ബി

കോരൻ വന്നുകയറിയപ്പോൾ കുഞ്ഞാപ്പു പിന്നാലെ കൂടി. അയാൾ കൈക്കോട്ട് ചായ്പ്പിൽ വച്ചു തിരിഞ്ഞപ്പോൾ പിന്നിൽ അവന്റെ നിഴലുണ്ട്. ന്താ മ്പ്രാക്കളേന്ന് കോരൻ ചോദിച്ചതിന് ഊഹും എന്ന്‌ അവൻ ചിരിച്ചൊഴിഞ്ഞു. കോരൻ കിണറ്റിങ്കരയിൽ പോയി ഒരു പാള വെള്ളം കോരിക്കുടിച്ചു. എന്നിട്ട് അവന് വേണൊന്ന് ചോദിച്ചപ്പോഴും അവൻ ഊഹും എന്ന് ചിരിച്ചതേയുള്ളു. അപ്പോൾ അയാൾ അവനെ പൊക്കിയെടുത്ത് തോളിൽ വയ്ക്കുകയും ഊഞ്ഞാലാട്ടുകയും തലയിൽ വാത്സല്യത്തോടെ തടവുകയും ചെയ്തു. പിന്നെ, ന്റെ മ്പ്രാങ്കുട്ടിക്ക് ന്താ ബേണ്ട്ന്ന് പറീന്ന് ചെവിയിൽ സ്വകാര്യം ചോദിച്ചപ്പോൾ നേരം ബെള്ത്താ ക്കൊരു അണ്ണാറക്കണ്ണനെ പിടിച്ചേരണംന്ന് കുഞ്ഞാപ്പു അയാളുടെ ചെവിയിൽ കൊഞ്ചി.

രണ്ടീസം കയ്യട്ടെ.. അട്യെന് അഞ്ചെട്ട് കണ്ടംകൂടി വരമ്പ് ബച്ചു തീർക്കാണ്ട്‌ ലോ മ്പ്രാക്കളെ.. എന്ന് കോരൻ ആത്മഗതം ചെയ്തു. അവരിരുവരും മുറ്റത്ത് എത്തിയപ്പോൾ, അതേയ് ഉച്ചക്ക് ബന്നിട്ട്‌ ജ്ജ് തേങ്ങട്ട്‌ തരണം ട്ടോന്ന് പറഞ്ഞുകൊണ്ട് കത്യേമു അയാൾക്ക് ഒരു കിണ്ണം കഞ്ഞി വിളമ്പി..

അപ്പോഴേക്കും കൗസുവും രംഗത്തെത്തി. അവൾ ഉമ്മയുടെ മടിയിൽ കയറിരുന്ന് കോരന്റെ കഞ്ഞികുടി കണ്ടു. കോരൻ കിണ്ണം കഴുകി തിണ്ണയിൽ കമഴ്ത്തിയപ്പോൾ, ..ക്ക് ചുട്ടിന്നാൻ ഞവുഞ്ഞിം മീമ്പരലും ബാണംന്ന് കോരനോട് പറേമ്മാ.. എന്ന് അവളും കൊഞ്ചാൻ തുടങ്ങി. കോരൻ ചിരിച്ചുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. ഒരു കാറ്റടിച്ചപ്പോൾ പഴുത്ത കുറെ പ്ലാവിലകൾ പൊഴിയാൻ തുടങ്ങി. അപ്പോഴേക്കും കൗസു ഉറങ്ങി. കത്യേമു അവളെ എടുത്ത്‌ അകത്ത് പായിൽ കിടത്തി. പിന്നെ കുഞ്ഞാപ്പൂനെ കിടക്കാൻ വിളിച്ചശേഷം അവളും പായിൽ ചാഞ്ഞു.

ഉപ്പിണിപ്പാടത്തു നിന്നും മഴയിൽ കുതിർന്ന കാറ്റടിച്ചപ്പോൾ ഉമ്മറത്ത് ചിമ്മിനി കെട്ടു. പണിക്ഷീണത്താൽ കോരന് പെട്ടെന്ന് ഉറക്കം വന്നു. പാതി ചാരിയ വാതിലിലൂടെ ഊത്താല് കാലിൽ തൊട്ടപ്പോഴും കത്യേമു ഉറങ്ങിയിരുന്നില്ല. അവൾ വാതിൽ ചാരാൻ എണീറ്റപ്പോൾ കോലായിലെ പായവെളുപ്പിൽ ഇരുട്ടും കറുപ്പും തിരിച്ചറിയാത്ത വിധത്തിൽ കോരന്റെ രൂപം കണ്ടു.ഉറക്കത്തിലും ആ കണ്ണുകൾ രണ്ടു മിന്നാമിന്നികളായി മിന്നി മിന്നുമ്പോലെ.

ജൊറങ്ങീലെ കോരാന്ന്ള്ള അവളുടെ ചോദ്യത്തിന് മഴയിരമ്പത്താലോ, ഉറക്കത്തിന്റെ തെര്പ്പിലോ കോരന്റെ മറുപടിയൊന്നും കേട്ടില്ല. മഴയിലേക്കും ഇരുട്ടിലേക്കും നോക്കി നിന്നപ്പോൾ നാട്ടുവെളിച്ചത്തിലെ നിഴലനക്കത്തിൽ അവളിൽ പേടി ചൂട്ടുമിന്നിച്ചു. കത്യേമു വേഗം വാതിലടച്ചു.

ഒരു ശനിയാഴ്ച മോന്തിക്ക് ചേക്കുട്ടിക്ക കയറി വന്നു. ചന്ത കഴിഞ്ഞപ്പോൾ ബാക്കിയുണ്ടായിരുന്ന കരിമ്പനക്കൂമ്പും പൂവൻ പഴവും കൗസുവിനും കുഞ്ഞാപ്പൂനും കൊടുക്കാൻ വന്നതാണ്. കത്യേമോ അനക്ക് സുകല്ലേടീ എന്ന് ചോദിച്ചു അയാൾ പെങ്ങടെ കയ്യില് ചന്തയിൽ നിന്നും വാങ്ങിയ കുപ്പി വളയും കണ്മഷിയും അടങ്ങിയ ഒരു പൊതി വച്ചു കൊടുത്തു. കത്യേമുവിന്റെ കണ്ണുകൾ നിറഞ്ഞു. അത് കാണാതിരിക്കാനായി ചോറെയ്ക്കാനുള്ള അയ്രി ഒക്കെ ണ്ടല്ലോന്ന് ചോദിച്ച് അയാൾ അകത്തേക്ക് പോയി. പൂലാത്ത്ന്ന് ആരും ബരല് ല്ലേ മോളെ എന്ന് അകത്ത് നിന്നും വിളിച്ചു ചോദിച്ചപ്പോൾ കത്യേമു കണ്ണുതുടച്ചു. കുറെ നേരം കുട്ടികളുമായി കളിച്ചു ചിരിച്ച ശേഷമാണ് അയാൾ പോയത്.

മഴ ഒന്നടങ്ങി. കർക്കടക്കപ്പെയ്ത്തിന്‌ ശേഷം ചിങ്ങത്തിലെ വെയിൽ തെളിഞ്ഞു. വിളഞ്ഞ ഉപ്പിണിപ്പാടത്ത് പൊന്നിൻ തിളക്കത്തിൽ കാതിരാടി. ചെറിയ ഇടവേളക്ക് ശേഷം കോരന് വീണ്ടും തിരക്കുപിടിച്ച ദിവസങ്ങളായി.

കൊയ്ത്തു കഴിഞ്ഞപ്പോൾ പുന്നെല്ല് പുഴുങ്ങിക്കുത്തിയ അരിയും പുന്നെല്ലിന്റെ അവിലും ആട്ടിയ എണ്ണയും ഒക്കെ ഏറ്റി കോരൻ എത്ത്യാപ്പൊത്തന്നെ ഉപ്പാടെ വരവ് കത്യേമുവിന്റെ മനക്കണ്ണിൽ തെളിഞ്ഞു. അവൾ പുന്നെല്ലരി പൊടിച്ചു ജീരകവും ചുവന്നുള്ളിയും പനഞ്ചക്കരയും കൂട്ടി ഉരലിൽ ഇടിച്ചു കുഴച്ചുരുട്ടി വെളിച്ചെണ്ണയിൽ പൊരിച്ച് ഉപ്പാക്ക് ഏറെ അദൃപ്പമുള്ള അരീരം എന്ന പലഹാരമുണ്ടാക്കി. അദൃക്കയുടെ മേത്യടിയുടെ ഒച്ച കേട്ടപ്പത്തന്നെ കൗസുവും കുഞ്ഞാപ്പും പടിക്കലേക്ക് പാഞ്ഞു. അവർ ഉപ്പാപ്പാക്ക് ചാരിവച്ച കടമ്പായ തുറന്നു കൊടുത്തു. കുഞ്ഞാപ്പു വല്യാപ്പയുടെ ചൂരൽ വടി വാങ്ങി കൗതുകത്തോടെ ചുഴറ്റി.

എന്താ ന്റുട്ടി ഇപ്പില് വീണ് ചത്ത പാല്ല്യേപ്പോലെ ആയല്ലോന്ന് പറഞ്ഞു
അദൃക്ക കുഞ്ഞാപ്പൂനെ വാരിയെടുത്ത് ഉമ്മ വച്ചു. കൗസു മടിയിൽ കയറി വല്യാപ്പാടെ താടിരോമങ്ങൾ തടവി. ചായ കുടിച്ച് കുട്ടികളേയും കൊണ്ട് അദൃക്ക മുറ്റത്തേക്കിറങ്ങി. പച്ചീർക്കിലയും പഴുക്കപ്ലാവിലയും കൊണ്ട് അയാൾ രണ്ടു തൊപ്പികൾ ഉണ്ടാക്കി കുട്ടികളുടെ തലയിൽ വച്ചുകൊടുത്തു. കുറെ നേരം അവർക്കൊപ്പം കഴിഞ്ഞു. കുട്ടികളുടെ കളികൾ നോക്കി കോലായിലിരുന്ന കത്യേമുവിനോടയാൾ മുറ്റത്തെ പടർന്നു പന്തലിച്ച വരിക്കപ്ലാവിന്റെ ചാഞ്ഞ കൊമ്പ് ചൂണ്ടിക്കാട്ടി പറഞ്ഞു. മാളെ താ..അയിന്റെ കടക്കലൊരു പൊത്തുണ്ട് ട്ടാ.. വൃശ്ചികത്തില് കാറ്റിന് പിടിച്ചു നിക്കോന്നു തോന്നുണ്ല്യ.. തലപ്പ് പൊരേടെ മോന്തായത്തിലാ.. വാപ്പ മെയ്തീന് കുട്ട്യേ കണ്ട് അതൊന്ന് വെട്ടാം പർഞ്ഞേക്കാം..കുട്ട്യോള് എപ്പളും ഇതിന്റെ ചോട്ടിലല്ലേ കളി..

കത്യേമു അപ്പോഴാണ് അത് കാണുന്നത് തന്നെ.. ആലി മരിച്ചു പോയതിനു ശേഷം ഒരു മരത്തിലേക്കും അവളുടെ കണ്ണെത്താറില്ല. മരങ്ങളും അവയ്ക്ക് മുകളിലുള്ള നീലാകാശവും കാണുമ്പോൾ ആലിയുടെ മയ്യത്തുകട്ടിൽ പുതപ്പിച്ച പച്ചപ്പട്ടാണ് അവളുടെ കണ്ണിലും ഖൽബിലും നിറഞ്ഞാടി. അപ്പോളാകട്ടെ ഒരു കൊടുങ്കാറ്റിൽപ്പെട്ട തൈമരം പോലെ അവൾ അടിമുടി ആടിയുല ഞ്ഞു. കുട്ടികളെ ചേർത്തുപിടിച്ചു ഈ ദുനിയാവെന്ന നൂൽപ്പാലമൊന്നു കടന്നു കിട്ടാൻ അവൾ പടച്ചവനോട് ഇരന്നു.

പുത്തിരിക്ക് ജ്ജും കുട്ട്യോളും കുടീല്ക്ക് വായോ.. നാലീസം കയിഞ്ഞിട്ട് തിരിച്ചു പോരാമെന്ന് അദൃക്ക ആവും പാടും പറഞ്ഞു നോക്കി. കത്യേമു സമ്മതിച്ചില്ല. ഞ്ഞി പെരുന്നാക്കേ ബരുന്നൊള്ളു എന്ന ഒറ്റ വാശിയിൽ അവൾ നിന്നു. ഞാൻ ഇത്താതാട് മുണ്ട്യാ എളേമ്മാക്ക് ദേസ്യം എളേമ്മാട് മുണ്ട്യാ ഇത്താതാക്കും പുടിക്കൂല.. പിന്നെ തൊട്ടേനും പിടിച്ചേനും ഒക്കെ കുറ്റം കാണും.. യ്ക്ക് ബയ്യാഞ്ഞിട്ടാ എന്ന് പറഞ്ഞു അവൾ സങ്കടം മറച്ചു ചിരിച്ചു.

പതിവുപോലെത്തന്നെ ഉച്ചക്കഞ്ഞി കുടിച്ച് അവളുടെ കൈയിൽ നാലണയും കുട്ടികൾക്ക് ഓരോ ഓട്ടമുക്കാലും സമ്മാനിച്ചു അസറു നിസ്‌കാരത്തിന് മുമ്പേ അദൃക്ക പടിയിറങ്ങി. രണ്ടു നാഴിക നടന്ന് ഇറുമ്പകശ്ശേരി പള്ളിയിൽ തന്നെ എന്നും മൂപ്പര്ക്ക് അസറ് നിസ്‌ക്കരിക്കണം. അത് തെറ്റാമ്പാടില്ല.

Post a Comment

0 Comments