്ങളയുടെ തണുത്ത നെറ്റിയില്‍ രണ്ടു തുള്ളി കണ്ണുനീര്‍ ഇറ്റിച്ച് കുറേനേരം ഉമ്മ ആ മയ്യത്തിന്‍റെ അടുത്തിരുന്നു. അത് അമ്മാമന്‍റെ വീട്ടിലേക്കുള്ള ഉമ്മയുടെ അവസാനത്തെ യാത്രയായിരുന്നു.


കാലാകാലങ്ങളില്‍ അമ്മാമന്‍ ഓരോ പണപ്പൊതി ഉമ്മയെ ഏല്‍പ്പിക്കാറുണ്ട്. ഉമ്മ പിന്നീട് വാപ്പയുടെ കൈയ്യില്‍ കൊടുക്കും. മുന്നൂറ്‌.. നാനൂറില്‍ തുടങ്ങി അവസാന കാലങ്ങളില്‍ അത് പതിനായിരം രൂപ വരെ എത്തിയ ഓര്‍മ്മയുണ്ട്. മുന്നൂറും നാനൂറും ഉള്ള കാലത്ത് ഒരു പറ നെല്ലിന് രണ്ട്.. രണ്ടര.. രൂപയായിരുന്നു വില എന്നോര്‍ത്താല്‍ ആ മുന്നൂറിന്‍റെ ഭീമത്വം മനസ്സിലാകും. രണ്ടരയും മൂന്നും രൂപയായിരിക്കണം അക്കാലത്ത് ഒരു സാധാരണക്കാരന്‍റെ ദിവസക്കൂലി. അന്ന് അരഞ്ഞാണച്ചരടില്‍ ഓട്ടമുക്കാല്‍ കോര്‍ത്തിടുന്ന കുട്ടികളായിരുന്നു ഞങ്ങള്‍ക്കിടയില്‍ പ്രമാണിമാര്‍ .


ആ പണം വാങ്ങി വാപ്പ വൈദ്യശാലയിലെ മരപ്പെട്ടികളില്‍ പച്ചമരുന്നുകള്‍ നിറയ്ക്കും. എണ്ണതൈലങ്ങള്‍ , ആസവാരിഷ്ടങ്ങള്‍ ഭസ്മം, ചൂര്‍ണ്ണം, ലേഹ്യം, ഗുളിക തുടങ്ങിയവയാല്‍ വൈദ്യശാലയിലെ തട്ടുകള്‍ വീണ്ടും നിറയും. അടുത്ത അവധിക്കാലം വരെ ഞങ്ങള്‍ക്ക് തട്ടിമുട്ടി കഴിയുവാന്‍ അതുമതിയാകും.


വളപ്പിലും പറമ്പിലും നടന്ന് വാപ്പ പലതരം പച്ചമരുന്ന് ചെടികള്‍ ചൂണ്ടിക്കാണിച്ചു തന്നു. അങ്ങിനെ വളരുന്തോറും പച്ചപ്പിനെ കൂടുതല്‍ ഇഷ്ടപ്പെടാനായി. കുറുന്തോട്ടിയും തവിഴാമയും പര്‍പ്പടകവും കൊടിത്തുവ്വയും  ഓരിലയും മുവ്വിലയും ഒക്കെ എല്ലാ പറമ്പിലും കാണും. കുട്ടികള്‍ ഓടിക്കളിക്കാനില്ലാത്തത്കൊണ്ട് അമ്മുട്ട്യമ്മയുടെ വളപ്പില്‍ അവ കാടുപിടിച്ചാണ് കിടന്നിരുന്നത്. അതെല്ലാം പറിച്ച് ഉണക്കി വാപ്പയുടെ വൈദ്യശാലയില്‍ എത്തിക്കല്‍ ഞങ്ങളുടെ ജീവിതചര്യയായി.


അടക്ക വിറ്റും ആടിനെയും പശുവിനേയും വളര്‍ത്തിയും ഒക്കെയാണ് മക്കളില്ലാത്ത അമ്മുട്ട്യമ്മ കഴിഞ്ഞിരുന്നത്. പാലിനും മോരിനും പുറമെ അമ്മുട്ട്യമ്മ ഉണ്ടാക്കുന്ന പലഹാരങ്ങളില്‍ ഒരു പങ്കും ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. അങ്ങിനെ ഞങ്ങള്‍ വലുതായി.


ഗള്‍ഫില്‍നിന്നുള്ള എന്‍റെ ആദ്യത്തെ വരവിന് അമ്മുട്ട്യമ്മക്കും ചിലതെല്ലാം കിട്ടി. അമ്മുട്ട്യമ്മ അത് കണ്ണില്‍ മുട്ടിച്ച് കുറേനേരം കരഞ്ഞെന്ന് ഉമ്മ പറഞ്ഞു. അങ്ങിനെ കുറേക്കാലം കഴിഞ്ഞപ്പോള്‍ അവര്‍ ആടിനെയും പശുവിനേയും ഒക്കെ വിറ്റു. പിന്നെ ഒരു ദിവസം അവര്‍ ഒരു വശം തളര്‍ന്നു വീണു. തൊട്ടപ്പുറത്തുള്ള അവരുടെ ആങ്ങളയാണ് പിന്നെ സംരക്ഷിച്ചത്. ഒരു ദുരിതക്കടല്‍ മുഴുവന്‍ കുടിച്ചു വറ്റിച്ച് ഒടുവില്‍ അവര്‍ മരിച്ചു.


ജീവിച്ചിരിക്കുന്നവരെപ്പോലെയല്ല മരിച്ചവര്‍ക്കിടയിലെ നാട്. അവരുടെ മണ്ണിലെങ്കിലും ഒരിക്കലും മരിക്കാത്ത പച്ചപ്പിന്‍റെ ഒരു കാടുണ്ടായിരിക്കും. ഉമ്മയേയും വാപ്പയേയും അമ്മാമനേയും ഒക്കെ അടക്കിയ പള്ളിപ്പറമ്പുകളില്‍ വേപ്പും പുല്ലാനിയും മയിലാഞ്ചിയും ചന്ദനവുമെല്ലാം പൂത്തും തളിര്‍ത്തും കാറ്റിലുലഞ്ഞും നില്‍ക്കുന്നുണ്ട്. അമ്മുട്ട്യമ്മയുടെ കുഴിമാടത്തില്‍ വളര്‍ന്നു പന്തലിച്ച കാഞ്ഞിരവും കുന്നിവാകയും കുളിരും തണലുമേകുന്നുണ്ട്. മരിച്ചവര്‍ക്കിടയിലെങ്കിലും അവരുടെ മനസ്സുപോലൊരു വീടും നാടുമുണ്ട്.  


അമ്മാമന്‍റെ അവസാനനാളുകള്‍ ഭൂതകാലത്തിന്‍റെ അടയാളങ്ങൾ എന്ന കഥയില്‍ കമ്പോണ്ടര്‍ ചുമ്മാരുടെ വാര്‍ദ്ധക്യജീവിതമായി പകര്‍ത്തിയിട്ടും അമ്മുട്ട്യമ്മയുടെ ജീവിതം കടലാഴം എന്ന കവിതയിലൊതുക്കിയിട്ടും ഉണങ്ങാത്ത പച്ചപ്പായി മനസ്സില്‍ അവശേഷിക്കുമ്പോഴാണ് ചില ചിന്തകള്‍ അക്ഷരങ്ങളുടെ മുഖച്ഛായയില്‍ ഇങ്ങിനെ പുനര്‍ജ്ജനിക്കുന്നത്.


പുതുമഴയില്‍ കുതിര്‍ന്ന വിജനമായ വഴികളിലൂടെ.. വിസ്തൃതമായ കുന്നിന്‍ ചരിവുകളിലൂടെ.. മുളങ്കാടുകള്‍ തളിരിട്ട് നില്‍ക്കുന്ന ഗ്രാമാതൃത്തികള്‍ കടന്ന് ഭൂതകാലത്തിന്‍റെ പച്ചപ്പിലേക്ക് മനസ്സ് പറക്കുമ്പോഴെല്ലാം കാല്‍ച്ചുവട്ടിലെ ഈ മണ്ണിലും ഞാനൊരു വിത്ത്‌ കുത്തിയിടുന്നു. അത് നട്ടു നനക്കുന്നു. അതൊരു ചെടിയായി പൂവായി കായായി മരമായി തണലായി മാറുന്നത് സ്വപ്നം കാണുന്നു.


മണ്ണില്‍ മാത്രമല്ല, ഓരോ മനസ്സിലും മരങ്ങളുടെ പച്ചപ്പ് എന്നും ഉണ്ടായിരിക്കണം.


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Thank you for your comments

Google+ Badge

Powered by Blogger.

Facebook

Recent in Sports

Home Ads

Travel

flickr photos

Featured Posts

Pages

Recent Posts

Recent in Sports

Video Of Day

Send Quick Message

Name

Email *

Message *

Facebook

Laman

Ads

Followers

Latest in Sports

Recent

Flickr

ജാലകം