റിസ എട്ട്


തലസ്ഥാന നഗരമായ മസ്ക്കറ്റിന് തൊട്ടു കിടക്കുന്ന സിദാബിലെ ഇരുണ്ട കടൽപോലെ തിരയടങ്ങിക്കിടക്കുകയാണ് ആയിഷയുടെ മനസ്സെന്ന് ഏറെ നാളത്തെ പരിചയം കൊണ്ട് എനിക്ക് ഊഹിക്കാൻ കഴിയും. ആ അറബി വീടിന്റെ അടുക്കളഭാഗത്തെ ഗെയ്റ്റ് തുറന്ന് ഞാൻ കൊടുക്കുന്ന രണ്ടുകെട്ട് പുല്ലിന് പകരമായി അടുക്കളയിൽ നിന്നും പുറത്തുവന്ന് ആയിഷ ഉള്ളിലെ തിരകളടക്കി ചുണ്ടിൽ എന്നും ഒരു പുഞ്ചിരി വച്ചുനീട്ടുന്നു. മീൻ ചെതുമ്പലോ, കോഴിച്ചോരയോ ഉള്ള കൈകൾ കഴുകിയെന്ന് വരുത്തി ചിലപ്പോൾ രണ്ടുമൂന്നു കത്തുകളും നീട്ടും: ഇന്നന്നെ  പോസ്റ്റ് ചെയ്യാൻ മറക്കല്ലേ.. എന്ന അപേക്ഷയും.

സ്റ്റാമ്പൊട്ടിച്ച്‌ ഉച്ചയ്ക്കു മുമ്പ് മസ്ക്കറ്റിലെ പോസ്റ്റോഫീസിൽ അതിട്ടാൽ അന്നുതന്നെ ഇന്ത്യയിലേക്ക് പോകുമെന്നൊക്കെ അവൾക്കും അറിയാം. 

പാക്കിസ്ഥാനി നവാസ് തുടങ്ങിവച്ച ഒരേർപ്പാടാണിത്. അറബിവീടുകളിൽ ജോലി ചെയ്യുന്ന പലർക്കും ബാങ്കിലോ, പോസ്റ്റോഫീസിലോ ഒന്നും പോകാനുള്ള സാവകാശം കിട്ടാറില്ല. പലരും അവിടത്തെ അടുക്കളയിൽ നിന്നുപോലും പുറത്തുകടക്കാൻ സമയം കിട്ടാത്തവരായിരിക്കും. അപ്പോൾ തൊട്ടടുത്തുള്ള ഒരു കടക്കാരനോ, നിത്യവും കാണുന്ന അയൽക്കാരനോ ഒക്കെയാണ് ഏക ആശ്രയം. തങ്ങൾക്ക് ഭക്ഷണവും ശമ്പളവും തരുന്ന അർബാക്കന്മാരേക്കാൾ അവർക്ക് സ്നേഹവും വിശ്വാസവും പരിചയക്കാരായ വിദേശികളോടായിരിക്കും.

അങ്ങിനെ ആശ്യക്കാർക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും ഡ്രാഫ്റ്റ് എടുത്തുകൊടുക്കുകയും കത്തുകൾ മസ്‌കറ്റ് പോസ്റ്റാഫീസിൽ നിന്നും സ്റ്റാമ്പൊട്ടിച്ചയക്കുംചെയ്യും. കത്തുകൾ നൽകുമ്പോൾ അവരുടെ മുഖങ്ങളിൽ വിലപ്പെട്ടതെന്തോ ഒരു വിശ്വസ്ത കരങ്ങളിൽ ഏൽപ്പിച്ചതിന്റെ ആശ്വാസമായിരിക്കും. നമുക്കാണെങ്കിൽ ചേതമില്ലാത്ത ഒരുപകാരം ചെയ്യുന്നു എന്ന ചാരിതാർഥ്യവും.

ആയിഷയുടെ ബാങ്കുദ്യോഗസ്ഥയായ മാഡവും ഗവർമെന്റ് ഉദ്യോഗസ്ഥനായ അർബാബും ഒക്കെ  പോസ്റ്റോഫീസിൽ പോകാറുണ്ട്. നാട്ടിലേക്കുള്ള കത്തുകളുണ്ടെങ്കിൽ മാഡം കൊണ്ടുപോയി പോസ്റ്റ് ചെയ്യാറുമുണ്ട്.  ഇത് അതിനിടക്ക് വരുന്ന ചില കത്തുകൾക്കുള്ള മറുപടികളാണ്. ആദ്യമൊക്കെ ഇങ്ങിനെയുള്ള കത്തുകൾ ഉസ്മാനിക്കയാണ് വാങ്ങിക്കൊണ്ടു പോയിരുന്നത്. ഉസ്മാനിക്ക അവളുടെ നാടൻ സ്പോണ്സറും വകയിലൊരു ജേഷ്ഠനും കൂടിയാണ്. താൻ കൊടുത്തുവിടുന്ന കത്തുകളെല്ലാം ഉസ്മാനിക്കയുടെ സെൻസറിംഗ് കഴിഞ്ഞതിനു ശേഷമാണ് നാട്ടിൽ കിട്ടുന്നതെന്ന ഉമ്മയുടെ പരാതിക്ക് ശേഷമാണ് കത്തുകൾ അവൾ എന്റെ കയ്യിൽ തന്നുവിടുന്നത്.

കത്തുകളിൽ മാത്രമല്ല, അവൾക്ക് മാസാമാസം ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ഒരു വിഹിതവും ഉസ്മാനിക്ക തന്റെ കത്രിക പ്രയോഗത്താൽ കൈവശപ്പെടുത്തുന്നു. വിസക്ക് ചിലവായതിന്റെ കണക്കിലേക്കെന്ന പേരിൽ കിട്ടുന്നിടത്തോളം മുതലാക്കുകയാണ് അയാൾ.

കോഴിക്കോടാണ് ആയിഷയുടെ സ്വദേശം. കോഴിക്കോട്, സൗദി എന്ന പേരിൽ ഒരു പ്രദേശമുള്ള കാര്യം ആയിഷ പറഞ്ഞാണ് ഞാനറിയുന്നത്. ആയിഷയുടെ വീട് മേൽപ്പറഞ്ഞ സൗദിയിലാണത്രെ. ഉപ്പ മരിച്ചുപോയ ആയിഷയെ പതിമൂന്നാം വയസ്സിൽ ഉമ്മ കല്യാണം കഴിച്ചയച്ചു. പണക്കാരനായ ആ വയസ്സൻ പുത്യാപ്ലയുടെ വീട്ടിലെ നാലുവർഷത്തെ ജീവിതദുരിതത്തിൽ നിന്നും രക്ഷപ്പെട്ട് അവൾ  സ്വന്തം വീട്ടിൽ വന്നു നിൽക്കുമ്പോഴായിരുന്നു ഉസ്മാനിക്കയുടെ ഗൾഫിലേക്കുള്ള ഗോൾഡൻ ഓഫർ വരുന്നത്. തകർന്നു വീഴാറായ വീട്ടിൽ വിവാഹപ്രായമെത്തി നിൽക്കുന്ന അനുജത്തിയുടെ കാര്യമോർത്തപ്പോൾ  ടിക്കറ്റെടുക്കാനായി ഉള്ള പൊന്നെല്ലാം ഉരുക്കിത്തൂക്കി വിറ്റു. വിസക്ക് ചെലവായ പണം മസ്ക്കറ്റിൽ വന്നതിനുശേഷം ആയിഷ ജോലിചെയ്തു വീട്ടിയാൽ മതിയെന്നായിരുന്നു കരാർ. അതനുസരിച്ചാണ് ഉസ്മാനിക്ക ഒരു വർഷത്തോളമായി ഇങ്ങിനെ ഊറ്റിക്കൊണ്ടിരിക്കുന്നത്.

അയാൾ തന്റെ വകയിലൊരു ഇക്കയാണെന്ന അടുപ്പമൊന്നും അവളുടെ വാക്കിലും പെരുമാറ്റത്തിലും കണ്ടില്ലെങ്കിലും പാവം ഉസ്മാനിക്കാക്ക് അങ്ങനെയുള്ള വേർതിരിവൊന്നും ഇല്ല. അവളൊന്നു തുപ്പിയെന്നോ തുമ്മിയെന്നോ അറിഞ്ഞാൽ എവിടെയായിരുന്നാലും അയാൾ ഓടിയെത്തും. മറ്റുള്ളവരുടെ മുമ്പിൽ വച്ച് മറ്റാർക്കുമില്ലാത്ത ഒരധികാരത്തോടെ ലോഗ്യം ചോദിക്കും. അവൾ ആരോടെങ്കിലും എന്തെങ്കിലും മിണ്ടിയോ, ചിരിച്ചോ എന്ന്‌ കണ്ടുപിടിക്കും. അതു പാടില്ല ഇതു പാടില്ല എന്നൊക്കെ വിലക്കും, ശാസിക്കും.

വീട്ടിൽ മാഡവും മറ്റാരും ഇല്ലാത്ത സമയം നോക്കി ചില കൂട്ടുകാരുമൊത്ത് അയാൾ കാണാൻ വരുന്നതാണ് അവളെ ഏറ്റവും വിഷമിപ്പിക്കുന്നത്. അവിടത്തെ ആചാരപ്രകാരം അവൾ വീടിന്റെ മജ്‌ലിസിൽ ഇരുത്തി ചായയൊക്കെ കൊടുക്കും. അയാളാവട്ടെ കിട്ടുന്ന സമയം മുഴുവൻ കൂടെ വന്നവന്റെ ജോലി, വരുമാനം, സ്വഭാവാദി ഗുണങ്ങൾ തുടങ്ങിയവ വർണ്ണിക്കും. ആയിഷക്ക് ചെകുത്താനും കടലിനും ഇടയിൽ പെട്ടതുപോലെ നിലതെറ്റുന്നു. താനവളുടെ ഏക സഹോദരനാണെന്നും അവൾക്ക് അനുയോജ്യനായ ഒരു പുതിയാപ്ലയെ കണ്ടെത്തേണ്ടത് തന്റെ കടമയാണെന്നും ഒക്കെ അയാൾ കാണുന്നവരോടെല്ലാം  പറഞ്ഞു നടക്കുന്നു. മുഖം കറുപ്പിച്ചോ, മറുത്തോ വല്ലതും പറയാൻ കഴിയാത്തതിനാൽ എല്ലാം അവൾ സഹിക്കുന്നു.

തന്റെ നാടൻ സ്പോണ്സർ എന്ന നിലയിൽ മാത്രമല്ല, മാഡത്തിന്റെയടുത്തും സിദാബിലെ ഒട്ടുമിക്ക അറബി, മലയാളികൾക്കിടയിലും അയാൾക്കുള്ള സ്വാധീനം വച്ചു നോക്കുമ്പോൾ അവൾക്ക് എല്ലാം സഹിക്കുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ട് അവൾ തന്റെ സങ്കടങ്ങളെല്ലാം ഉമ്മയേയും അനുജത്തിയേയും എഴുതി അറിയിക്കും.. അങ്ങിനെയുള്ള കത്തുകളാണ് അയാൾ സെൻസറിംഗിന് വിധേയമാക്കുന്നത്.

ഒരിക്കൽ അയാൾ പരിചയപ്പെടുത്തുന്ന കൂട്ടുകാർ പിന്നെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അവളുടെ കണ്മുന്നിൽ വന്നും പോയുമിരുന്നു. ചിലർ  യാദൃശ്ചികമെന്നോണം റോഡിലും മാർക്കറ്റിലും വച്ചു കുശലം പറയാൻ വന്നു. ഒരിക്കൽ അതിലൊരാൾ വീട്ടിലെ ഫോണിലേക്ക് വിളിച്ചു. അവൾ പഞ്ചാരവർത്തമാനങ്ങൾക്കൊന്നും കാതുകൊടുക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും അയാൾ വിളി തുടർന്നു. പിന്നെപ്പിന്നെ സംസാരത്തിന്റെ മട്ടുമാറി: ഒരു ദിവസം ലീവെടുക്കണമെന്നും റൂവിയിൽ പോയി ഷോപ്പിംഗ് നടത്താമെന്നും പുതിയ മലയാളം സിനിമ കാണാമെന്നും ഒക്കെ ചില പ്രലോഭനങ്ങളായി. ഇനി വിളിച്ചാൽ മാഡത്തിനോട് പറയുമെന്ന് പറഞ്ഞു അവൾ ഫോണ് വച്ചു.

ഒരുദിവസം പുല്ലുമായി ചെന്നപ്പോഴാണ് അവൾ ഇക്കഥ പറഞ്ഞത്. മാഡത്തിനോട് പറഞ്ഞാൽ ഒരു ലീവൊക്കെ തരപ്പെടില്ലേ എന്ന് ഞാനും കളിയാക്കി. എന്റെ  മാഡത്തെ ശരിക്ക് അറിയത്തോണ്ടാ ഇങ്ങിനെയൊക്കെ പറയുന്നതെന്ന് അവൾ തിരിച്ചടിച്ചു.

ബലൂചിയും അല്പസ്വല്പം പിഴയുമായ അർബാബിനെ വരച്ച വരയിൽ നിർത്തുന്ന വളരെ കർക്കശക്കാരിയായ തന്റെ മാഡത്തെക്കുറിച്ച് അവളിൽ നിന്നുതന്നെ ഒരുപാട് കേട്ടു. ആ വീടിന്റെ മുന്നിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന കണ്ണൂർക്കാരൻ അഷ്‌റഫും അക്കാര്യമൊക്കെ പറയാറുണ്ട്. അഷ്‌റഫിന്റെ കടയടക്കം കുറെ സ്ഥാപനങ്ങൾ ആയിഷയുടെ മാഡത്തിനുണ്ട്. ബലൂചിയായ അർബാബിന് എല്ലാ കുരുത്തക്കേടുകളും ആവശ്യത്തിനുണ്ട്. പക്ഷെ വീട്ടിൽ ആ കളിയൊന്നും നടക്കില്ല. മാഡത്തിന്റെയടുത്ത് പാവം പിടിച്ചവനെപ്പോലെ പത്തിമടക്കി നിൽക്കും. മാഡവും കുട്ടികളും ഇല്ലാത്ത സമയം അയാളും വീട്ടിൽ ഉണ്ടായിരിക്കില്ല. അത് ആയിഷയുടെ ഭാഗ്യം.

കുറച്ചു ദിവസങ്ങൾക്ക് ശേഷം, അന്നത്തെ സിനിമാക്കാരൻ പിന്നെ വിളിച്ചില്ലേ..? നിങ്ങൾ സിനിമക്കൊന്നും പോയില്ലേ..? എന്ന എന്റെ ചോദ്യത്തിന് ഇനിയൊരിക്കലും അയാൾ വിളിക്കുമെന്ന് തോന്നുന്നില്ലെന്നു പറഞ്ഞു അവൾ ഒരു ചിരി കടിച്ചമർത്തി. എന്റെ ജിജ്ഞാസ കണ്ടപ്പോൾ അയാളെ എന്നന്നേക്കുമായി ഒഴിവാക്കിയ കഥ വള്ളിപുള്ളി വിടാതെ വിസ്തരിച്ചു.
 
എന്താ ആയിഷാ മറുപടിയൊന്നും തരാത്തതെന്നു ചോദിച്ച് അയാൾ വീണ്ടും വിളിച്ചു. അപ്പോൾ ഭാവഭേദമൊന്നുമില്ലാതെ തികച്ചും സ്വാഭാവികതയോടെ അവൾ പറഞ്ഞു:

കാതിലും കഴുത്തിലും ഒന്നുമില്ലാതെ എങ്ങിന്യാ ഇക്കാ ഞാൻ വര്വാ..? അതിനാണെങ്കി പ്പോ ഒരഞ്ചുപത്ത് പവനെങ്കിലും വേണ്ടേരും ചെയ്യും..!

അവൾ പറഞ്ഞു നിർത്തിയപ്പോൾ മറുതലയ്ക്കൽ നിന്നും അയാൾ ഉമിനീരിറക്കുന്ന ശബ്ദം കേട്ടു. മസ്ക്കറ്റിലെ പേരുകേട്ട ജ്വല്ലറികളുടെയെല്ലാം പരസ്യബോർഡുകൾ അയാളുടെ തലച്ചോറിൽ ഇടിമിന്നലോടെ തെളിഞ്ഞു മറഞ്ഞിരിക്കും. അന്ന് ഫോൺ വച്ചു സ്ഥലം വിട്ടതാണയാൾ.

നേർത്ത ചിരിക്കൊപ്പം ആയിഷയുടെ ഉള്ളിൽനിന്നും ആശ്വാസത്തിന്റെ നെടുവീർപ്പുകൂടി ഉയർന്നു. എനിക്ക് സിദാബിലെ തിരയടങ്ങിയ ഇരുണ്ട കടലിന്റെ ആഴങ്ങൾ ഓർമ്മവന്നു.

(തുടരും)












Post a Comment

0 Comments