മഴയുടെ ഋതുഭേദങ്ങൾ










മലയാളത്തിലെ മഴകൾ..

ഒരു കുടയും കുഞ്ഞുപെങ്ങളും..

ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ മലയാളം ഉപപാഠപുസ്തകമായിരുന്നു മുട്ടത്തുവർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവൽ. 

മഴയെക്കുറിച്ച് പറയാൻ മാത്രം മനോഹരമായ വർണ്ണനകൾ ഒന്നും അതിൽ ഉണ്ടായിരുന്നില്ല. രണ്ടാനമ്മയുടെ പീഡനങ്ങൾ സഹിക്കാനാവാതെ വീടും നാടും ഉപേക്ഷിച്ചു പോകേണ്ടി വന്ന ഒരു കുട്ടിയുടേയും അവന്റെ കൊച്ചു സഹോദരിയുടേയും ജീവിതമായിരുന്നു ഇതിവൃത്തം.

നക്ഷത്രങ്ങൾ ഇല്ലാത്ത മഴക്കാറ് മൂടിയ ഒരു വർഷകാല രാത്രിയിലായിരുന്നു അവരുടെ യാത്ര. ഇരുട്ടുമൂടിയ നാട്ടുപാത. മഴക്കാലത്തെ തവളകളുടെയും ചിവീടുകളുടെയും കരച്ചിൽ. ചുറ്റും കണ്ണുചിമ്മുന്ന മിന്നാമിന്നികൾ. കൊള്ളിയാന്റെ മിന്നലിൽ മാത്രം തെളിയുന്ന വഴിത്താര. ദൂരെ നിന്നും  ഇരമ്പിവന്ന് പൊടുന്നനെ മൂർദ്ധാവിൽ പതിയുന്ന പെരുമഴത്തുള്ളികൾ.

ഓരോ വായനക്കാരനേയും ആ ഇരുട്ടും ഇടിമിന്നലും ഇടക്കിടെ പേടിച്ചിപ്പിരിക്കണം. അപ്പോഴൊക്കെ മിന്നാമിന്നികളെ പ്രതീക്ഷയോടെ നോക്കിയിരിക്കണം. ഒടുവിൽ കൂരിരുട്ടിന്റെ കൂട്ടുകാരായപ്പോൾ പെരുമഴയിൽ അവരുടെ മനസ്സും ശരീരവും നനഞ്ഞു കുതിർന്നിരിക്കണം. 

പരീക്ഷക്ക് വേണ്ടി പഠിച്ചതായി തോന്നിയില്ല, ജീവിതം പഠിക്കാൻ തുടങ്ങിയപ്പോൾ മനസ്സിൽ അവശേഷിച്ച പല പാഠഭാഗങ്ങളും. മഴയെ എഴുതാനും വായിക്കാനും മനസ്സിനെ പഠിപ്പിച്ചതും അതൊക്കെയായിരിക്കണം.

അന്നൊക്കെ എല്ലാ മഴത്തുള്ളികൾക്കും വാത്സല്യ നിധിയായ ഒരു മാതാവിന്റെ ഹൃദയത്തിൽ നിന്നുതിരുന്ന കണ്ണുനീർത്തുളളികളായി മാറാനുള്ള ഒരു മാനം, ഓരോ മലയാളിയുടെയും മനസ്സിൽ  ഉണ്ടായിരുന്നു. മനസ്സിൽ പെയ്യുന്ന മഴയിൽ തുളളിക്കൊരു കുടം പോലെത്തന്നെ സ്നേഹവും ആർദ്രതയും തുളുമ്പിയിരുന്ന കാലം.

മഴ മലയാളിയുടെ ജീവിതത്തോട് അത്രമാത്രം ഒട്ടി ഒട്ടിച്ചെർന്നിരുന്ന ആ കാലം പിന്നീടൊന്നും ഉണ്ടായിട്ടുണ്ടാവില്ല. അത് ജീവിതത്തിൽ നിന്നും അകന്നു പോയപ്പോഴെല്ലാം ഇങ്ങിനെയുള്ള ഓർമ്മകൾ തന്നെയായിരിക്കണം ഓരോ ഭൂതകാലത്തേയും വർത്തമാനകാലത്തിലേക്ക്‌ ബന്ധിപ്പിക്കുന്ന മഴക്കണ്ണികളായി  മാറിയത്.

എഴുത്തിലെ ചാറൽമഴകൾ..

മഴയും പുഴയും മരങ്ങളുമില്ലാതെ എന്റെ  ഒരെഴുത്തും പൂർണ്ണമായിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മഴയും മഴയുടെ അനുബന്ധങ്ങളുമില്ലാതെ ഏതു മനുഷ്യനാണ്‌ ഭൂമിയിൽ ഒരു  ജീവിതം പോലും സാധ്യമാവുക? അതുകൊണ്ടാണ് ജീവിതം കുറിക്കുമ്പോഴെല്ലാം അനുവാദമില്ലാതെത്തന്നെ അതിനിടയിൽ കാറ്റും മഴയുമെല്ലാം കയറിവരുന്നത്. ' കരട് പെറുക്കാൻ ഒരു ബെല്ല് ' എന്ന പേരിൽ ഈയിടെ കുറിച്ച വിദ്യാലയസ്മരണകളിലും ആ ആകാശവും പെയ്യാൻ വിതുമ്പി മഴമേഘങ്ങളും ഉണ്ടായിരുന്നു. അതിങ്ങനെ :

- കറുത്തവനും വെളുത്തവനും എന്നോ,  പാവപ്പെട്ടവനും പണക്കാരനുമെന്നോ വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു വിടവും  കുട്ടികളായ ഞങ്ങൾക്കിടയിൽ കുടചൂടിയിരുന്നില്ല. മിക്കവരും ഓലക്കുടയിലും ചിലർ മാത്രം ശീലക്കുടയിലും സ്കൂളിൽ വന്നു. അപൂർവ്വം ചിലർ വാഴയിലയും ചേമ്പിലയും പാതിവഴിയിൽ ഉപേക്ഷിച്ച് ഒരു ചാറലോടെ കയറിവന്നു.

മഴയേക്കുറിച്ച് പറയുമ്പോൾ കുടയേക്കുറിച്ച് ഓർക്കാതിരിക്കാൻ നമ്മൾ മലയാളികൾക്ക് ആവില്ലല്ലോ. കുടയെക്കുറിച്ച് ഓർക്കുമ്പോഴാണ് ഓർമ്മകൾ ഓലക്കുട ചൂടുന്നത്. ഓലക്കുട ചൂടിയ ആ കാലം എന്നെ ഓരോരോ മുറ്റങ്ങളിലും മുഖങ്ങളിലും കൊണ്ടാക്കും.

മുറുക്കിച്ചുവപ്പിച്ച മഴകൾ..

കണ്ടിട്ടില്ലേ?  നനഞ്ഞ ശീലക്കുടകൾ എല്ലായിടത്തും  അകത്തോ, വരാന്തയിലോ ഒക്കെ ചുമരും ചാരിയാണ് ഇരിക്കുക. എന്നാലോ ഓലക്കുടകൾ അങ്ങനെയായിരുന്നില്ല. അവ എല്ലാ മഴയും വെയിലും സഹിച്ച്‌ എന്നും പാടത്തും പറമ്പിലുമൊക്കെ ആയിരുന്നു. അന്തിക്ക് മാത്രമാണവ മുറ്റത്തു വന്നുനിന്ന് മുരടനക്കുന്നത്. ഏതു കാലക്കേടും സഹിച്ച് എ പ്പോഴും വെളുക്കെ ചിരിച്ചു കൊണ്ടിരുന്നിട്ടും ചിലർ മറ്റുള്ളവരെ അവഗണിക്കുന്നതിന്റെ ഒരു ഉദാഹരണമായിരുന്നു അത്.

അങ്ങനെ ഓലക്കുടകളും മുളങ്കുട്ടയും മുറവും പരമ്പും വിശറികളും ഒക്കെ നെയ്തുണ്ടാക്കുന്ന അയ്യപ്പന്റേയും കുഞ്ഞാരിയുടേയും, പുരകൾ മേയുകയും വേലികെട്ടുകയും ചെയ്യുന്ന മുണ്ടിയുടേയും ചാമിയുടേയും ഒക്കെ  മുറുക്കിച്ചുവപ്പിച്ച ചിരി അന്നെല്ലാം മഴപോലെ തന്നെ ഹൃദ്യമായിരുന്നു. ഒരു കാലത്തും അത് നമ്മളെ മറക്കാറില്ല. ഒരു മഴയിലും അത് തോരാറില്ല. ഒരു വെയിലിലും വാടാറുമില്ല. അന്തിമയങ്ങിയാൽ ആ ചിരിമഴയിൽ ഇത്തിരി നൂറും പുകയിലയും കൂടിയെന്നിരിക്കും.

ചീരണ്ട്യാലിലെ മഴകൾ..

ചീരണ്ട്യാലിലെ കലക്കവെള്ളത്തിൽ പടക്കം പൊട്ടിച്ചു നടന്ന കുട്ടിക്കാലം  ഓരോ മഴക്കാലത്തും എന്റെ മനസ്സിനെ ഭൂതകാലത്തിലേക്ക് പറിച്ചു നടുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴും നീണ്ട കാലുള്ള ഒരോലക്കുട എനിക്കുണ്ടായിരുന്നു.

ചീരണ്ട്യാലിൽ അന്ന് വീടുകൾ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം കട്ടമോടൻ നെല്ലു വിളയുന്ന കണ്ടങ്ങൾ മാത്രം. വേനലിൽ ചാമയും എള്ളും വിളയും. ചിലർ ചക്കരക്കിഴങ്ങ് നടും.

ഇടവപ്പാതി ഓലക്കുടകളിൽ മദ്ദളം കൊട്ടുമ്പോൾ
കുട്ടിക്കാലം ആർപ്പുവിളികളോടെ  ചീരണ്ട്യാലിലെ മഴപ്പെയ്ത്തിൽ നീരാടുന്നു. ഇടക്കെപ്പൊഴെങ്കിലും മഴ ഇടിവെട്ടി കനത്താൽ ഇടവഴി താണ്ടി വീട്ടിലേക്ക് ഒരോട്ടം വച്ചുകൊടുക്കുന്നു.

പത്താം ക്ലാസ്സിൽ ഏത്തിയപ്പോഴേക്കും പരൽമീനുകൾ പിടയുന്ന ഉപ്പിണിപ്പാടവും ഇളനീർ ഒഴുകുന്ന കാക്കാത്തോടും ചീരണ്ട്യാലിനു വഴിമാറിക്കൊടുത്തു.

കുട്ടിച്ചാത്തന്റെ മഴ..

കുട്ടിക്കാലത്ത് ആമക്കാവിലെ അമ്മാവന്റെ വീട്ടിലേക്ക് വിരുന്നുപോകാറുണ്ടായിരുന്നു. അവിടെ പതിവ് പണിക്കാരനായിരുന്നു ഒരു ചാത്തക്കുട്ടി. എത് പെരുമഴയിലും കുടയൊന്നും ചൂടാതെയാണ്‌ ചാത്തക്കുട്ടി പണിക്ക് വരിക. ഒരു തോർത്തുമുണ്ട് മാത്രമാണ് വേഷമെങ്കിലും ചാത്തക്കുട്ടി പടികടന്ന് വരുമ്പോൾ ഒരു തുള്ളിപോലും മഴ നനഞ്ഞിട്ടുണ്ടാവില്ല. കുട്ടികളായ ഞങ്ങൾ അതിശയം കൂറുമ്പോൾ ചാത്തക്കുട്ടി ഗൂഢമായ ഒരു ചിരിയോടെ മൊഴിയും: 

അടിയൻ തുള്ളിക്ക്‌ മാറി നടന്നു

മുറുക്കിച്ചുവന്ന ചിരിയോടെ അമ്മാവൻ ചാത്തക്കുട്ടിയെ പിന്താങ്ങും: അതാണ് കുട്ടിച്ചാത്തന്റെ മഴ..

ഇതിനോട് കൂട്ടി വായിക്കേണ്ട മറ്റൊരു മഴയുണ്ട്. കുറുക്കന്റെ കല്യാണത്തിനാണത്. മഴക്കിടയിൽ പെട്ടെന്നൊരു വെയിൽ  വെളുവെളുക്കെ ചിരിക്കും. അല്ലെങ്കിൽ വെയിലിന്നിടക്ക്‌ ഒരു മഴ ഉറക്കെയുറക്കെ കരയും. ചിലപ്പോൾ മാനത്ത് മഴവില്ലിന്റെ എഴഴകും വിരിയും. ഇലകളിലെല്ലാം ഉദിച്ചുനിൽക്കുന്ന സൂര്യകോടികളാൽ ചെടികളും മരങ്ങളുമെല്ലാം താരാമണ്ഡലം പോലെ   തിളങ്ങുന്ന അപൂർവ്വമായ ശുഭ മുഹൂർത്തം. ഉമ്മപറയും: ഇന്നാണ് കുഞ്ഞിക്കുറുക്കന്റെ കല്യാണം.

സങ്കടമഴകൾ..

കുംഭച്ചൂടിലെ വെള്ളിയാഴ്‌ച്ചകളിലേക്ക്‌ നിനച്ചിരിക്കാതെ പൊട്ടിച്ചാടുന്ന കുംഭമഴ വല്ലാത്തൊരു സങ്കടം തന്നെയാണ് കൊണ്ടുവന്നു തരിക. പലപ്പോഴും അത് മുല്ലക്കൽ അമ്പലത്തിലെ പകൽപ്പൂരത്തിൻെറ ആവേശത്തിമർപ്പിലേക്കോ അതല്ലെങ്കിൽ പാതിരാ കഴിഞ്ഞതിനുശേഷം പടക്കത്തിന് തീ കൊടുക്കുന്നതിനു മുമ്പുള്ള ഉത്ക്കണ്ഠയുടെ മൂർദ്ധന്യത്തിലേക്കോ ഒക്കെയായിരിക്കും മുഖം കാണിക്കുക. എന്തായാലും ഒരു പുരുഷാരത്തെ മുഴുവൻ നിരാശരാക്കി ഒരു നാടിന്റെ സന്തോഷത്തെ യാണ് എന്നുമത് ഊതിക്കെടുത്തുക.

ഇടനാഴിയിലെ കാഴ്ച്ചകൾ എന്ന ബ്ലോഗ് കുറിപ്പിൽ നിന്നും അതിനെക്കുറിച്ച് ഏതാനും വരികൾ:

- ആനമയിലൊട്ടകങ്ങള്‍ക്കിടയിലാണ് ആണുങ്ങളുടെ പൂരം! പക്ഷെ, അതിനും എത്രയോ ഉയരത്തിലാണ് കുട്ടികൾക്ക് വേണ്ടി കരകര കരയുന്ന യന്ത്ര ഊഞ്ഞാലുകളുടെ പൂരം.

ഏതു പേടിത്തൂറിയും ആ ഊഞ്ഞാലില്‍ കയറുമ്പോൾ ആകാശം കണ്ണടച്ച് ചിരിക്കും. എങ്കിലും ഊഞ്ഞാലിൽ നിന്നിറങ്ങുമ്പോള്‍ എല്ലാവരുടെയും അഭിമാനം ആകാശം മുട്ടും. ആകാശമപ്പോള്‍ മുഖം വീര്‍പ്പിച്ചിരിക്കും. അവസാനം ആരവങ്ങള്‍ക്കിടയിലേക്ക് അത് കയറു പൊട്ടിച്ചിറങ്ങുന്നു. അതാണ് കുപ്പയിലും നെല്ലു വിളയുന്ന കുംഭമഴ.

സങ്കടമഴകൾക്ക്‌ പലപ്പോഴും സ്ഥലകാലബോധവും ഉണ്ടാവാറില്ല.

ഒരു പണീം തൊരോം ഇല്ലാതെ ഇരിക്കുമ്പോൾ ആരിൽ നിന്നെങ്കിലും കാലണ കടം വാങ്ങി ഇത്തിരി കരുപ്പെട്ടിയും ചായപ്പൊടിയുമായി കാറ്റും കോളും പോലെ കയറിവരുമ്പോഴായിരിക്കും അടുപ്പിൽ തീ പൂട്ടാൻ ഒരു ഓലക്കൊടിപോലും ഇല്ലെന്നറിയുന്ന സങ്കടം പെയ്തിറങ്ങുന്നത്.
കുടൽ കത്തിക്കരിയുന്ന കുട്ടികളെല്ലാം   തോരാമഴയിലേക്ക്‌ തോണികൾ ഒഴുക്കിക്കൊണ്ടിരിക്കും.. അടക്കിപ്പിടിച്ച ഓരോ നെടുവീർപ്പുകൾക്കും ആകാശം മാത്രം സാക്ഷി. 

മഴക്കാറുകൾ മരിക്കാറില്ലെങ്കിലും മഴയ്ക്കും ചിലപ്പോഴൊക്കെ പനിക്കും. അറിഞ്ഞു വരുമ്പോഴും അത് പറഞ്ഞു പരത്തുമ്പോഴും ഉള്ളതിനെയെല്ലാം ഊതിപ്പറപ്പിക്കാൻ ഒരു കുഞ്ഞികൃഷ്ണൻ വൈദ്യർ ഓടിയെത്തും. തിരിഞ്ഞു കുത്തുന്നവയെ മൂപ്പര് മന്ത്രനൂലിൽ ജപിച്ചു കെട്ടും. എന്നിട്ടും കയറ് പൊട്ടിക്കുന്നവയെ അപ്പുക്കുറുപ്പും യാഹുവൈദ്യരുമെല്ലാം കുറെ കൊമ്പഞ്ചാതി ഗുളികകൾ കൊണ്ട് പിടിച്ചു കെട്ടും.

അറബി മഴകൾ.

വൃത്തവും വ്യാകരണവുമൊക്കെ ഉണ്ടെങ്കിലും മലയാളികൾക്ക് അത്ര മധുരമൊന്നും തോന്നാറില്ല പൂക്കളും മരങ്ങളും പുഴകളും വയലുകളും ഇല്ലാത്ത അറബി മഴകൾക്കൊന്നും.

ആളനക്കമില്ലാത്ത ഒമാൻ പർവ്വത നിരകളിലെ അയമോദകക്കാടുകളിലും ആടും ഒട്ടകവും മേയുന്ന ബദൂവിയൻ ഗ്രാമങ്ങളിലും കലിയോടെ പെയ്യുന്ന വേനൽമഴകൾ എത്രയോ വട്ടം എന്റെ വഴിമുടക്കി വന്നിട്ടുണ്ട്. മരുഭൂമിയിൽ പെയ്യുന്ന ഏത് പേമാരിയേയും മടിയൊന്നും കൂടാതെ വരവേൽക്കുന്ന നഗരങ്ങളെയും നാട്ടുകാരായ അറബികളേയും ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.

കാൽ നൂറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിനിടയിൽ എന്നെ ഏറ്റവും രസിപ്പിച്ചിരുന്നത് ഖാലിദിന്റെ മഴയായിരുന്നു.

ബദുക്കളായ എല്ലാ അറബികളുടേയും പ്രതിനിധിയായിരുന്നു ഖാലിദ് എന്ന ഒമാനി സുഹൃത്ത്. എല്ലാവരേയും ആത്മാർത്ഥമായി സ്നേഹിക്കുന്ന നിഷ്ക്കളങ്കനായ ചെറുപ്പക്കാരൻ. പാരമ്പര്യമായുണ്ടായിരുന്ന മരുഭൂമിയുടെ ഉടമാവകാശം നഷ്ടപ്പെടുത്തിയ ഭരണത്തോടുള്ള അമർഷം മനസ്സിൽ താഴിട്ടു പൂട്ടിയ ഒരു നാട്ടറബി.

അൽ കദറ എന്ന തീരദേശ ഗ്രാമത്തിൽ നിന്നും റുസ്താക്ക് എന്ന മലയോര പട്ടണത്തിലേക്കുള്ള ഞങ്ങളുടെ തൊഴിൽ യാത്രകളിൽ പലപ്പോഴും അതിവിശാലമായ മരുഭൂമിയിൽ പൊടുന്നനെ ഒരു പൊടിക്കാറ്റ് വീശും. അതിന്റെ പിറകിൽ ആലിപ്പഴ വർഷത്തോടെ പെരുമഴയും തുടങ്ങും. അന്നേരം ഖാലിദ് വാഹനം നിർത്തി മരുഭൂമിയിലേക്ക് കുതിക്കും. അയാൾ ഉച്ചത്തിൽ പാടും. ഒറ്റക്കാലിൽ നൃത്തം വച്ച് എന്നെയും മാടി വിളിക്കും. ഞാൻ മഴയെ പേടിച്ച് വണ്ടിയുടെ ഗ്ലാസ്സ് ഒന്നുകൂടി ഉയർത്തും. ആ നൃത്തത്തിന്റെ അവസാനം അയാൾ സങ്കൽപ്പത്തിൽ നിന്നും ഒരു യന്ത്രത്തോക്ക്‌ കൈയിലെടുത്ത് ആകാശത്തേക്ക് തുരുതുരാ നിറയൊഴിക്കും. ഖാലിദിന്റെ മഴയാവട്ടെ ധീരനായ എതിരാളിയേപ്പോലെ വാശിയോടെ പൊരുതി മുന്നേറും.  തോറ്റു തൊപ്പിയിട്ട ഖാലിദ് നനഞ്ഞുകുളിച്ച്  മനസ്സില്ലാമനസ്സോടെ തിരിച്ചു വരും.

നല്ലവരായ ബദുക്കളേപ്പോലെ മനുഷ്യരെയെല്ലാം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഖാലിദിന് മഴയോടൊരിക്കലും വിരോധം തോന്നാൻ വഴിയില്ല. മനുഷ്യനിർമ്മിതമായ നിയമവ്യവസ്ഥിതിയെ മാത്രമാണ്‌ അയാൾ വെറുക്കുന്നതും ഭയക്കുന്നതും.

എന്നെ ഏറ്റവും അധികം പേടിപ്പിച്ച മഴയും അതുപോലെത്തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച മഴയും ഒമാനിലെ പ്രവാസ ജീവിതത്തിൽ തന്നെയാണ് സംഭവിച്ചത്.

ഗോനു എന്ന പേരിൽ ഒമാനിൽ വീശിയടിച്ച ചുഴലിക്കാറ്റിനോടൊപ്പം ഒരാഴ്ച്ച പെയ്ത പെരുമഴയാണ് ഒമാനികളെപ്പോലെ എല്ലാ പ്രവാസികളേയും ഭയത്തിന്റെ മുൾമുനയിൽ ദിവസങ്ങളോളം പാർപ്പിച്ചത്. മഴയൊഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് പുറംലോകത്തിന്‌ വിശ്വസിക്കുവാൻ പോലും കഴിയാത്ത വിധം തകർന്നടിഞ്ഞ ഒമാന്റെ ദുരന്തമുഖങ്ങൾ നേരിട്ടുകാണുന്നത്. ഖാലിദിനെപ്പോലുള്ളവർ എത്ര വിമർശിച്ചാലും പൂവിട്ടു പൂജിക്കേണ്ട ഒരു ഭരണകർത്താവിന്റെ ആത്മാർത്ഥതയും പ്രതിബദ്ധതയും നിറഞ്ഞ ഭരണനൈപുണ്യം ലോകം മുഴുവൻ പ്രശംസിക്കപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്

ചിരിയുടെ തേൻമഴകൾ..

ഒരിക്കൽ ജബലിൽ തുടർച്ചയായി പെയ്ത പെരുമഴയുടെ ഫലമായി സൊഹാർ  മസ്‌ക്കറ്റ് ദേശീയപാതയുടെ മിക്കഭാഗങ്ങളും വാദിയെന്ന്‌ വിളിക്കുന്ന മലവെള്ളപ്പാച്ചിലിൽ വെള്ളത്തിനടിയിലായി. നാലുവരിപ്പാതയിൽ വെള്ളം ഇറങ്ങിയിട്ടും സൈഡ് റോഡുകൾ ദിവസങ്ങളോളം മുട്ടോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. അതിന്റെ ഇരു വശങ്ങളിലും നഗരസഭ നട്ടുവളർത്തുന്ന തണൽ മരങ്ങൾ അരക്കൊപ്പം വെള്ളത്തിലാണ് നിന്നിരുന്നത്. ഹൈവേയിൽ മലവെള്ളപ്പാച്ചിലിൽ വന്നടിഞ്ഞ ചളിയും മറ്റും കെട്ടിക്കിടന്നിരുന്നതിനാൽ വാഹനങ്ങളെല്ലാം അരിച്ചരിച്ചാണ് കടന്നു പോയിരുന്നത്. ആ യാത്രയിൽ എന്തോ ആലോചനയിൽപ്പെട്ട എന്നെ ഖാലിദ് തട്ടിയുണർത്തി:

ശുഫ്..ശുഫ്.. മുഹമ്മദ്.. നോക്ക്..

എന്താണെന്ന് അറിയാനായി ഞാൻ ഖാലിദ് ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് നോക്കി.

മുനിസിപ്പാലിറ്റിയുടെ വലിയൊരു വാട്ടർ ടാങ്കർ റോഡിലെ വെള്ളത്തിൽ നിർത്തിയിട്ടുണ്ട്. ഒരു ബലദിയ ജീവനക്കാരൻ ചെറിയൊരു ഹോസ് തുറന്ന് മരച്ചുവടുകൾ ലക്ഷ്യം വച്ച് പുഴപോലെ പരന്നുകിടക്കുന്ന വെള്ളത്തിലേക്ക് വെള്ളം ചീറ്റിക്കൊണ്ടിരിക്കുന്ന അത്യപൂർവ്വമായ കാഴ്ചയാണ് ഞാൻ കാണുന്നത്. വിശ്വസിക്കാനാവാതെ വീണ്ടും വീണ്ടും നോക്കി.തൊഴിലിനോടുള്ള തന്റെ ആത്മാർത്ഥത തന്റെ മേലധികാരികളെ ബോധ്യപ്പെടുത്തുവാനാണോ അയാൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്! ഖാലിദ് വണ്ടിയൊതുക്കി സ്റ്റിയറിംഗിൽ അടിച്ചു ചിരിച്ചു കുഴഞ്ഞു.

ഹാദ ഹിമാർ.. ഹിന്ദി.. ഇന്ക്കിന് മൽബാറി..
ആ കഴുത ഇന്ത്യക്കാരനാണ്.. ചിലപ്പോൾ മലയാളിയായിരിക്കും!

എനിക്കറിയാം ഒരു ഹിന്ദിയും മലയാളിയും ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല. ഖാലിദ് എന്നെ മന:പൂർവ്വം കളിയാക്കുകയാണ്.

ഞങ്ങൾ ഏറെ ദൂരം പിന്നിട്ടിട്ടും ഒരു നൂറു മൈലെങ്കിലും സ്പീഡിൽ ഖാലിദ് ചിരിച്ചുകൊണ്ടിരുന്നു. ഒടുവിൽ ചിരി നിന്നപ്പോൾ  ഗൗരവത്തിൽ അയാൾ പറഞ്ഞു:

അന അറഫ്.. ഹാദ ഒമാനി.. ശുഫ് ഹാദ.. അസ്സൽ ബദു..
എനിക്കറിയാം..അത് ഒരു ഒമാനി തന്നെയാണെന്ന്..നോക്ക് അവനാണ് ശരിക്കും ബദു..!

ഖാലിദ് വീണ്ടും എന്നെ ചിരിപ്പിക്കാൻ നോക്കുന്നു. ഞാൻ ചിന്തിക്കുന്നു.

മഴയുടെ ഋതുഭേദങ്ങൾ..

ഭൂമിയുടെ നിലനിൽപ്പ് തന്നെ ഒരു പിടി മനുഷ്യരുടെ വിരൽതുമ്പുകളിൽ ചാഞ്ചാടി നിൽക്കെ പ്രകൃതിക്ക് മാത്രം ചിരസ്ഥായിയായൊരു ഭാവം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.

വർഷത്തിലൊരിക്കൽ വിരുന്നു വന്നിരുന്ന ഇടവപ്പാതിപോലും തുലാവർഷത്തിൽ ഇടിവെട്ടേറ്റ പോലെ നിന്ന് പുകയുന്നത് നാം കണ്ടു. നൂറ്റാണ്ടുകളിൽ ഒരിക്കൽ പോലും സംഭവിക്കുവാൻ വിദൂരസാധ്യതയുള്ള പ്രളയവും പേമാരിയും ഇന്ന് ഏതു വാതിലിലൂടെയും നുഴഞ്ഞു കയാറാമെന്ന ഭീതിയിൽ നാലു ചുമരുകൾക്കുള്ളിൽ നാം ജീവിതം അടച്ചു പൂട്ടിയിരിക്കുന്നു .

പുഴുവരിക്കുന്ന പുഴകളും കായലും, ഓടകളായി മാറിയ തോടും പാടങ്ങളും, മാലിന്യക്കൂമ്പാരങ്ങൾ ചീഞ്ഞുനാറുന്ന നാടും നഗരവും മാത്രമുള്ള ഈ മലയാളക്കരയിലേക്കാണോ മഴ പ്രണയത്തിന്റെ മാസ്മരീകഭാവങ്ങളോടെ വലതുകാൽ വെച്ചു കടന്നു വരേണ്ടത്?

മാലിന്യങ്ങൾക്ക് മീതെ കുറെ പട്ടുപരവതാനികൾ വിരിച്ച് തോരണങ്ങൾ കൊണ്ടലങ്കരിച്ച ഒരു നാലുനിലപ്പന്തലിൽ ഇരുന്ന് കവിത വായിച്ചതുകൊണ്ടു മാത്രം മഴ മണ്ണിനോ കണ്ണിനോ ഒരു ഉത്സവമായി മാറുകയില്ല. മാലിന്യം ഇല്ലാത്ത മണ്ണിൽ കാൽ ചവുട്ടി നിൽക്കാനായാൽ മാത്രമേ അത് മനസ്സ് നിറയുന്ന ഒരു കാഴ്ച്ചയായി മാറൂ. ഉത്സവമായിത്തീരൂ. മണ്ണും മരങ്ങളും ചെടികളും പൂക്കളും മലകളും പുഴകളും ഒക്കെയില്ലാത്ത ഒരു ഭൂമിയിലേക്ക് മഴക്ക് എങ്ങിനെയാണ് മന:സംതൃപ്തിയോടെ പെയ്തിറങ്ങാനാവുക?

കാലങ്ങളായി മനുഷ്യർ കവർന്നെടുത്ത കല്ലും മണ്ണും മണലും മരങ്ങളുമൊന്നും തിരിച്ചുകൊടുക്കാൻ സാധ്യമല്ലെങ്കിലും മലിനമാക്കിയ മണ്ണിനും കവർന്നെടുത്ത കാടുകൾക്കും  പുഴുവരിക്കുന്ന പുഴകൾക്കും ഇനിയെങ്കിലും മനുഷ്യസാധ്യമായ വിധത്തിൽ ഒരു പുനർജ്ജന്മം നൽകിയേ മതിയാവൂ..

അതുകൊണ്ട് മണ്ണിനെ മാലിന്യമുക്തമാക്കാൻ ജീവിതം സമർപ്പിക്കുന്നുവെന്ന ദൃഢപ്രതിജ്ഞയോടെ മണ്ണിലേക്ക് മടങ്ങണം. അതിന് മനസ്സിൽ നിന്നു തന്നെ തുടങ്ങണം.

Post a Comment

0 Comments