റിസ ഒൻപത്


റിസയുടെ നാലാം അധ്യായത്തിൽ പരാമർശിച്ച ക്ഷിപ്രകോപിയായ അറബി സാലം കുറച്ചു ദിവസം കൊണ്ടുതന്നെ എനിക്ക് പ്രിയപ്പെട്ട അർബാബ്‌ സാലമായിത്തീർന്നു. ഇരുൾപ്പരവതാനി വിരിച്ച ഈന്തപ്പനയുടെ ചുവട്ടിലിരുന്ന് അർബാബ്‌ സാലം നീട്ടുന്ന അറബിച്ചായ കുടിക്കുമ്പോൾ റൂവിയിൽ പ്രഭാതം പിച്ചവക്കുകയായിരിക്കും.

എല്ലാ അറബികളെപ്പോലെത്തന്നെ അറബി സാലവും സ്നേഹിച്ചാൽ വിദേശികളെ കണ്ണുമടച്ചു വിശ്വസിക്കുന്ന പ്രകൃതക്കാരനായിരുന്നു. പലപ്പോഴും കന്തൂറയിൽ കൈയിട്ട് കിട്ടിയ നോട്ടുകൾ അലക്ഷ്യമായി പരവതാനിയിലേക്കിടും. അതിൽ നിന്നും നമ്മുടെ കണക്കിനുള്ളത് എണ്ണിയെടുത്തുകൊള്ളണം. നമ്മൾ ഇത്രയേ എടുത്തുള്ളൂവെന്ന് ബോധ്യപ്പെടുത്താൻ നോക്കിയാൽ അയാളുടെ മട്ടുമാറും. കൈ തട്ടിമാറ്റി ചീത്തവിളിച്ചെന്നും വരും. അത് അയാളുടെ സത്യസന്ധതയെ സംശയിക്കുന്നതിന് തുല്യമാണെന്ന് അയാൾ വിശ്വസിക്കുന്നു. ഒരിക്കൽ പത്ത് റിയാലിന് പകരം 
 എണ്ണിത്തന്നത് മുഴുവൻ ഇരുപതിന്റെ നോട്ടുകൾ. അത് എന്റെ ഒരു മാസത്തെ ശമ്പളത്തിന്റെ ഇരട്ടിയിലും കൂടുതലുണ്ടാകും. കാര്യം പറഞ്ഞു തിരിച്ചു കൊടുത്തപ്പോഴും നന്ദി വാക്കോ,  ഭാവഭേദമോ ഇല്ല. അത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അയാൾ വിശ്വസിക്കുണ്ടാവാം. സൈൻ.. സൈൻ.. ശരി.. ശരി എന്ന ചുണ്ടനക്കത്തോടെ തലയൊന്നു കുലുക്കും. അത്രമാത്രം.

പാക്കിസ്ഥാനി നവാസിന്റെ ഊഴമായാൽ നാൾവഴികളിലെ വിശേഷമെല്ലാം അയാൾ എന്നോട് പങ്കുവക്കുന്നു. അങ്ങിനെയിരിക്കെ ഒരു വൈകുന്നേരം അയാൾ പറഞ്ഞു: റൂവിയിലെ അർബാബ്‌ സാലം മരിച്ചുപോയി..
മരണത്തിന്റെ വിശദവിവരങ്ങളൊന്നും അയാൾക്കും അറിയില്ല. രാവിലെ ഈന്തപ്പനയുടെ നിഴലിൽ ചായയും ഖാവയുമായി ആരും കാത്തിരിക്കുന്നുണ്ടായിരുന്നില്ല. സാലം കിടക്കാറുള്ള ചുവന്ന പരവതാനി മാത്രം അവിടെ ചുരുട്ടിക്കൂട്ടി വച്ചിരിക്കുന്നു. പിന്നെ തലേന്ന് സാലം മരിച്ചു പോയെന്ന് വഴിയിൽ വച്ചു ആരോ പറഞ്ഞറിയുകയായിരുന്നു.

പക്ഷെ, ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഈന്തപ്പനയുടെ ചുവട്ടിൽ സാലത്തിന്റെ പരവതാനി വീണ്ടും വിരിച്ചുവെന്നും ചായയും കാവയും കജൂറും നിരന്നെന്നും സാലത്തിന്റെ മൂത്ത മകൻ യൂസഫ് ആ സ്ഥാനം ഏറ്റെടുത്തെന്നും നവാസ് പറഞ്ഞു. ആ ചായക്കും ഖാവാക്കും കജൂറിനുമെല്ലാം പഴയ രുചിയും മധുരവും തന്നെയുണ്ടായിരുന്നു. ഒരിക്കലും ഒച്ച വയ്ക്കാത്ത സാലത്തിന്റെ മകൻ യൂസഫിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് പണ്ടത്തേതിനേക്കാൾ മധുരമുണ്ടായിരുന്നു. എന്നിട്ടും മടിച്ചു മടിച്ചാണ് ഞാനെന്നും ആ പരാവതാനിയിൽ ഇരുന്നത്. പാതി മനസ്സോടെയാണ് ചായ നുണഞ്ഞത്.

പറ്റുകാർക്കെല്ലാം കൊടുത്ത ശേഷം ബാക്കിവരുന്ന പുല്ലുമായി ഒരിക്കൽക്കൂടി മത്ര കോർണേഷിലെ മീൻ മാർക്കറ്റിൽ എത്തുമ്പോൾ  തീരത്തടുപ്പിച്ച മീൻ തോണികളിൽ നിന്നും ചിലരെല്ലാം കരയിലേക്ക് കയറിവരും. വാടിത്തുടങ്ങിയ പുല്ലുകെട്ടുകൾ കിട്ടിയ വിലക്ക് അവർക്ക് വിൽക്കുകയാണ് പതിവ്. സ്ഥിരമായി കുറഞ്ഞവിലക്ക് പുല്ല് കൊടുത്തും വാങ്ങിയും മിക്കവാറും മീൻപിടുത്തക്കാരെല്ലാം എനിക്ക് സുപരിചിതരായി മാറി.

ചില പ്രത്യേകതരം കടൽ മീനുകൾ മാത്രമാണ് ഒമാനികൾക്ക് പഥ്യമായിട്ടുള്ളത്. സ്രാവ്, ഏട്ട തുടങ്ങിയ വലിയ തരം മീനുകളും നത്തോലി, മത്തി, അയല തുടങ്ങിയ ചെറുതരവുമൊന്നും (അന്നൊന്നും) ബഹുഭൂരിപക്ഷം ഒമാനികളും വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യാറില്ല. ഒമാനിലെ തീരക്കടലിൽ നിന്നും സുലഭമായിക്കിട്ടുന്ന നത്തോലി മൽസ്യം കടപ്പുറത്തിട്ടുതന്നെ ഉണക്കി ആടുകൾക്കും മൂരികൾക്കുള്ള തീറ്റയായി വിൽക്കും.

ആരും വാങ്ങിക്കൊണ്ടുപോകാത്ത ഏട്ടയും സ്രാവും കടപ്പുറത്ത് കാറ്റുകൊണ്ട് കിടക്കുന്ന കാര്യം മെസ്സിൽ വന്നു പറഞ്ഞതേ ഓർമ്മയുള്ളൂ. ആല്യേമുട്ടിയും തന്നാബും തൊത്തേലുമെല്ലാം എനിക്ക് ചുറ്റും കൊതിക്കടൽ തുഴയാൻ തുടങ്ങി. അങ്ങിനെ വെറുതെ കിട്ടുന്ന ഏട്ടയും സ്രാവും അല്ലെങ്കിൽ ഒന്നോ രണ്ടോ റിയാലിന് കിട്ടുന്ന ഒരു ചുമട് അയിലയോ, മത്തിയോ എന്തെങ്കിലുമൊക്കെ ദിവസവും മെസ്സിൽ എത്തിക്കേണ്ട ചുമതല എന്റെ തലയിലായി. രണ്ടാഴ്ച്ചകൊണ്ട് അടുത്ത രാണ്ടാഴ്ച്ചത്തേക്കുള്ള മീൻ മെസ്സിലെ ഫ്രീസറിൽ സ്റ്റോക്ക് ആയിട്ടുണ്ടാകും. എന്റെ അടുത്ത ഊഴം എത്തുന്നതുവരെ ഏട്ടക്കറിയിൽ കുഴച്ച എണ്ണപ്പോറോട്ട എല്ലാവരും വെട്ടിവിഴുങ്ങും.

പാക്കിസ്ഥാനി നവാസാണെങ്കിൽ ഇതൊന്നും നടക്കില്ല. പൊതുവെ പാക്കിസ്ഥാനികളുമായി  മലയാളികളും അത്ര അടുപ്പമൊന്നും കൂടാറില്ല. നവാസിനാണെങ്കിൽ ഹറത്തിലേയും പരിസരപ്രദേശത്തും ഉള്ള അറബികളുമായി വളരെ അടുപ്പമുള്ളതിനാൽ പാക്കിസ്ഥാനിലേക്കുള്ള വിസയുടെ പേപ്പറുകൾ ശരിപ്പെടുത്തലും അർബാബ്‌ ബർക്കയിൽ നിന്നും ഓർഡർ എടുക്കുന്ന ആട്ട, മൈദ, പാലുല്പന്നങ്ങൾ തുടങ്ങിയവ മത്രയിൽ നിന്നും കയറ്റി ബർക്കയിൽ ഇറക്കിക്കൊടുക്കലും ഒക്കെയായി മറ്റൊന്നിനും സമയം കിട്ടില്ല.

അതുകൊണ്ടൊക്കെത്തന്നെ ആരെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യാൻ ഏൽപ്പിക്കുന്ന ചില കത്തുകൾ ഒന്നോ രണ്ടോ ദിവസമൊക്കെ വണ്ടിയിൽത്തന്നെ കിടക്കുന്നത് കാണാം. ഡ്യൂട്ടി മാറുന്ന ദിവസം അങ്ങിനെയുള്ള കത്തുകൾ ഉണ്ടെങ്കിൽ അതെടുത്ത് അയാൾ എന്നെ ഏൽപ്പിക്കും.

ഒരിക്കൽ, ശ്രീലങ്കക്കാരിയായ സിന്ധു എന്ന പെണ്കുട്ടിയുടെ റജിസ്റ്റർ ചെയ്‌ത് അയക്കാനുള്ള രണ്ടുമൂന്ന് കത്തുകൾ അയാൾ എന്നെ ഏൽപ്പിച്ചു. സിദാബിലെ പോലീസ് സ്റ്റേഷന് മുമ്പിലെ മൂന്നാമത്തെയോ,നാലാമത്തെയോ ഗല്ലിയിലുള്ള ഒരു വീട്ടിലാണ് സിന്ധു ജോലിചെയ്യുന്നത്.

സാധാരണയായി  വണ്ടിയുടെ ഹോണ് കേട്ടാൽ പുല്ല് വാങ്ങാനായി സിന്ധു ഗെയ്റ്റ് തുറന്നു കൈ നീട്ടും. ശ്രീലങ്കയിൽ തമിഴ് പുലികളും സർക്കാറും തമ്മിലുള്ള യുദ്ധം കൊടുമ്പിരികൊണ്ട സമയമായിരുന്നു. തമിഴ് നന്നായി സംസാരിക്കുന്ന സിന്ധുവിന് എന്നും ശ്രീലങ്കയിലെ കലാപത്തെക്കുറിച്ച്‌ എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. അധികവും പേടിപ്പെടുത്തുന്ന കാര്യങ്ങൾ തന്നെ. ഗ്രാമങ്ങൾ അരിച്ചുപെറുക്കി തമിഴരെ കൊന്നുതള്ളുന്ന ശ്രീലങ്കൻ പട്ടാളത്തിന്റെ ക്രൂരതകൾ അവൾ തമിഴ്‌മലയാളത്തിൽ പറയുമ്പോൾ പുല്ലുവാങ്ങാനായി കൂടി നിൽക്കുന്ന ബലൂചിപെണ്ണുങ്ങൾ തങ്ങൾക്കും അതൊക്കെ മനസ്സിലാവുന്നുണ്ടെന്ന മട്ടിൽ ബിസ്മില്ലാ.. മാഷാ അല്ലാഹ്.. എന്നെല്ലാം പ്രതികരിക്കും.

സഹോദരന്മാരും സഹോദരിമാരും അച്ഛനും അമ്മയും ഒക്കെയടങ്ങുന്ന തന്റെ കുടുബത്തെ ഓർത്ത് ഭയചകിതയായാണ് അവൾ ജീവിക്കുന്നതെന്ന് ഒരിക്കലും ചിരിച്ചു കാണാത്ത ആ മുഖഭാവത്തിൽ നിന്നു വ്യക്തം. കലാപങ്ങളും യുദ്ധങ്ങളും കേട്ടുകേൾവിയില്ലാത്ത കേരളീയസാഹചര്യത്തിൽ നിന്നും വന്നതുകൊണ്ടായിരിക്കണം എനിക്കതിൽ പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല. അതുകൊണ്ടു തന്നെ ആ സംസാരം നിസ്സംഗമായി കേട്ടു നിൽക്കുകയാണ് പതിവ്.

പതിവുപോലെ പുല്ലുമായി ആ ഗെയിറ്റിനു മുന്നിലെത്തിയപ്പോൾ അന്ന് മറ്റൊരാളാണ്  വാതിൽ തുറന്നത്. സിന്ധു പോസ്റ്റ് ചെയ്യാൻ ഏൽപ്പിച്ച കത്തുകളുടെ റജിസ്റ്റർ സ്ലിപ്പ് നീട്ടിയപ്പോഴാണ് താൻ സിന്ധുവിനു പകരം വന്ന പുതിയ ജോലിക്കാരിയാണെന്ന് അവർ പറയുന്നത്. ഒപ്പം ഒരു ദുരന്ത വാർത്ത കൂടി അവർ പങ്കുവച്ചു.

ശ്രീലങ്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ സിന്ധുവിന്റെ കുടുംബാംഗങ്ങൾ എല്ലാവരും കൊല്ലപ്പെട്ടു. അതറിഞ്ഞതും അവൾക്ക് മനോനില തെറ്റിയതു പോലെയായി. ഉടൻ നാട്ടിലേക്ക് പോയി.

ഇനി നാട്ടിൽ പോയിട്ട് എന്തിനാണ്..? ആരെക്കാണാനാണ്.. എന്ന എന്റെ ആത്മഗതത്തിന് ഉടനടി മറുപടി വന്നു: പോകുന്നതുവരേയും എല്ലാവരും അതുതന്നെയാണ് അവളോട് ചോദിച്ചു കൊണ്ടിരുന്നത്.. എനിക്ക് ശ്രീലങ്കൻ പട്ടാളത്തെ കാണണം.. അവരോട് പകരം ചോദിക്കണം.. എന്നൊക്കെ പിറുപിറുത്തുകൊണ്ടാണ് ഇവിടം വിട്ടത്..

അതിനുശേഷം ശ്രീലങ്കൻ കലാപത്തെക്കുറിച്ചും തമിഴ് പുലികളെക്കുറിച്ചും ഉള്ള വാർത്തകൾ കാണുമ്പോഴും വായിക്കുമ്പോഴും ഒക്കെ പുലിയായി മാറിയ സിന്ധുവും ഓർമ്മയിൽ വന്നു പൊട്ടിത്തെറിച്ചു. അധികം വൈകാതെ ശ്രീലങ്കൻ പട്ടാളത്തെ സഹായിക്കാനായി ഇൻഡ്യൻ പട്ടാളം കടൽ കടന്നെന്ന വാർത്ത വന്നു. താമസിയാതെ ശ്രീലങ്കൻ പട്ടാളം തമിഴ് പുലികളെ തോൽപ്പിച്ചു കലാപം അടിച്ചമർത്തി. ശ്രീലങ്കയിൽ സമാധാനം പുനസ്ഥാപിച്ചു.

ചിലപ്പോൾ സിന്ധു ഒമാനിലേക്ക് തന്നെ തിരിച്ചു വന്നിരിക്കാം. അല്ലെങ്കിൽ ശ്രീലങ്കയിൽ എവിടെയെങ്കിലും ഒരനാഥയായി ജീവിക്കുന്നുണ്ടാവാം. ഒരുപക്ഷേ ഒരു തമിഴ് പുലിയായി മാറി കലാപത്തിന്റെ ചരിത്രത്തിൽ രക്തസാക്ഷിയുടെ പരിവേഷമൊന്നും രേഖപ്പെടുത്താതെ കാലയവനികയിൽ മാഞ്ഞുപോയിരിക്കാം. യാഥാർഥ്യം എന്താണെന്ന് ആർക്കറിയാം?

ഇതുപോലെത്തന്നെ ആകസ്മിമായാണ് ആയിഷയുടെ ജീവിതശകടവും മറ്റൊരു സ്പീഡ് ട്രാക്കിലൂടെ വഴിമാറി ഓടിയത്.

(തുടരും)






Post a Comment

0 Comments