കഥകള്‍ - കുറിപ്പുകള്‍
Loading...

ആയിഷ ഭവാനിയുടെ കൂട്ടുകാരിയായിരുന്നു.ആയിഷക്ക് നിന്നെ ഇഷ്ടമാണത്രെ എന്ന് ഒരു പരിഹാസത്തോടെയാണ് ഒരിക്കല്‍ ഭവാനി എന്നോടുപറഞ്ഞത്.അതിനുമുമ്പൊരിക്കല്‍,നിന്‍റെ സൈക്കിള്‍ സീറ്റ് പോലെയുള്ള മുഖം കണ്ടാല്‍ ആയിഷക്ക്‌ ചര്‍ദ്ദിക്കാന്‍ വരുമത്രെഎന്നുപറഞ്ഞതും ഈ ഭവാനി തന്നെയാണ്. അതുകൊണ്ട് വിശ്വസിക്കാതിരിക്കാനും തോന്നിയില്ല.എട്ടാംക്ലാസ്സ് വരെ രണ്ടുപേരും ഒരേ ബഞ്ചിലിരുന്നാണ് പഠിച്ചത്. മനസ്സുകള്‍ അന്യോന്യം പണയംവച്ചപോലെയാണ് പെരുമാറ്റം. മാസത്തില്‍ ഒരിക്കലെങ്കിലും പലിശയടച്ചു സൌഹൃദം പുതുക്കിയില്ലെങ്കില്‍ ഇരുവര്‍ക്കും ഉറക്കം വരില്ല.സാധാരഗതിയില്‍ ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ആയിഷ അങ്ങാടിയിലേക്കു വരും. ചിലപ്പോള്‍ നുനുത്തൊരു ചിരിയോടെ ഉമ്മയും കനത്ത മുഖത്തോടെ ഉപ്പയും ഒപ്പമുണ്ടാകും. ഉപ്പ ടാപ്പിംഗ് കത്തി കാച്ചി മൂര്‍ച്ച കൂട്ടാനായി കരുവാന്‍ മാണിയുടെ ആലയില്‍ കയറിയാല്‍ ഉമ്മ  ഭവാനിയുടെ അമ്മയില്‍ നിന്നും കുത്തരി വാങ്ങി തിരിച്ചു പോകും. ഭവാനിയുടെ അമ്മക്ക് നെല്ലുകുത്തി അരിയാക്കി വില്‍ക്കുന്ന പണിയാണ്.നേരില്‍ കാണുമ്പോള്‍ ആയിഷയുടെ മുഖത്തുനിന്നും ആ മനസ്സ് വായിച്ചെടുക്കാനൊന്നും കഴിയില്ല. മനസ്സിലുള്ള ശുഭാപ്തിവിശ്വാസത്തിന്‍റെ തിളക്കമായിരുന്നു അവളുടെ കണ്ണുകളിലെ ചിരസ്ഥായിയായ ഭാവം. ആയിഷയെ ഒറ്റക്ക് കണ്ടാല്‍  ഒരു വസന്തകാലം വന്നെത്തിയതുപോലെയാണ് എനിക്കു തോന്നുക. എന്നാല്‍ അവളുടെ ഉപ്പ കൂടെയുണ്ടെങ്കില്‍ അതൊരു ഗ്രീഷ്മമായി മാറും. അവള്‍ക്ക് ചുറ്റും പാറിനടക്കുന്ന വണ്ടുകളേയും കിളികളേയും അകറ്റാന്‍ പാകത്തില്‍ ആ കണ്ണുകള്‍ എപ്പോഴും തീഷ്ണമായി ജ്വലിച്ചു. അതുകൊണ്ടുതന്നെ പലനാളുകളിലെ വിദൂരക്കാഴ്ച്ചകള്‍ക്ക് ശേഷവും എനിക്കവളോട് ഒന്നു മിണ്ടാന്‍ പോലും ധൈര്യമുണ്ടായിരുന്നില്ല. എന്‍റെ സഹനത്തിന് അതുകൊണ്ടുതന്നെ പരിധിയൊന്നും ഇല്ല.അങ്ങിനെയൊക്കെയിരിക്കെയാണ് ഭവാനിയുടെ ഈ പരിഹാസം. ഞാനതിനൊരു മറുപടിയും പറഞ്ഞില്ല. എന്നാല്‍ മറ്റൊരു ദിവസം ഭവാനി എന്നെ വിളിച്ചു ചോദിച്ചു: നീ ആയിഷയെ കണ്ടാല്‍ ഓരോന്നൊക്കെ പറയുന്നുണ്ടത്രേ എന്താ?അത് ശരിയായിരുന്നു. ആയിഷയെ കാണുമ്പോഴെല്ലാം ഞാന്‍ ഓരോന്നൊക്കെ ചോദിക്കാറുണ്ട്. ഓരോന്നൊക്കെ പറയാറുണ്ട്‌. പക്ഷെ, അതെല്ലാം എന്‍റെ മനസ്സില്‍ത്തന്നെയാണെന്നു മാത്രം. വെറുതെ തടി കേടാക്കാണ്ടല്ലോ എന്ന പേടികൊണ്ടാണ്. എന്നാല്‍ ഇതൊക്കെ ഭവാനി എങ്ങിനെയറിഞ്ഞു?ആയിഷ പറഞ്ഞതാണെന്ന് !പക്ഷെ, ആയിഷ ഇതൊക്കെ എങ്ങിനെ അറിഞ്ഞു?എത്ര ആലോചിച്ചിട്ടും എനിക്കതിന്റെ പൊരുള്‍ കിട്ടിയില്ല. അതുകൊണ്ട് എനിക്കു തോന്നിയതെല്ലാം വീണ്ടും പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ എല്ലാം മനസ്സിലാണെന്നു മാത്രം. ആയിഷ അതൊന്നും കേട്ടില്ലെങ്കിലും ഇടക്കിടക്ക് എന്നെ നോക്കിക്കൊണ്ടിരുന്നു. എനിക്ക് സായൂജ്യമടയാന്‍ അതൊക്കെത്തന്നെ ധാരാളം.ഒരു ദിവസം ഞാന്‍ ചോദിച്ചു: ആരെക്കാണിക്കാനാണ് ആയിഷാ നീയെന്നും ഇങ്ങിനെ ചമഞ്ഞൊരുങ്ങി കാടും കുന്നും ഇറങ്ങി വരുന്നത്? മനസ്സിലാണെങ്കിലും ആയിഷ മണത്തറിഞ്ഞെങ്കിലോ എന്നു ഭയന്നു അവള്‍ തെല്ലകലെ എത്തിയിട്ടാണ്  എന്‍റെ ചോദ്യം. എങ്കിലും എന്നെ അമ്പരപ്പിച്ചുകൊണ്ട്‌  അതേ നിമിഷംതന്നെ അവള്‍ കടുപ്പിച്ചൊന്നു നോക്കി.പിറ്റേന്നു എന്നെ ഞെട്ടിത്തരിപ്പിച്ചുകൊണ്ട്‌ ഭവാനി പറയുകയാണ്‌: നീയെന്താ കാട്ടീത്? അന്യൊരു പെണ്‍കുട്ടിയോട് ഇങ്ങിനെയൊക്കെ ചോദിക്കാനും പറയാനും പാടുണ്ടോ? അവളുടെ ഉപ്പ പകരം ചോദിക്കാന്‍ വരുന്നുണ്ട്.ഞാനെന്തു ചോദിച്ചെന്നാണ് പറയുന്നതെന്നു അത്ഭുതവും ആശങ്കയും ഒക്കെ മറച്ചുവച്ചു ഞാന്‍ നിന്നു. എന്നാല്‍ എന്നെത്തന്നെ സശയിക്കാനും തുടങ്ങി. എന്‍റെ നാവില്‍നിന്നും ഞാനറിയാതെ വല്ലതും പുറത്തു ചാടിയിരിക്കുമോ? അവളെന്തെങ്കിലും കേട്ടിരിക്കുമോ എന്നൊക്കെയൊരു സംശയം എന്നെ ചിന്താക്കുഴപ്പത്തിലാക്കി. അങ്ങിനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഇനി കൂടുതല്‍ സംശയിക്കാനൊന്നും ഇല്ല. ആയിഷയുടെ ഉപ്പ ടാപ്പിംഗ് കത്തിക്ക് മൂര്‍ച്ചകൂട്ടുന്നുണ്ടാകും.എന്നാലും ഭവാനിയുടെ മുന്നില്‍ തലയുയര്‍ത്തിത്തന്നെ നിന്നു. ഇല്ല ഞാന്‍ അവളോട്‌ ഒന്നും മിണ്ടിയിട്ടില്ല. പക്ഷെ ഭവാനി സമ്മതിക്കുന്നില്ല ആയിഷ ഒരിക്കലും നുണപറയില്ല. ഞാന്‍ തല തെല്ലുതാഴ്ത്തി: ചിലപ്പോള്‍ മനസ്സില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും. ആ.. അവള്‍ നീട്ടിമൂളി.അടുത്ത ദിവസം പൂക്കാലവും ശര്ത്ക്കാലവും ഗ്രീഷ്മവും ഒക്കെ ഒന്നിച്ചാണ്  പ്രത്യക്ഷപ്പെട്ടത്. ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. എന്നാല്‍ ആയിഷയുടെ ഉപ്പയും ഉമ്മയും പ്രത്യേകിച്ചു ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെ എന്നെ കടന്നുപോയി. എനിക്ക് സമാധാനമായി. രണ്ടുനാലടി നടന്നതിനു ശേഷം ആയിഷയെന്നെ തലയൊന്നു ചരിച്ചു ഇടംകണ്ണിട്ടു നോക്കി. ഞാന്‍ അവള്‍ കാണാതെ തെല്ലു ശ്വാസം വിട്ടു.എനിക്ക് ഒരു കല്ലുപോലിരുന്നു ആയിഷയെ എന്നും കാണാം. പക്ഷെ, ഒന്നും ചിന്തിക്കാന്‍ പാടില്ല. ഇതെവിടുത്തെ നിയമമാണ്? ഇതൊക്കെ എവിടെ നടക്കും? മനസ്സില്‍ ദേഷ്യവും സങ്കടവും ഒക്കെയുണ്ട്. പക്ഷെ അടക്കിവക്കാതെ എന്തു ചെയ്യും. പിന്നെ ഞാന്‍ തന്നെ അതിനൊരു പോംവഴിയും കണ്ടെത്തി. ആയിഷയെ കണ്ടാല്‍ മുന്നില്‍ ചെല്ലാതെ മാറി നില്‍ക്കുക. അപ്പോള്‍ എനിക്കൊരു ചിന്തയും ഉണ്ടാവില്ല. കാണാത്തപ്പോള്‍ ആ ഒരു ചിന്തയെ ഉള്ളുവെങ്കിലും മറ്റാരും അറിയില്ലല്ലോ.അങ്ങിനെ പല ദിവസങ്ങള്‍ .ഒരുദിവസം ഭവാനി ചോദിക്കുന്നു:ഇപ്പോളെന്താ നീ ആയിഷയോട് ഒന്നും മിണ്ടാറില്ലത്രെ.. എന്താ പിണക്കമാ?മിണ്ടിയിയില്ലെങ്കിലും മിണ്ടിയെന്നല്ലേ കുറ്റം.. ഒന്നും വേണ്ട. ഞാന്‍ ഒരു സങ്കടം അഭിനയിച്ചു. ഭവാനി പറഞ്ഞു: ആയിഷക്ക്തില്‍ വിഷമം ഉണ്ട്.നേരോ.. എന്‍റെ പരിഹാസം.അറിയാമോ.. നിന്നെക്കാണാനാ അവള്‍ ഇങ്ങിനെ വരുന്നത് തന്നെ.എനിക്കറിയില്ലേയെന്ന് ഞാന്‍ വീണ്ടും പരിഹാസത്തിന്റെ തലയിട്ടാട്ടി. എന്നാല്‍ ഭവാനിയുടെ നാക്ക് സത്യം തന്നെയാണോ പറയുന്നതെന്നു ചിന്തിച്ചു പുകയുന്നുണ്ടായിരുന്നു എന്‍റെ മറുതല.പിന്നീടൊരിക്കല്‍ തിരിച്ചു പോകുന്ന നേരത്ത് ആയിഷ അടുത്തു വന്നു. എന്നെ അങ്കലാപ്പില്‍പ്പെടുത്തി അവള്‍ എനിക്കൊരു മിഠായി നീട്ടി. ഒരു സങ്കോചത്തോടെ ഞാന്‍ അതു വാങ്ങുമ്പോള്‍ അവള്‍ ചിരിച്ചു. എവിടെയോ ഒരു പൂമരം ഉലഞ്ഞപോലെ എന്‍റെ മുന്നില്‍ വാടിയ കുറെ പൂക്കള്‍ വീണു.ആയിഷ പഠിക്കാന്‍ എന്തൊരു മിടുക്കിയായിരുന്നെന്നറിയോ? പിന്നെ അങ്ങിനെയായിരുന്നു ഭവാനിയുടെ തുടക്കം. പഠിക്കാന്‍ പറ്റാത്തതില്‍ അവള്‍ക്ക് സങ്കടം ഉണ്ട്. ഇനിയും പഠിക്കണം എന്നാണ് ആഗ്രഹം. ആയിഷ മനസ്സ് എന്നെക്കാണിക്കാന്‍ എല്പ്പിച്ചതു പോലെയായിരുന്നു അവളുടെ ഭാവഹാവങ്ങള്‍ . ആയിഷ ഒരു പാവമാണെന്നും വളരെ നല്ല സ്വഭാവണെന്നും മറ്റും ചില സര്‍ട്ടിഫിക്കറ്റുകളിലും അവള്‍ വാക്കാല്‍ മുദ്രവച്ചു.ആയിഷ പട്ടത്തെ നാരായണന്‍ കുട്ടിനായരുടെ കടയില്‍ നിന്നും അല്ലറചില്ലറ സൌന്ദര്യവര്‍ധക വസ്തുക്കളെല്ലാം വാങ്ങി ഭവാനിയെ കാണും. ഒരുപാട് നേരം അവര്‍ വര്‍ത്തമാനം പറയും. പിന്നെ തിരിച്ചുപോകുന്ന നേരം റോഡിന്റെ വളവില്‍ ചെന്നുനിന്നു എന്നെ മാടിവിളിക്കും. മറ്റാരും കാണാതെ മൈലാഞ്ചിക്കൈ നിവര്‍ത്തി  എനിക്ക് ഒരു മിഠായി നീട്ടും. അതിനൊപ്പം ചുണ്ടില്‍ ഒരു പുഞ്ചിരിയും ഉണ്ടാകും.അപ്പോഴും എനിക്കു ഒന്നും ചോദിക്കാനും പറയാനുമുള്ള ധൈര്യമൊന്നും ഇല്ല. എന്നാല്‍ അവള്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ പറയേണ്ടതെല്ലാം മനസ്സില്‍ പാകപ്പെടുത്താനുള്ള ഒരു ധൈര്യമൊക്കെ വന്നിട്ടുണ്ട്. എനിക്കു പറയാനുള്ളതെല്ലാം ആയിഷക്ക് മനസ്സില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നു തീര്‍ച്ച. പിന്നെപ്പിന്നെ ഒരു പുഞ്ചിരിക്കു വട്ടംവച്ചു. വരുന്നോ എന്നൊരു ചോദ്യവും ചുണ്ടില്‍  നിന്നൂറി. പാടത്തിനക്കരെയുള്ള റബ്ബര്‍ തോട്ടത്തിലെ തേക്കും കുന്നിവാകയും ആയിഷക്ക്‌ തണല്ക്കുട പിടിച്ചുകൊടുക്കുന്നത് എന്നുമെന്നെ പ്രലോഭിപ്പിച്ചു. എങ്കിലും ധാരാളം അതിര്‍ വരമ്പുകള്‍ ഉള്ള ഒരു പാടം ഞങ്ങള്‍ക്കിടയില്‍ നെല്ലും പതിരും കലര്‍ന്നു കിടന്നിരുന്നു. അതുകൊണ്ടുതന്നെ പിന്നെ വരാം എന്നൊരു മറുപടിയാല്‍ ഞാനെപ്പോഴും കൃത്യമായൊരു അകലം പാലിച്ചു. അവള്‍ക്കറിയാമായിരിക്കണം എന്‍റെ മൌനത്തിലടങ്ങിയ ഭയവും നിസ്സഹായതയുമെല്ലാം. അവള്‍ തട്ടത്തിന്റെ തലപ്പ് വാരിയിട്ടു മുഖം മൂടും. ഇടക്കിടെ തിരിഞ്ഞു നോക്കി കൈവീശിക്കാണിച്ചുകൊണ്ട് അവള്‍ പാടം താണ്ടും. തൃക്കോവിലിന്റെ മുന്നിലൂടെ റബ്ബര്‍ കാടിന്റെ പച്ചപ്പില്‍ ലയിക്കുന്ന ആയിഷയെ നോക്കി ഞാന്‍ ഇലകൊഴിഞ്ഞ പോലെ നില്‍ക്കും. പിന്നെ അവളെ വീണ്ടും കണ്ടുമുട്ടും വരെ എന്‍റെ എല്ലാ കണ്ണുകളും ആകാശം ചൂഴ്ന്നുകൊണ്ടിരിക്കും.
ചിലപ്പോള്‍ കുറെ ദിവസത്തേക്ക് ആയിഷയെ കാണാതാവും. ഉപ്പയും ഉമ്മയും കൂടി മകളെ എങ്ങോട്ടോ കൊണ്ടുപോകും. അപ്പോള്‍ നടന്നാലും നടന്നാലും ദൂരം നീങ്ങാത്ത ഒരു നിഴലാണവള്‍ . അവര്‍ മകളെ അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെയാണ് പട്ടാമ്പിയിലേക്കുള്ള ബസ്സില്‍ കയറ്റിയിരുത്തുക.കൂട്ടുകാരിയെ കാണാതായാല്‍ വിശേഷങ്ങളറിയാതെ വീര്‍പ്പുമുട്ടുന്ന ഭവാനി ചിലപ്പോള്‍ ആയിഷ എന്നുവരും എന്ന് ചോദിച്ചുകൊണ്ട് വായനശാലയില്‍ പ്രത്യക്ഷപ്പെടും. റബ്ബര്‍ തോട്ടത്തിന്റെ നടുക്കുള്ള പാടിയിലെ വീട്ടുമുറ്റത്ത് ആയിഷക്കൊരു മയിലാഞ്ചിക്കാടുണ്ട്. ഭവാനിയുടെ കയ്യും കാലും അണിയുന്നത് ആയിഷയുടെ മയിലാഞ്ചിയിലകളാണ്. ആ മയിലാഞ്ചിച്ചുവപ്പ് മങ്ങാന്‍ തുടങ്ങിയാല്‍ ആയിഷ തിരിച്ചെത്തിയോ എന്നറിയാന്‍ അവള്‍ കുഞ്ഞിമോയ്തീനെ കാത്തിരിക്കും.ആയിഷയുടെ അയല്‍ക്കാരനായതുകൊണ്ട് കുഞ്ഞുമൊയ്തീന്‍  ആ പോക്കുവരവുകളുടെ മുഴുവന്‍ ചരിത്രവും അറിയാം. എല്ലാ വൈകുന്നേരവും കുഞ്ഞുമൊയ്തീനും വായനശാലയില്‍ ഉണ്ടാകും. ആയിഷ വന്നോ വന്നില്ലെങ്കില്‍ എന്നുവരും എന്നെല്ലാം കുഞ്ഞുമൊയ്തീന്‍ പറയും.ഒരു ദിവസം കുഞ്ഞിമൊയ്തീനില്‍ നിന്നാണ് ഞാന്‍ ആ സത്യം അറിയുന്നത്. ആയിഷ വിവാഹിതയാണ്. അവളുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും അവള്‍ക്ക് ഭര്‍തൃവീട്ടില്‍ കഴിയാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാണ് എന്നും ഇവിടെ വന്നു താമസിക്കുന്നതെന്നും ഇടക്കിടക്ക് നിര്‍ബന്ധപൂര്‍വ്വം അവിടെ കൊണ്ടുപോയി വിടുകയാണ് എന്നും മറ്റുമുള്ള കഥകള്‍ .ആദ്യമായി ഇതെല്ലാം കേട്ടപ്പോള്‍ ഞാന്‍ ഏറെ നേരം വായും പൊളിച്ചിരുന്നു. ഭവാനിക്ക് എല്ലാം അറിയാം. എന്നിട്ടും ഇതുവരെ എനിക്കൊരു സൂചനപോലും തന്നില്ല. ഇപ്പോഴാണ് അവളുടെ ഉപ്പയുടെ കണ്ണിലെ കത്തിമുനയുടെ മൂര്‍ച്ച എന്‍റെ മനസ്സില്‍ തട്ടിയത്. അതൊരു കുറ്റബോധത്തിന്‍റെ നീറ്റലായി. എന്നാല്‍ അരുതാത്തതൊന്നും ചെയ്തുപോയിട്ടില്ലല്ലോ എന്ന ആത്മവിശ്വാസം ആ മുറിവ് ഉണക്കി. എങ്കിലും എന്‍റെ നാവിന്‍റെ കടിഞ്ഞാണ് അതോടെ പൊട്ടി. ആയിഷയെ പറ്റിയുള്ള എന്‍റെ ചോദ്യങ്ങളും സംശയങ്ങളും മാത്രമാണ് പിന്നെ അതിന്‍റെ തുമ്പില്‍ . അതൊക്കെ കേട്ടപ്പോള്‍ കുഞ്ഞിമൊയ്തീന്‍ വയറ്റില്‍ കൈവച്ചു ചിരിക്കാന്‍ തുടങ്ങി. ചിരിച്ചു ചിരിച്ച് അവനു വയറുവേദനയും വന്നു.പക്ഷെ, കുഞ്ഞുമൊയ്തീനറിയാത്തതും പലതും ഉണ്ടാകുമല്ലോ. ആയിഷയുടെ മനസ്സിലെന്താണ്? വേറെ ആരെങ്കിലും ഉണ്ടൊ? അവള്‍ക്ക് ഭര്‍ത്താവിന്റെ വീട്ടിലേക്കു പോകാനും അവിടെ കഴിയാനുമുള്ള ഈ ഇഷ്ടക്കുറവിനുള്ള കാരണമെന്താണ്? അതിന്‍റെ ഉള്ളുകള്ളികള്‍ അറിയാന്‍ കുഞ്ഞിമൊയ്തീന്‍ ഒരു നിഴല്‍പോലെ കുറേക്കാലം അവളെ പിന്തുടര്‍ന്നുവത്രെ. ഞങ്ങളുടെ ചങ്ങാത്തവും മിഠായിക്കച്ചവടവുമൊക്കെ അവനറിയാമായിരുന്നെങ്കിലും ആയിഷയെ ആകര്‍ഷിക്കാനുള്ള ഒരു കോപ്പും എന്‍റെ മോന്തയില്‍ ഇല്ലെന്ന തിരിച്ചറിവില്‍ അവന്‍ എന്നെ മാത്രം സംശയിച്ചില്ല.
ചിലപ്പോള്‍ ഭവാനിക്ക് എല്ലാം അറിയാമായിരിക്കുമെന്ന് ഞാനൂഹിച്ചു. എന്നാല്‍ അവളോട്‌ ചോദിച്ചാല്‍ കിട്ടുന്ന ഉത്തരവും അതിന്‍റെ അനന്തരഫലങ്ങളും ഓര്‍ത്തുള്ള ഒരു ഭയം എന്നെയും പിന്തിരിപ്പിച്ചു.ആയിഷ ഭര്‍തൃവീട്ടില്‍ നിന്നും വന്നാല്‍ തിരിച്ചുപോകേണ്ട ഇടവേളയ്ക്കു് ക്രമേണ ദൈര്‍ഘ്യം കൂടി വന്നു. ഒരിക്കല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍നിന്നും അവധിക്കു വന്ന ഭര്‍ത്താവ് വന്നു വിളിച്ചിട്ടുപോലും ആയിഷ  തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. അങ്ങിനെ അയാള്‍ അവളെ മൊഴിചൊല്ലി. അതോടെ അവളുടെ വിവാഹജീവിതം അവസാനിച്ചു.കുറച്ചു കാലം വീട്ടിനകത്ത് തന്നെ തളക്കപ്പെട്ടുവെങ്കിലും വീണ്ടും അവള്‍ അങ്ങാടിയില്‍ വരാന്‍ തുടങ്ങി. അതില്‍പ്പിന്നെ ചിരിയും കളിയും കുറച്ചു. നടപ്പില്‍ ഒരു അടക്കവും ഒതുക്കവുമൊക്കെ കാട്ടി. എങ്കിലും മൈലാഞ്ചിക്കയ്യില്‍ എന്നും മിഠായിയുണ്ടാകും. അവള്‍ എന്‍റെ അടുത്തു കൂടി പോകുമ്പോഴേക്കും ആലയില്‍ നിന്നും തീയാളും. മകളുടെ ചുവടുകള്‍ക്കൊപ്പം പിച്ചവക്കുന്ന പരിക്ഷീണമായ രണ്ടു കണ്ണുകള്‍ ഞങ്ങള്‍ക്കിടയില്‍ എന്നും അങ്ങോട്ടുമിങ്ങോട്ടും പറന്നു.കാലം വിശാലമായി പടര്‍ന്നു പന്തലിച്ച ഒരു പൂമരത്തണലായി. അതിനുമീതെ എനിക്ക് ചുറ്റും ആയിഷയുടെ വാക്കുകളുടേയും കാറ്റില്‍ പൊഴിയുന്ന പൂക്കളുടേയും പ്രളയം.ആരും ആവശ്യപ്പെടാതെത്തന്നെ ഭവാനി എന്‍റെ മുന്നില്‍ ആയിഷയുടെ മനസ്സു തുറന്നു കൊണ്ടിരുന്നു. അങ്ങിനെയാണ് അവളുടെ ഭര്‍തൃവിരക്തിയുടെ കാരണം മനസ്സിലായത്‌. ഒരാളെ കല്യാണം കഴിക്കുക. പിന്നെ മറ്റൊരാള്‍ക്കൊപ്പം ജീവിക്കുക. അതിനു കഴിയാഞ്ഞിട്ടാണ് ബന്ധം ഒഴിയാന്‍ ശ്രമിച്ചത്. പിടിച്ചു നില്‍ക്കാന്‍ പരമാവധി നോക്കിയതാണ്. ആ വീട്ടില്‍ ജീവിച്ചാല്‍ എന്നെങ്കിലും താനും അങ്ങിനായിപ്പോകും. അതാ അവിടത്തെ സാഹചര്യമെന്ന് പറഞ്ഞ് അവള്‍ കരഞ്ഞതിനു കണക്കില്ലത്രെ.അവള്‍ക്ക് ഇനി ഒരേയൊരു ആഗ്രഹം മാത്രം. പഠിക്കണം. അതിന് ഉപ്പയും ഉമ്മയും സമ്മതിക്കണം. ഒരിക്കലും അവര്‍ക്ക് ഒരു ചീത്തപ്പേരും ഉണ്ടാക്കില്ലെന്ന് സത്യം ചെയ്തിട്ടാണ്‌ പുറത്തേക്കു വിടുന്നത്. ആ പാവത്തിന്റെ മനസ്സ് ആരും കാണുന്നില്ലല്ലോ ദൈവമേ എന്ന് അവള്‍ നെടുവീര്‍പ്പിട്ടു.എന്നാല്‍ പൂക്കളുടെ പ്രളയകാലത്തിലേക്ക് പെട്ടെന്നൊരുനാള്‍ ഒരു ചുഴലിക്കാറ്റ് വീശി. കരിയിലകള്‍ പറന്നു. അതിനിടയില്‍ മരുഭൂമിയിലെക്കൊരു പാത തെളിഞ്ഞു വന്നു.ഒരിക്കല്‍ കാണുമ്പോള്‍ ആയിഷ ഒരുപാട് മിഠായി മയിലാഞ്ചിക്കയ്യില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്: അന്നു മുഖത്ത് പതിവില്‍ കവിഞ്ഞ ഒരു സന്തോഷമുണ്ട്. അതുമുഴുവന്‍ എന്നിലേക്ക് ചൊരിഞ്ഞു:ഒടുവില്‍ ഉപ്പ എന്നെ പഠിപ്പിക്കാമെന്നു സമ്മതിച്ചു.അടക്കലോ ഒതുക്കലോ ഇല്ലാതെ അവള്‍ ചിരിച്ചു.അത് നന്നായി. എന്‍റെ മനസ്സ് മരുപ്പാതയുടെ നീളം അളക്കുകയായിരുന്നു. എങ്കിലും ഞാനെന്ത് മനസ്സില്‍ പറഞ്ഞാലും ആയിഷക്ക്‌ അതെല്ലാം മനസ്സിലാക്കാന്‍ കഴിയുന്ന മനസ്സിന് അപ്പോഴും വയസ്സായിട്ടൊന്നും ഇല്ല. എന്നാല്‍ എനിക്കവളെ മനസ്സിലായിട്ടുമില്ല. അതുകൊണ്ടായിരിക്കണം ചില സംശയങ്ങള്‍ :ഇനി പഠിച്ചിട്ടൊക്കെ എന്തിനാ..?അവളുടെ മുഖം വാടി:എന്താ പഠിക്കുന്നത് ഇഷ്ടമല്ലേ..?ഉം..എങ്ങിനെയെങ്കിലും എനിക്കും ജീവിക്കണ്ടേ?ഞാന്‍ മുക്കിമൂളി.എന്താ ഒരു സന്തോഷവും ഇല്ലല്ലോ?ഏയ്‌..അതല്ല.. എന്തോ ഉണ്ട്..ഇല്ല..അവള്‍ക്ക് സംശയം: എന്താ തിരക്കുണ്ടോ?എന്താ..?ഈ സഞ്ചി ഒന്നു പിടിക്ക്വോ.. പാടം കയറും വരെയെങ്കിലും കൂടെ വര്വോ..?പ്രതീക്ഷയും സങ്കോചവും ചേരുമ്പോഴും അവളുടെ മുഖത്തിനു ചന്തം കൂടും. ഇതവളുടെ ജീവിതസ്സഞ്ചിയാണോ എന്നായി പിന്നെ എന്‍റെ സംശയം. അതുകൊണ്ടുതന്നെ ആദ്യം ഞാന്‍ ചുറ്റും നോക്കി. എന്‍റെ ഭാഗ്യം. എന്‍റെ മനസ്സുപോലെത്തന്നെ വിജനമാണ് ഞങ്ങളുടെ എല്ലാ വഴികളും. ഞാന്‍  അവളുടെ കൈയില്‍ നിന്നും ആ സഞ്ചി വാങ്ങി. അതിന് വെറും ഒരു തൂവലിന്റെ ഭാരം മാത്രം. സഞ്ചി ഉയര്‍ത്തി ഞാന്‍ അവളെ നോക്കിയപ്പോള്‍ അവള്‍ ചിരിച്ചു:അതേ.. പാടവരമ്പിലൂടെ അല്‍പ്പദൂരം ഒന്നിച്ചു നടക്കാമെന്ന്  വിചാരിച്ചു പറഞ്ഞതാ..അവളെന്റെ മനസ്സിലേക്കു തന്നെയാണ് കാതോര്‍ക്കുന്നത്. എന്‍റെ അവസാനത്തെ ആഗ്രഹമാണല്ലോ അവള്‍ ആദ്യമായി പറഞ്ഞു തുടങ്ങുന്നത്.  ഞാന്പ്പോള്‍  ദൂരെയുള്ള ആലയിലേക്ക്‌ നോക്കി.എന്താ പേടിയായൊ?ഉപ്പ..?അതൊന്നും സാരമില്ല.. കുറച്ചു ദൂരമല്ലേ വാ പോകാം: അവള്‍ നടന്നുതുടങ്ങി. മരുഭൂമിയിലേക്ക് നീട്ടിയ എന്‍റെ കാലുകള്‍ ഒരു നിമിഷത്തേക്കു പിന്‍വലിഞ്ഞതുപോലെ: മനസ്സ് ആ നിമിഷത്തെക്കെന്നെ മറന്നു:കുറച്ചുദൂരമല്ല.. ഒരു കടലും കടക്കാം..ആയിഷ അതു കേട്ടു!ഇപ്പൊ എന്താ വിചാരിച്ചത്.. അല്ല എന്താ പറഞ്ഞത്..അപ്പൊ സംസാരിക്കും..അവള്‍ ചോരവിരല്‍ സ്വന്തം കവിളില്‍ മുട്ടിച്ചു ചിരിച്ചു.അവളുടെ കണ്ണുകള്‍ അത്ര മനോഹരമായി തിളങ്ങിയ ഒരു സന്ധ്യ  അതുവരെ ഞാന്‍ കണ്ടിട്ടില്ല. ചുണ്ടുകള്‍ക്കിടയിലെ മുല്ലമൊട്ടുകള്‍ ഏറെനേരം കഴിഞ്ഞിട്ടും കൊഴിഞ്ഞില്ല.ഞങ്ങള്‍ ഒന്നും രണ്ടും മൂന്നും വരമ്പുകള്‍ കടന്നു. ഉണങ്ങിയ പുല്‍ക്കൊടികളും ഞണ്ടിന്റെ പൊത്തുകളുമല്ലാതെ പലപ്പോഴും ഞങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം വിണ്ടടര്‍ന്നിരുന്നു പാടം. പിന്നെ അവള്‍ തുടങ്ങി: എങ്ങിനെയെങ്കിലും പത്താംക്ലാസ്സ് പാസ്സാവണം. എന്തെങ്കിലും ഒരു കൈത്തൊഴില്‍ പഠിക്കണം. ആ കാട്ടില്‍ നിന്നിറങ്ങി നാട്ടില്‍ എവിടെയെങ്കിലും ഒരു വീട് വക്കണം.അപ്പോള്‍ ഞാന്‍ ആ വീട്ടിലേക്ക് കയറി: വീടിന്റെ അതിരുകള്‍ മുഴുവന്‍ മയിലാഞ്ചി വേണം.ന്‍റെ റബ്ബേ..മുഖത്ത് ചിരിയുടെ പൊടിപൂരം: ഇന്ന് മഴ പെയ്യും.. തീര്‍ച്ച.ഞാന്‍ ഒരു മിണ്ടാപ്പൂച്ചയാ.. ഇടക്ക് ഞാന്‍ ശരിക്കും പറഞ്ഞു. പിന്നെ ചോദിച്ചു: എന്തായാലും സങ്കടം തീര്‍ന്നല്ലോ..അതേ.. സത്യാണ്..
എന്‍റെ സങ്കടം കണ്ടുകണ്ട് ഉമ്മ വാപ്പയെക്കൊണ്ട് സമ്മതിപ്പിച്ചതാണ്. ഉമ്മ പറഞ്ഞു പറഞ്ഞു തോറ്റിട്ട് ആരെക്കൊണ്ടൊക്കെ പറയിപ്പിച്ചു എന്നറിയോ? ആണും പെണ്ണും ആയിട്ട് ഒന്നല്ലേയുള്ളൂ എന്നും ഏതായാലും ഇങ്ങന്യൊക്കെ ആയ സ്ഥിതിക്ക് ഇനി അവളുടെ ഇഷ്ടം പോലെ പഠിക്കാന്‍ പൊക്കോട്ടെ എന്നും ഒക്കെ.. അങ്ങിനെ ഉപ്പ ഒരുവിധം സമ്മതം മൂളി.ഇടക്ക് ചോദിച്ചു: എന്താ അഭിപ്രായം?ഞാന്‍ കേള്‍ക്കുന്നുണ്ട്.എന്നാല്‍ ഇനി അഭിപ്രായം പറ..അപ്പോള്‍ ഞാനൊരു മുനിയായി. മരുഭൂമിയിലാണ് തപസ്സ്. അവിടെ ഭാഷയും വാക്കുകളും മനസ്സിനൊരു കിട്ടാക്കനിയാകുമെന്നു ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം. ഒരു ജീവിതം മുഴുവന്‍ എനിക്ക് അവളോട്‌ പറയാനുള്ളതെല്ലാം നാവിന്‍ തുമ്പില്‍ കല്ലിച്ചു കിടക്കുന്നു. എന്നിട്ടും ഞാന്‍ ഏതോ ഒരു വാക്കിനു വേണ്ടി പരതിക്കൊണ്ടിരുന്നു. ഏതാണ് ആ വാക്ക് എന്നറിയില്ലെങ്കിലും പിടിതരാതെ അത് നാവില്‍ നിന്നും വഴുതിപ്പോകുന്ന അവസ്ഥ. എനിക്ക് ആദ്യമായി യാത്രപറഞ്ഞു പിരിയേണ്ടവളല്ല മുന്നില്‍ നടക്കുന്നതെന്ന ഒരു ചിന്തയാവണം എന്തെങ്കിലുമൊക്കെ പറയുന്നതില്‍ നിന്നും എന്നെ മനസ്സ് വിലക്കുന്നത്.ഒടുവില്‍ ഞങ്ങളൊരു മുറിവരമ്പിലെത്തി.ഒരു മണല്ക്കുഴിയില്‍ കഴുത്തോളം ആണ്ടു കഴിഞ്ഞാല്‍ അവസാനത്തെ നാക്കില്‍ നിന്നും ഒരാശ്രയത്തിനായി ഏതു മനസും പിടയും:ആയിഷാ..എന്‍റെ വിളി അവളുടെ മുന്നോട്ടുള്ള ഗതിയെ വിലക്കി. അവളുടെ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും മുറിഞ്ഞു. ആ മനസ്സിന്‍റെ കുതിപ്പ് ഞാന്‍ അറിഞ്ഞു:എന്തേ..?എനിക്ക് ഒരു കാര്യം പറയാനുണ്ട്..അതന്നല്ലേ ഞാന്‍ പറഞ്ഞത് എന്തായാലും പറ. എന്തെങ്കിലും കേള്‍ക്കാന്‍ തന്നെയല്ലേ നടക്കാന്‍ വിളിച്ചത്.തിളങ്ങുന്ന രണ്ടു കണ്ണുകള്‍ കണ്ടെത്തിയപ്പോഴേക്കും എന്‍റെ കാഴ്ച്ചയെല്ലാം വറ്റി. ഞാന്‍ വെറും ഒരു ശബ്ദമായി:ഞാന്‍ മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോവുകയാണ്.. അത് പറയാനാ വന്നത്..ഏ..?എന്‍റെ വാക്കുകളാല്‍ വളയപ്പെട്ടു കഴിഞ്ഞവള്‍ ഒന്നു വട്ടം കറങ്ങിയതുപോലെ തോന്നി. ശൂന്യമായ കണ്ണുകളോടെ എന്തോ പറയാനായി പാതി തുറന്ന നിലയില്‍ ചുണ്ടുകള്‍ വിറകൊണ്ടു. എന്നാല്‍ നിമിഷാര്‍ദ്ധം കഴിഞ്ഞപ്പോഴേക്കും അവ ഒരു പുഞ്ചിരിയില്‍ വിടര്‍ന്നു:ആ.. ഇതാണ് പതിവില്ലാത്ത സന്തോഷം അല്ലെ? ഇതു പറയാനായിരുന്നു വിളിച്ചപ്പോഴേക്കും ഓടിവന്നതല്ലേ? നല്ല ആള് തന്നെ. ഇതുവരെ ഒരു സൂചനപോലും തന്നില്ലല്ലോ?അത്..എന്ത് ചെയ്യാനാ? ജീവിതമല്ലേ? അതിങ്ങനെയൊക്കെത്തന്നെയാണ്.. പോയി നല്ലൊരു നിലയില്‍ എത്തണം. ഞാനും ദുആ ചെയ്യുന്നുണ്ട്.ആയിഷാ.. എന്നു വിളിച്ചു കൊണ്ട് ഞാന്‍ സമാധാനിപ്പിക്കാന്‍ നോക്കുന്നത് അവളെയല്ല എന്നെത്തന്നെയാണ്.എപ്പഴാ പോണത്..?
മറ്റന്നാള്‍ ഉച്ചക്ക്..ഇനി എന്നാ കാണാന്‍ കഴിയാവോ?പെട്ടെന്നു മുന്നോട്ടാഞ്ഞു അവള്‍ എന്‍റെ കൈകളില്‍ കടന്നു പിടിച്ചു. ഞങ്ങളുടെ വിരലുകള്‍ കോര്‍ന്നു വിറച്ചു.അല്‍പ്പം കഴിഞ്ഞപ്പോള്‍ വരമ്പിന്റെ മറുതലക്കല്‍ നിന്നും വരണ്ട ഒരു ചുമ ഞങ്ങളെ പരസ്പരം അകറ്റി.ഗള്ഫില് പോവ്വാത്രേ.. യാത്ര പറയാന്‍ വന്നതാണ്. അവള്‍ എനിക്കു വേണ്ടി ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തുകഴിഞ്ഞു. പിന്നെ ആരേയും പേടിയില്ലാത്തതുപോലെ ചിരിച്ചു: എന്നാ ശരി..പോയി വന്നിട്ടു കാണാം.. തട്ടം വായിലിട്ട് അവള്‍ കൈവീശി നടന്നു കഴിഞ്ഞു.ആയിഷയുടെ ഉപ്പക്ക് ഒന്നും പറയാനില്ല. അയാള്‍  ആരേയും നോക്കാതെ ഒന്ന് ചിരിച്ചെന്നു വരുത്തി. പിന്നെ എന്നെ ചേര്‍ത്തുപിടിച്ചു വരമ്പ് മാറിക്കടന്നു. മുഖത്ത് വിയര്‍പ്പിന്‍റെ തുള്ളികളും മനസസംഘര്‍ഷത്തിന്റെ ചാലുകളും മാത്രം.  പുതുമഴക്ക് നനഞ്ഞ പൂഴി പോലെ നീരൂറുന്ന രണ്ടു കണ്ണുകള്‍ . അയാള്‍ എന്നിലെ പിടിവിട്ടു. ഒറ്റവരമ്പില്‍ ഇടമില്ലാത്തത് പോലെ കണ്ടത്തിലൂടെ നടന്ന് ആയിഷയെ അനുഗമിച്ചു.ഇപ്പോള്‍ ഞാന്‍ ശരിക്കും വേരുകളും കാതലും പൂതലിച്ചുപോയ ഒരു ഉണക്കമരം തന്നെ. എപ്പോഴോ ഒരു കാറ്റടിച്ചു.ഒന്നും പറയണ്ടായിരുന്നു അവളെ വിഷമിപ്പിക്കേണ്ടായിരുന്നു എന്ന്  ഇതെല്ലാം കേട്ടപ്പോള്‍ ഭവാനി പറഞ്ഞു : ആയിഷക്ക്‌ നാടുവിട്ടു പോണവരെ ഇഷ്ടമേയല്ല. നീ ഇങ്ങനെ ചതിക്കുമെന്ന് അവള്‍ കരുതിയിട്ടുണ്ടാവില്ല.ഭാവാനിക്ക് തെറ്റിയെന്നു ഞാന്‍ തിരുത്തി: സന്തോഷത്തോടെയാണ് ആയിഷ യാത്ര പറഞ്ഞു പോയത്. ഒരു സങ്കടവും ആ മുഖത്തുണ്ടായിരുന്നില്ല. പിന്നെ ഞാന്‍ എന്തു ചതി ചെയ്തെന്നാണ് പറയുന്നത്?നുണയായിരുന്നു എന്ന് എനിക്കുതന്നെ അറിയാമായിരുന്ന എന്‍റെ വിശദീകരണത്തിനു ഭവാനി ഒരു മറുപടിയും നല്‍കിയില്ല. പക്ഷെ, ആയിഷയുടെ മനസ്സ് അവളുടെ കണ്ണില്‍ ഉരുണ്ടുകൂടി.അവള്‍ നല്ല കുട്ടിയാണ്.. നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്.. അവള്‍ക്കിത് സഹിക്കാനാവില്ല.. അവള്‍ക്ക് നിന്നെ അത്ര ഇഷ്ടമാണ്. സത്യം..സത്യം.അവള്‍ ജാതിയും മതവുമൊന്നും ഇല്ലാത്ത ഒരു നീളന്‍ നാവാല്‍ ദൈവനാമങ്ങളില്‍ ആയിഷയെ സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്‍റെ തലക്കുമുകളില് മേഘങ്ങള്‍ തൂങ്ങി. ആകാശം ഇരമ്പി. വീണ്ടും ഒരു കാറ്റ് എന്നെ പിടിച്ചുലച്ചു. ജീവിതവും മരണവും ഇല്ലാത്ത ഒരു ശരാശരി പ്രവാസിയുടെ മൂന്നു പതിറ്റാണ്ടുകള്‍ എന്‍റെ കാല്‍ക്കീഴിലൂടെ ഒഴുകി മറവിയുടെ ഭൂതകാലത്തില്‍ കലര്‍ന്നു.ഉപ്പിലിട്ട ഒരു ഉണക്കമീനിന്റെ കണ്ണുകളോടെ ഭവാനി തിരിഞ്ഞു നിന്നു. അവള്‍ ചോദിക്കുന്നു:ആയിഷക്ക്‌ സുഖമല്ലേ..?എനിക്കൊന്നും മനസ്സിലായില്ല.ആയിഷ..?പൊതുവഴികള്‍ പലരേയും തിരിച്ചറിയാതെ കടന്നു പോകാറുണ്ടല്ലോ.അവള്‍ക്ക് ആളുതെറ്റിയതാവും.. എന്ന് ഭവാനിയുടെ അമ്മ ഒരു ചിരിയോടെ എന്നെ തിരിച്ചറിഞ്ഞു. അപ്പോള്‍ എന്‍റെ മനസ്സില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു മുഖം എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ഒരകലത്തിലേക്ക് അടുത്തുവന്നു.ഭവാനി..!അവള്‍ക്ക് നിന്നെ മനസ്സിലാവാഞ്ഞിട്ടാ.. മോളെ ഇത് നമ്മടെ.. അമ്മ അവള്‍ക്ക് എന്‍റെ വിത്തും പേരും ഒക്കെ കൃത്യമായി പറഞ്ഞു കൊടുക്കുന്നുണ്ട്. എന്നിട്ടും ഞാന്‍  തൊട്ടടുത്താണെങ്കിലും വളരെ അകലങ്ങളിലെവിടെയോ ആണെന്ന മട്ടിലാണ് ഭവാനിയുടെ നോട്ടവും ഭാവവും.സുഖമല്ലേ..? എവിടുന്നാ വരുന്നത് ? എന്നൊക്കെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം ഞാനും അമ്മയും തമ്മില്‍ മാത്രം. എന്നാല്‍  ഒരിടവേള കിട്ടിയപ്പോള്‍ ഭവാനി വീണ്ടും പറഞ്ഞു:ആയിഷയോട് എന്‍റെ അന്വേഷണം പറയണം.അപ്പോഴും ഉപ്പിലിട്ട മീന്‍ കണ്ണുകളും ചുണ്ടുകളിലെ ഇലയനക്കവുമല്ലാതെ മറ്റു ഭാവഭേദങ്ങളൊന്നും ആ മുഖത്തില്ല. ഞാന്‍ മറുപടി പറയാന്‍ കഴിയാതെ വിഷമിച്ചു നില്‍ക്കുന്നതു കണ്ടപ്പോള്‍  അമ്മ വല്ലാതായി.എതായിഷയുടെ കാര്യാ പെണ്ണെ നീ പറേന്നത്‌..? നിനക്ക് ഇത്രേം പറഞ്ഞിട്ടും ആളെ മനസ്സിലായില്ലെ.. എന്നാ വന്നേ..പോകാം.
പിന്നെ അവര്‍ എന്‍റെ നേരെ തിരിഞ്ഞു:ചെലപ്പൊക്കെ ഇങ്ങനന്ന്യാ.. ഒരു കഥല്യാതെ പറേന്നതാ.. കാര്യാക്കേണ്ട.വായോ.. നടക്ക്.. എന്നൊക്കെ പറഞ്ഞു അവര്‍ അവളെ കൈപ്പിടിയില്‍ ഒതുക്കി.ഭവാനി അസാധാരണമായ ഒരു അനുസരണയോടെ വഴിയുടെ അരികുപറ്റി നടന്നു. ഞാന്‍ അമ്പരപ്പിന്‍റെയും അങ്കലാപ്പിന്റെയും പൊരിവെയിലില്‍ നിന്നു വിയര്‍ത്തു.
ഭവാനിയുടെ കല്യാണം കഴിഞ്ഞതും കുട്ടികള്‍ ഉണ്ടാവാത്തതിനാല്‍ അവളെ ഭര്‍ത്താവ് ഉപേക്ഷിച്ചതും പിന്നെ അവള്‍ക്ക് "മാനസീക"മായതും ഒക്കെ അങ്ങിനെയാണ് ഞാനറിഞ്ഞത്. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ അസുഖം കൂടും. അപ്പോള്‍ അമ്മ അവളെ തൃശ്ശൂരില്‍ ഉള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുപോകും. അങ്ങിനെ പോയിവരുന്ന ഒരു നേരത്താണത്രെ ഭവാനി എന്നെ കണ്ടുമുട്ടുന്നത്.സമനില തെറ്റിയ അവളുടെ ചോദ്യം പക്ഷെ എന്‍റെ മനസ്സമാധാനമെല്ലാം കളഞ്ഞു. ആയിഷ എന്ന നാമം എവിടെ നിന്നൊക്കെയോ എന്‍റെ ചെവിയില്‍ ചൂളമടിച്ചു. ഈ ആയിഷ ആരാണെന്നറിയാനുള്ള  ഒരു ജിജ്ഞാസ എന്നില്‍ ഉണര്‍ന്നു. അവള്‍ എവിടെയാണെന്നറിയാന്‍ കൊതിച്ചു.ഞാന്‍ ഭൂതകാലമെല്ലാം ചികഞ്ഞു. മരിച്ചുപോയവരെല്ലാം ഓര്‍മ്മകളില്‍ വന്നു മടങ്ങിപ്പോയി. മനസ്സ് മാവുകളും പേരാലുകളും തണല്‍ വിരിച്ച പഴയൊരു നാട്ടുപാതയിലൂടെ രാത്രിയും പകലുമില്ലാതെ നടന്നു. അത് പാടവരമ്പുകള്‍ താണ്ടി തൃക്കോവില്‍ ചുറ്റി കാടുകയറി. പലപല അവകാശികള്‍ കൈമറിഞ്ഞ എസ്റ്റേറ്റിലെ പുതുതൈകള്‍ക്കിടയില്‍  പഴയ കുന്നിവാകയുടെയും തേക്കുമരങ്ങളുടേയും തണലുകള്‍ തിരഞ്ഞു.മരങ്ങള്‍ക്കിടയില്‍ "പാടി" മണ്മറഞ്ഞു കിടന്നിരുന്നു. ചോര്‍ന്നൊലിച്ച ചുമരുകള്‍ കഴിഞ്ഞുപോയ കാലവര്‍ഷങ്ങളുടെ ഒരേകദേശ കണക്കുകള്‍ തന്നു. അതിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നും ടാപ്പിംഗ് തൊഴിലാളികളുടെ വീടുകള്‍ ഒരുപാടാളുകളെ മാടി വിളിച്ചു കൊണ്ടുവന്നു. കാറ്റടിക്കുമ്പോഴെല്ലാം ഇളകുന്ന ചില മയിലാഞ്ചിത്തലപ്പുകള്‍ ആകാശത്തേക്കു വിരല് ചൂണ്ടി.നടന്നു ചെന്നപ്പോള്‍  അടുത്തു വരുന്നതു കണ്ടു, വഴിവക്കില്‍ മുളച്ചു പൊന്തിയ നാടന്‍ കൂണ് പോലെയുള്ള ഒരു രൂപം. പണ്ടുപണ്ട് പാടിയിലെ എതാവശ്യങ്ങള്‍ക്കും എന്‍റെ വണ്ടി വിളിക്കാന്‍ ഓടിയെത്താറുണ്ടായിരുന്ന അതേ മുഖം. വെയിലില്‍ തിളച്ചിച്ചിട്ടും മുഖത്ത് വെളുവെളുത്തൊരു ചിരി കുടചൂടി നിന്നു.കാര്‍ന്നോരും ഞാനും ഒക്കെ ഇവിടെ വീടുവച്ചു കൂടി. പിന്നേയുള്ളോരൊക്കെ പലവഴിക്കായി ചിതറിപ്പോയി.ഇടക്കിടെ കാറും ഓട്ടോ റിക്ഷയും ബൈക്കും ഒക്കെ പങ്കിടുന്നുണ്ട് ഞങ്ങളുടെ വഴി.നമ്മുടെ കുഞ്ഞിമൊയ്തീനൊക്കെ..?ആ.. കുഞ്ഞിമോയ്തീന്‍.. സുലൈമാന്‍.. ഹമീദുക്ക.. അവരൊക്കെ ഇപ്പോള്‍ മൊടവന്നൂരെ എസ്റ്റേറ്റിലാ..അപ്പോഴേക്കും വലിയവലിയ ചക്രങ്ങളില്‍ ചതഞ്ഞരയാന്‍ തുടങ്ങിയ വഴിയുടെ മരണ വിളി വിളികള്‍ മുഴങ്ങി.മണ്ണും കല്ലും മാന്തണോരാട്ടോ.. കണ്ണും മൂക്കും ഒന്നും ഉണ്ടാവില്ല. അങ്ങോട്ട്‌ മാറിക്കോളിന്‍ .കല്ലിനെ മണ്ണിനെ മരങ്ങളെ പിന്നിലാക്കി കുതിച്ചു പായുകയാണ് വഴിദൂരങ്ങളില്‍ പെട്ടുപോയ മനസ്സ്. മുന്നില്‍ നടുക്കൊരു വെളുത്ത വരയിട്ടു കണ്ണും മൂക്കും വരച്ചു വച്ച കറുത്ത പാതമാത്രം. കയറേണ്ടവര്‍ക്കും ഇറങ്ങേണ്ടവര്‍ക്കും ഇടയില്‍ മടിച്ചുമടിച്ചു നില്‍ക്കുന്ന ബസ്സ്‌.എന്നെ കണ്ടതും കുഞ്ഞിമൊയ്തീന്‍ ഉയര്‍ത്തെഴുന്നേറ്റു.അല്ല ആരാണിത്? എന്നാ വന്നത്? എന്താ ഈ വഴിക്കൊക്കെ? എന്നൊക്കെ ചോദിച്ചുകൊണ്ട് കുഞ്ഞിമൊയ്തീന്‍ എന്നെ കെട്ടിപ്പിടിച്ചു. എത്ര കാലമായി നമ്മള്‍ കണ്ടിട്ട്? എന്നാലും ഇതെന്തുപറ്റി? നീയാകെ മാറിയല്ലോ.. മുടിയൊക്കെ കൊഴിഞ്ഞു താടിയൊക്കെ നരച്ചല്ലോ? എന്താണിത് ബായീ..? എന്നാലും മുഖത്തിനൊരു മാറ്റവും ഇല്ലലോ. ആ സൈക്കിള്‍ സീറ്റ് തന്നെ!കുഞ്ഞിമൊയ്തീന്‍ വയറില്‍ അമര്‍ത്തി ചിരിക്കാന്‍ തുടങ്ങി. പഴയ വയറുവേദനയുടെ അതേ ചിരി തന്നെ. ഞാന്‍ ആഹ്ലാദത്തിലാഴ്ന്നുപോയ മനസ്സിനെ അടക്കിപ്പിടിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. വീടുവച്ചതും മകളെ കെട്ടിച്ചയച്ചതും വട്ടചിലവിനു മക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഇപ്പോഴും ടാപ്പിംഗിന് പോകുന്നതുമെല്ലാം അവന്‍റെ ചിരിയുടെ വായില്‍നിന്നും കൊഴിഞ്ഞു.
ഒരുപാട് നേരം കഴിഞ്ഞു. ആ ചുണ്ടുകള്‍ക്കിടയില്‍ നിന്നും ഉതിര്‍ന്നു വീഴുന്നതെല്ലാം എനിക്ക് പകര്‍ത്തിയെടുക്കാനുള്ള മൊഴിമുത്തുകളാണ്. ഒടുവില്‍ വാക്കുകള്‍ക്കിടയില്‍ ഒരിടവേള കിട്ടി. എന്‍റെ ഹൃദയം മറ്റാര്‍ക്കോ കേള്‍ക്കാന്‍ പാകത്തിലെന്നവണ്ണം അതിദ്രുതം മിടിച്ചു.ഒടുവില്‍ ഞാന്‍ ചോദിച്ചു:നമ്മുടെ ഹമീദുക്കയൊക്കെ ഇപ്പോള്‍ എവിടെയാ..?ആഹാ!കുഞ്ഞിമൊയ്തീന്‍ അടക്കിച്ചിരിച്ചു. ആ കണ്ണുകള്‍ ഒരു കൌശലത്തോടെ എന്നെ ഉഴിഞ്ഞു: ആയിഷാടെ ഉപ്പയല്ലേ..? മൂപ്പര് മരിച്ചിട്ട് കുറെക്കാലായി.. ആമിനാത്ത ഇപ്പോഴും ഉണ്ട്.എത്ര പ്രായം കഴിഞ്ഞാലും ചിലപ്പോള്‍ എനിക്കെന്നെ അടക്കിപ്പിടിക്കാന്‍  കഴിയാറില്ല.അപ്പോള്‍ ആയിഷയൊ...?അപ്പൊ ഒന്നും മറന്നിട്ടില്ല അല്ലെ..? വല്ലാത്ത ആള്‍ തന്നെ..കുഞ്ഞിമോയ്തീനില്‍ വീണ്ടും വയറുവേദനയുടെ ചിരി:എന്നെപ്പോലും പറ്റിച്ചു കളഞ്ഞില്ലേ.. ഞാന്‍ ഒരിക്കലും കരുതിയില്ല.. എന്തായാലും രണ്ടുപേരേയും സമ്മതിച്ചു തന്നിരിക്കുന്നു.ആയിഷ എവിടെയാണ്..?അടങ്ങുന്നില്ല, കടിഞ്ഞാണ്‍ പൊട്ടിയ നാവിന്‍റെ കുതിപ്പ്.അതൊക്കെ പറയാന്‍ തുടങ്ങിയാ ഒരവസാനം കാണാന്‍ വെഷമിക്കും.വാക്കുകള്‍ പിശുക്കിവച്ചു കൊണ്ട് കുഞ്ഞിമൊയ്തീന്‍ വീണ്ടുമെന്നെ പരിക്ഷീക്കുന്നു. വാക്കുകളുടെ കാലതാമസം കൊണ്ട് , നമുക്കൊരാളെ കൊല്ലാണമെന്നു തോന്നുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്. ഞാന്‍ കണ്ണും കാതും ആ ചുണ്ടനക്കങ്ങളില്‍ ഉടക്കി മന:സംയമനത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.ഒടുവില്‍ കുഞ്ഞിമൊയ്തീന്‍ തുടങ്ങി:അവിടുന്ന്‍ ഞങ്ങളെല്ലാരും ഇങ്ങോട്ടുപോന്നല്ലോ. ഹമീദുക്കയും വീടൊക്കെ വച്ചു. ആയിഷ പിന്നെ കല്യാണമേ കഴിച്ചില്ല. അവള്‍ ടാപ്പിംഗ് ഒക്കെ പഠിച്ച് ഇവിടെ വെട്ടാന്‍ കൂടി. അങ്ങനെ കഴിയുമ്പോഴാണ് ഹമീദുക്കാക്ക് അസുഖം പിടിക്കുന്നത്‌. വയറ്റിലൊരു മുഴ. കുറെ ദിവസം ആസ്പത്രിയില്‍ കിടന്നു. പിന്നെ വീട്ടിലേക്ക് കൊണ്ടുപോന്നു. അവിടെ കിടന്നു മരിച്ചു.ആയിഷ പഠിക്കണം എന്നൊക്കെയല്ലേ അന്നു പറഞ്ഞു നടന്നിരുന്നത്..?ഊം. അതൊക്കെ ശരി തന്നെ. പക്ഷെ അവളുടെ ആ മനസ്സും കൊണ്ടല്ലേ നീ പോയത്?എന്ത്..?എന്നാല്‍ ഞാനൊന്നും പറയുന്നില്ല.ആ ഒരു ചെറിയ ഇടവേളയില്‍ പ്രായത്തിന്‍റെ പര്‍ദ്ദയിട്ട ഒരു രൂപം മനസ്സിലൂടെ കൈയെത്തും ദൂരത്തു വന്നുനിന്നു. ഞാന്‍ അവളോട്‌ പറഞ്ഞു:മുഖം കാണുമ്പോള്‍ അറിയാനുണ്ട് ആയിഷ സഹിച്ച ദുരിതങ്ങളുടെ കണക്ക്.അപ്പൊ അതൊക്കെ അനുഭവിച്ചോരടെ അവസ്ഥയെന്തായിരിക്കും?ഒരു മറുചോദ്യത്തോടെ കുഞ്ഞിമൊയ്തീന്‍ തുടര്‍ന്നു:അവളാണ് ആസ്പത്രിയില്‍ ഹമീദുക്കാക്ക് സഹായത്തിനുണ്ടായിരുന്നത്. അയാള്‍ക്ക്‌  ഒരു ആണ്‍കുട്ടി ഇല്ലാത്തതിന്റെ കുറവൊന്നും ഉണ്ടായില്ല. എന്നാലും ഒരു പെണ്ണല്ലേ.. അതിന്റേതായ ചില പരിമിതികള്‍ ഉണ്ടാവില്ലേ? പാട്ടിലാക്കാനും പറഞ്ഞു പറ്റിക്കാനും എളുപ്പമല്ലേ?എന്തു പറ്റി..?എന്തു പറ്റാനാ?ആരാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല. മൂപ്പര് മരിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പെറ്റു. തന്തയാരെന്ന് അറിയില്ലെങ്കിലും നല്ല തണ്ടും തടിയുമുള്ള ഒരു ചെക്കന്‍. ആമിനത്താത്താക്ക് ആണ്‍കുട്ടിയില്ലാത്തത്തിന്റെ സങ്കടം തീര്‍ന്നു.കുഞ്ഞിമൊയ്തീന്‍ പറഞ്ഞു നിര്‍ത്തുന്നതും കാത്തിരിക്കുകയായിരുന്നു , അതിരിന്നപ്പുറം നില്‍ക്കുന്ന ഒരു പൂമരത്തിലെ കിളികള്‍. അവ കലപില കൂടി തലങ്ങും വിലങ്ങും പറന്നു. ചിറകടിച്ചും തമ്മില്‍ കൊത്തിയും ആകെ ബഹളം.നീയെന്താ ഒന്നും മിണ്ടാത്തത്..?ഞാന്‍ ..ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും കുഞ്ഞിമൊയ്തീന്റെ കണ്ണുകളെ നേരിടാനുള്ള വൈമനസ്യം കൊണ്ട് വെറുതെ അങ്ങുമിങ്ങും നോക്കി.കുഞ്ഞിമൊയ്തീന്‍ പറഞ്ഞു:ഒന്നും ഉണ്ടായിട്ടല്ല, ഒരു തമാശക്ക് പറയുന്നതാണ് കെട്ടോ. അവളുടെ മനസ്സില്‍ എന്നും നീയായിരുന്നു. വേണമെങ്കില്‍ നിനക്കവളെ രക്ഷിക്കാമായിരുന്നു. എന്താ നീ പറയുന്നത്?പത്തുമുപ്പത്തഞ്ച് കൊല്ലം കഴിഞ്ഞിട്ടും ഞാനിങ്ങനെയൊക്കെ പറയുന്നുണ്ടെങ്കില്‍ അത് എത്ര മനസ്സില്‍ തട്ടിയിട്ടാവുമെന്ന് ആലോചിക്ക്. എനിക്ക് ആ കാലമൊന്നും മറക്കാന്‍ കഴിയില്ല. ആയിഷ ഉരുകിത്തീര്‍ന്നതിന്റെ കയ്യും കണക്കും നിനക്കറിയില്ല.കുഞ്ഞിമൊയ്തീന്‍റെ ഭാവം വീണ്ടും മാറി:ഒരു പാവപ്പെട്ട പെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ട് എത്ര നിസ്സാരായിട്ടാ നീ തടിയൂരിയത്. ആ ഹമീദ്ക്ക ഒരു പാവമായത് കൊണ്ടല്ലേ നീ രക്ഷപ്പെട്ടത്. വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ പിടിച്ചു കെട്ടിച്ചു വിടുമായിരുന്നു. അല്ലെങ്കില്‍ കുത്തിമലര്‍ത്തുമായിരുന്നു.നീയൊന്ന് നിര്‍ത്തുന്നുണ്ടോ..എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല:
വേണ്ടാത്തതൊന്നും പറഞ്ഞുണ്ടാക്കരുത്. ഒക്കെ നിന്‍റെ തെറ്റിധാരണയാണ്. ആയിഷക്ക്‌ ഞാനൊരു മോഹവും വാഗ്ദാനവും നല്‍കിയിട്ടില്ല. അവള്‍ അങ്ങിനെയൊന്നും ആഗ്രഹിച്ചിട്ടുകൂടി ഉണ്ടാവില്ല.ഒരു നിമിഷം കൊണ്ട് കുഞ്ഞിമൊയ്തീന്‍ ശാന്തനായി:നീയൊന്നും വിചാരിക്കരുത്.. ഇങ്ങനെയൊക്കെയായിരുന്നു അക്കാലത്ത് പാടിയിലെ സംസാരം. ഞാന്‍ ആദ്യം പറഞ്ഞില്ലേ ഒക്കെ തമാശയായി കരുതിയാ മതിയെന്ന്. എന്താടോ നിനക്ക് വിഷമമായോ?ആര്‍ക്കും കാണാന്‍ കഴിയില്ല, ഈ കല്ത്തൂണില്‍ ഉരുകിയുറച്ചു പോയ എന്‍റെ മനസ്സിലെ വീര്‍പ്പുമുട്ടല്‍. പക്ഷെ, ഞാനിപ്പോള്‍ ഒരു ഉണക്കമരമല്ല. വെറും കല്ലാണ്. ഏതു കൂടം കൊണ്ട് അടിച്ചാലും തകരില്ല അതിന്നുള്ളിലെ മനസ്സ്.ആയിഷാടെ വീടെവിടെയാണ് ? അവളെ ഒന്ന് കാണാന്‍ പറ്റ്വോ..?എന്‍റെ ചോദ്യത്തിന് കുറച്ചുനേരത്തേക്ക് കുഞ്ഞിമൊയ്തീന്‍ പ്രതികരിച്ചില്ല. എങ്കിലും എനിക്കത് ആവര്‍ത്തിക്കേണ്ടി വന്നില്ല. അവന്‍ തെല്ലകലേക്ക്‌ വിരല്‍ ചൂണ്ടി:വീടൊക്കെ അടുത്തു തന്നെ ദാ... ആ കാണുന്നതാ. എന്നാലും നീ ഇപ്പൊ അവളെ കാണണ്ടാന്നെ ഞാന്‍ പറയൂ..അതെന്താ? എന്തെങ്കിലും കുഴപ്പം ഉണ്ടോ?ഒന്നും ഉണ്ടാവാതിരിക്കാനാ പറയുന്നത്. പണ്ടത്തെ കാലമൊന്നുമല്ല. കാലം മാറുന്നതിനനുസരിച്ച് ചിലരുടെ മനസ്സും മാറും. ഇത് നോവലും സിനിമയും ഒന്നുമല്ലല്ലോ. അവള്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു വിളിച്ചു കൂവിയാല്‍ ആളുകള്‍ കൂടും. ചിലപ്പം അതൊക്കെ കേസും കൂട്ടും ആക്കാനും അവളുടെ പിന്നില്‍ ആളുകള്‍ ഉണ്ടാവും. ഇനി ഈ വയസ്സുകാലത്ത് വെറുതെ നാറണോ?നിനക്കെന്തു പറ്റി? എനിക്ക് ചിരിക്കാതിരിക്കാനും കഴിഞ്ഞില്ല. നിത്യവും പലപല വാര്‍ത്തകള്‍ കണ്ടും വായിച്ചും മരവിച്ചുപോയ കുഞ്ഞ്മോയ്തീന്റെ മനസ്സ് ഞാന്‍ എളുപ്പം ഊഹിച്ചെടുത്തു:ആയിഷാനെ എനിക്കും നിനക്കും അറിയാം. ഞാനവളോട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവള്‍ക്കും അറിയാം. ഇനി മനപ്പൂര്‍വ്വം അവള്‍ എന്തെങ്കിലും പറയുകയാണെങ്കില്‍ അതപ്പോള്‍ നോക്കാം. നീ വാ..എന്‍റെ ധൈര്യം കണ്ടിട്ടും കുഞ്ഞിമൊയ്തീന്‍ ഇരിക്കുന്നിടത്ത്‌ നിന്നും അനങ്ങിയില്ല. ഞാന്‍ വീണ്ടും പറഞ്ഞു: വീട് കാണിച്ചു തന്നാല്‍ മതി. നീ വരണ്ട. ഞാന്‍ പോയി കണ്ടോളാം.നീ പോയി കണ്ടിട്ട് ഇനി എന്തുണ്ടാവാനാണ്? അവളുടെ ഇപ്പോളുള്ള സ്വസ്ഥത കളയാനോ?അതോ എന്തെങ്കിലും നക്കാപ്പിച്ച കയ്യില്‍ വച്ചുകൊടുത്തു സ്ഥലം വിടാനോ? അവള്‍ക്ക് ഇനിയൊരു ജീവിതം കൊടുക്കാനൊന്നും നിന്നെക്കൊണ്ട് കഴിയില്ലല്ലോ?
കുഞ്ഞിമൊയ്തീന്‍ എന്നെ ഉത്തരം മുട്ടിക്കാന്‍ മാത്രമാണ് നോക്കുന്നതെന്നു മനസ്സിലായി. അതോ മനുഷ്യരില്‍ ഉള്ള വിശ്വാസം ഒക്കെ നഷ്ടപ്പെട്ട് ബുദ്ധിക്കെന്തെങ്കിലും സംഭവിച്ചോ?നിനക്കെന്താ പറ്റിയത്?അതിന് മറുപടിയൊന്നും പറയാതെ കുഞ്ഞിമൊയ്തീന്‍ എന്നെത്തന്നെ നോക്കിയിരിക്കുകയാണ്. ഞാന്‍ അപേക്ഷിക്കും പോലെ ഒരിക്കല്‍ കൂടി പറഞ്ഞു: നീ വീട് കാണിച്ചു താ.. ഇനി അവളെ ഒന്ന് കാണാതെ തിരിച്ചു പോകാന്‍ എനിക്കാവില്ല.അത് അവന്‍റെ മനസ്സില്‍ തട്ടിയെന്നു തോന്നുന്നു. ഒടുവില്‍ അവന്‍ എഴുന്നേറ്റു:ആ കാണുന്ന വീടാണ്..ഏത്..?കുഞ്ഞിമൊയ്തീന്‍റെ ചൂണ്ടുവിരലില്‍ ഉയര്‍ന്നു നില്‍ക്കുന്നിടത്ത് ദൂരെയൊരു കുന്നിലെ മൊബൈല്‍ ടവര്‍ മാത്രം.ആ ടവറിന്റെ?അതല്ല,അവന്‍ പുരികം ചുളിച്ചു കണ്ണുകള്‍ കൊണ്ട് തെല്ലകലെയുള്ള ഒരു പച്ചപ്പില്‍ തൊട്ടു.അവിടെയാണ്.. എന്താ പോയി കാണണോ?പോകാം..ഞാനും വരാം. പക്ഷെ, ഒരു കാര്യമുണ്ട്. അവള്‍ ഒരു പെണ്ണാണ്. പെണ്ണുങ്ങള്‍ സ്നേഹിച്ചാല്‍ എന്തും തരും. പ്രതികാരം ചെയ്യാന്‍ തുനിഞ്ഞാല്‍ എന്തും ചെയ്യും. അവള്‍ ഒരു ജീവിതം ആവശ്യപ്പെട്ടാല്‍ കൊടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രം പോയാ മതി. ഒടുവില്‍ നീ എന്നെ കുറ്റപ്പെടുത്തരുത്.ഇല്ല. ആയിഷ പറയുന്നതെല്ലാം നീയും കേള്‍ക്കണം. എന്നിട്ടു നീ പറയുന്നതു ഞാനും കേള്‍ക്കാം. അവള്‍ എന്തുപറഞ്ഞാലും അതെനിക്ക് സമ്മതം. എന്‍റെ വാക്കിന് ഇനി മാറ്റമില്ല.നല്ലവണ്ണം ആലോചിചിട്ടല്ലേ പറയുന്നത്? ഇത് ഒരു ജീവിതത്തിന്റെ മാത്രം പ്രശ്നമല്ലെന്ന് എനിക്കറിയാം. നിനക്കുമില്ലേ ഒരു കുടുംബം.. അതൊക്കെ വലിയ പ്രശ്നമായിത്തീരും.കുറച്ചുസമയം ഞാന്‍ ആലോചിക്കുന്നതായി നടിച്ചു.വരാനുള്ളത് വരട്ടെ..എവിടെനിന്നോ കൈവന്ന ഒരു ധൈര്യം എന്‍റെ വാക്കുകള്‍ക്ക് മൂര്‍ച്ചകൂട്ടിയിട്ടുണ്ട്. തീര്‍ച്ച. കുഞ്ഞിമൊയ്തീന്‍റെ തെളിഞ്ഞ മുഖം അത് വിളിച്ചു പറയുന്നുണ്ട്.നീ ഇപ്പോള്‍ ഒരു മനുഷ്യനായത് പോലെ തോന്നുന്നുണ്ട് . അവന്‍ എന്‍റെ കൈയില്‍ കടന്നുപിടിച്ചു.നീ വാ.. അവള്‍ ഒരു പാവല്ലേടാ..ഞാന്‍ എന്നെ കല്ലില്‍നിന്നടര്‍ത്തിയെടുത്തു. കിളികള്‍ കരയുന്ന പൂമരച്ചുവട് കഴിഞ്ഞു രണ്ടു വളവ് തിരിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ആ പച്ചപ്പിനടുത്തെത്തി. മരമായി, കല്ലായി രണ്ട് ജന്മഭാരങ്ങള്‍ ചുമന്നു ഇപ്പോള്‍ ഞാന്‍ മനുഷ്യനായി മാറിയിരിക്കുന്നെന്ന്! ഇനി എന്നെക്കാണുമ്പോള്‍ ആയിഷ ആരായിത്തീരും? സത്യത്തില്‍ ഒന്നും  ഊഹിക്കാന്‍ കഴിയാത്ത അവസ്ഥയിലായിപ്പോയിരുന്നു എന്‍റെ മനസ്സ്.നടന്നുനടന്ന് മയിലാഞ്ചിത്തലപ്പുകള്‍ തലനീട്ടിയ ഒരു മതിലിന്നടുത്തെത്തിയപ്പോള്‍ കുഞ്ഞിമൊയ്തീന്‍ നിന്നു.എന്‍റെ ചുണ്ടില്‍ ഞാനറിയാതെത്തന്നെ ഒരു ചിരി പൊട്ടി. എന്നാല്‍ മായ്ച്ചു കളയാന്‍ നോക്കുമ്പോഴേക്കും കുഞ്ഞിമൊയ്തീന്‍ അതു കണ്ടുപിടിച്ചു.എന്താ ഇപ്പൊ ഈ ചിരിയുടെ അര്‍ഥം?ഞാന്‍ പഴയ കാലം ഓര്‍ത്തുപോയി. ആയിഷാടെ സ്വഭാവത്തിനൊരു മാറ്റവുമില്ലല്ലോ. ഇവിടെയും മയിലാഞ്ചിയുടെ കാട്.അതന്നല്ലേ ഓള്‍ക്ക് പണ്ടുണ്ടായിരുന്ന പണി. ചമഞ്ഞൊരുങ്ങി നടക്കല്. അതും നിന്നെക്കാണിക്കാന്‍ .കുഞ്ഞിമൊയ്തീന്‍  പെട്ടെന്ന് എന്‍റെ തോളില്‍ പിടിച്ചു നിര്‍ത്തി:ഇത് ആരോ അവളുടെ ഖബറില്‍ ഒരു കമ്പ് കുത്തിയതാ.. അതിപ്പോളൊരു കാടായി. അതിന്റുള്ളില്‍എവിടെയാ അവള്‍ കിടക്കുന്നതെന്നുപോലും അറിയാന്‍ പറ്റാതായി.ഞാന്‍ കുതറി മാറി ചുറ്റും നോക്കി.ഒരു പള്ളിമിനാരം. അതിന്‍റെ ചന്ദ്രക്കല.ആയിഷയുടെ വീടെവിടെ?ഇതുതന്നെ ആയിഷയുടെ വീട്.അവന്‍ മയിലാഞ്ചിക്കാട്ടിലേക്ക് ചൂണ്ടി. എന്നും മയിലാഞ്ചിയിട്ടു അതിന്‍റെ ഉള്ളിലെവിടെയോ കിടക്കുന്നുണ്ട് നിന്‍റെ ആയിഷ. ചെല്ല്.. ചെന്നു വിളിച്ചു നോക്ക്.. പറ്റുമെങ്കില്‍ ഇനിയെങ്കിലും അവള്‍ക്കൊരു ജിവിതം കൊടുക്ക്‌.. ഒരു നിലക്കും ജീവിക്കാന്‍ പറ്റാതായപ്പോള്‍ എളുപ്പപ്പണിനോക്കിയതാണവള്‍ .. വേണ്ട.. ഒന്നും പറയണ്ട..ഞാന്‍  കൈകളില്‍ കടന്നു പിടിച്ചു കെഞ്ചിയപ്പോള്‍ കുഞ്ഞിമൊയ്തീന്‍ അവന്‍റെ വാക്കുകള്‍ മുറിച്ചു.മതിലിനടുത്തുവന്നു മനുഷ്യരെ കാണാന്‍ തലനീട്ടിയ ഒരു മയിലാഞ്ചിച്ചില്ല പേടിച്ചരണ്ടപോലെ ഒന്നുലഞ്ഞു.അതില്‍ വേവും ചൂടും ഇല്ലാത്ത ഒരു ഖബറില്‍ വേരുകൊണ്ടു തൊട്ടപോലെ ഒരിതള്‍ ആയിഷാ..

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Thank you for your comments

Google+ Badge

Powered by Blogger.

Pages

Send Quick Message

Name

Email *

Message *

Laman