ചിറക്


പിന്നീടൊരിക്കലും മൊയ്തുട്ടി വന്നില്ല.

മൂന്നുനാല് ദിവസങ്ങൾക്കിടയിൽ അയാളുടെ ഒരു മിസ് കാൾ പോലും എൻ്റെ ഫോണിലേക്ക് വന്നില്ല, ഒരു ഫോണിലേക്കും ചെന്നിട്ടില്ലത്രെ. ഒരു വീട്ടിലേക്കും അയാൾ ചെന്നിട്ടില്ലത്രെ….


അങ്ങനെയാണ് മൊയ്തുട്ടിയെ തിരഞ്ഞുള്ള മാലോകരുടെ യാത്ര തുടങ്ങുന്നത്. മൂന്നാംപക്കം അതവസസാനിച്ചത് പടിഞ്ഞാക്കരയിലെ മയ്യത്തിൻ കരയുടെ മുകളിലുള്ള ഉടമകൾ ഉപേക്ഷിച്ചുപോയ ഒരു ക്വാറിയുടെ വക്കത്താണ്.


എന്നെ കണ്ടപ്പോൾ അയാൾ വിജയിച്ച മട്ടിൽ പരിഹസിച്ചു ചിരിച്ചു. എന്നെ ഉത്തരം മുട്ടിച്ച കുറേ ചോദ്യങ്ങളോടെയായിരുന്നു അത്. മനഃപൂർവ്വമല്ലെങ്കിലും അയാളോട് പറയാതെ ഞാൻ മൂടിവെച്ച ഒരു രഹസ്യം എൻ്റെ മനസ്സിൽനിന്നും ചോർത്തിയെടുത്തതുപോലെ അയാൾ ചോദിച്ചുകൊണ്ടിരുന്നു:


“നീയെന്തിനാണ് പഹയാ അന്ന് ളുഹർ നമസ്കാരത്തിൻ്റെ ബാങ്ക് വിളികേട്ട് പള്ളിയിലേക്ക് കയറിപ്പോയ കുഞ്ഞിമൊയ്തീനെ പിൻപറ്റാതെ, കെട്ടുപൊട്ടിയ എൻ്റെ മനസ്സുമായി പള്ളിക്കാട്ടിലേക്ക് കയറിപ്പോയത്?”


കാച്ചിയ കത്തിമുനയുടെ മൂർച്ചയോടെ എതോ ഒരു ഖബർ നിന്നെ നോക്കിപ്പേടിപ്പിച്ചിട്ടും ആയിഷയെത്തേടി ആ ലോകം മുഴുവൻ ചുറ്റിനടന്നത്? മയിലാഞ്ചിപ്പടർപ്പുകളിൽ  ഏറെനേരം തിരഞ്ഞിട്ടും ആയിഷയെ കണ്ടെത്താൻ കഴിയാതെ പള്ളിക്കാട്ടിൽനിന്നും ഇറങ്ങിപ്പോരുമ്പോൾ മുക്രി കുഞ്ഞഹമ്മദ് മുസ്‌ല്യാരുടെ മുന്നിൽത്തന്നെ ചെന്നുപെട്ടത്? ചോദ്യശരങ്ങളോടെ നിന്നെ എതിരേറ്റ കുഞ്ഞഹമ്മദ് മുസ്‌ല്യാരുടെ മുന്നിൽ നീ സംശയങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അഴിക്കുകയും കെട്ടുകയും ചെയ്തത്?

കുഞ്ഞിമൊയ്തീനുക്കയുടെ കൂട്ടുകാരനാണെന്നറിഞ്ഞപ്പോൾ താടിയിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളികൾ തട്ടിക്കുടഞ്ഞ് മുഴുവട്ടത്തിൽ ചിരിച്ച കുഞ്ഞഹമ്മദ് മുസ്‌ല്യാരുടെ നാവിൽനിന്നും ഉതിർന്നു വീണ വാക്കുകൾ കേട്ട് നീ ഞാനായി മാറി ഞെട്ടിത്തരിച്ചു….!


“ആഹാ.... ഞമ്മടെ കുഞ്ഞിമൊയ്തീനിക്കാടെ ചങ്ങായ്യാണോ? മൂപ്പര് ഇപ്പദാ പള്ളീന്നെറങ്ങി ഇക്ബാലിന്റെ ബൈക്കില് കേറിപ്പോയി.... ആന്ന്…. അതേന്ന്.... മരിച്ചുപോയ കോയക്കാടെ പേരക്കുട്ടി ഇക്ബാലന്നെ…. ഓരെപ്പളും ചങ്ങായിമാരേപ്പോലേണ്. ഈ മഹല്ലില് ഓനെപ്പോലൊരു സത്സ്വഭാവി വേറെണ്ടാവൂല. അത് ആയിഷട്ടീച്ചറ് വളർത്ത്യേന്റെ പവ്വറെന്നേണ്! എക്സൈസില് ഓഫീസറാച്ചാലും പടച്ചോനെപ്പേടിയുള്ള കൂട്ടത്തിലാണവൻ.... കുഞ്ഞിമൊയ്തീനിക്കാടെ പേരക്കുട്ടീനെത്തന്നേണ് ഓൻ കെട്ടീരിക്ക്ണത്....”


നിൻ്റെ ചോദ്യം പതറിപ്പോയി: “ആയിഷ ടീച്ചറോ…!?”


“മൂപ്പത്ത്യേര് പെൻഷൻ പറ്റീട്ട് അഞ്ചാറ് കൊല്ലായിട്ടുണ്ടാവും. അഞ്ചുകൊല്ലം പഞ്ചായത്ത് പ്രസിഡൻ്റായി. ഇപ്പൊ ആമിനാത്താനീം നോക്കീട്ട്, പേരക്കുട്ട്യേളേം കളിപ്പിച്ച് കുടീലിരിപ്പാണ്!”


കുഞ്ഞഹമ്മദ് മുസ്ല്യാർക്കും  ഖത്തീബുസ്താദിനും നൂറീശ്ശെ ഉറുപ്പികയും കൊടുത്ത്, മരിച്ചുപോയവർക്കെല്ലാം ദുആ ചെയ്യാൻ പറഞ്ഞു തിരിച്ചുപോരുമ്പോൾ, എന്തുകൊണ്ടാണ് മൊയ്തുട്ടിയുടെ മനസ്സിൽ ആയിഷയിനി ജീവിച്ചിരിക്കാൻ പാടില്ലെന്ന് കുഞ്ഞിമൊയ്തീനിലെ കുടുംബസ്നേഹിക്ക് തോന്നിയതിൽ നിനക്ക് തെറ്റൊന്നും കണ്ടെത്താൻ കഴിയാതിരുന്നത്?


മൊയ്തുട്ടി ചോദിച്ചുകൊണ്ടേയിരുന്നു…,

ചിരിയോടെ….


"എന്നാലും എൻ്റെ ബായീ…. കുഞ്ഞിമൊയ്തീനെയും ആയിഷ ടീച്ചറെയും കാണാനായി മൊയ്തുട്ടിയുമായി ഒരിക്കൽക്കൂടി വരണമെന്ന മോഹം ബാക്കിവെച്ചുകൊണ്ടെങ്കിലും നിനക്ക് തിരിച്ചുപോരാമായിരുന്നില്ലേ....?"


മൊയ്തുട്ടിയുടെ ആ ചിരി….


ചാരം ചികഞ്ഞുനോക്കിയാൽ അറിയാം, അതൊരു ചാവേറിൻ്റെ ചിരിയായിരുന്നെന്ന്....

 

 

Post a Comment

0 Comments